X

മനോജിന് നീതി കാംക്ഷിക്കുന്ന ഓരോരുത്തരുടെയും പിന്തുണ ആവശ്യമുണ്ട്

ഈ വംശീയ ആക്രമണവും മാനസീക പീഡനവും കാരണം ഞാൻ ആത്മഹത്യായുടെ വക്കിലാണ്. മുന്നാറിലെ സാധാരണ തോട്ടം തൊഴിലാളികളായ എന്റെ അച്ഛനും അമ്മയും എന്നെ പീഡിപ്പിക്കുന്നത് കണ്ട് മാനസീകമായി തകർന്നിരിക്കുകയാണ്. പല പ്രാവശ്യം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും എനിക്ക് ഒരു രീതിയിലും പരിചയമില്ലാത്ത മാവോയിസ്റ് നേതാക്കളുടെ പേരും പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്.

ടാറ്റയും രാഷ്ട്രീയ പാര്‍ട്ടികളും പോലീസും ബ്യൂറോക്രസിയും ചേര്‍ന്നുള്ള സമാന്തരഭരണകൂടം ഭരിക്കുന്ന മുന്നാറിൽ ഒരു മനുഷ്യൻ നീതിക്കു വേണ്ടി പോരാടുന്നുണ്ട്. മനോജ് ജയിംസിന് പറയാനുള്ളത് പരിസ്ഥിതി പ്രവർത്തകനും, ആക്ടിവിസ്റ്റുമായ സന്തോഷ് കുമാറിന്റെ ഫെയ്സ്ബൂക് കുറിപ്പിലൂടെ….

മനോജ്‌ പെമ്പിള്ളൈ ഒരുമൈ സമരത്തെ പിന്തുണക്കുകയും, സമരത്തിന്‍റെ ഭാഗമാകുകയും ചെയ്ത വ്യക്തിയാണ്. സുഹൃത്തുക്കളായി മാറുന്നതും അങ്ങനെയാണ്. പെമ്പിള്ളൈ ഒരുമൈ ബോണസ് വര്‍ദ്ധനവ് ആവശ്യപ്പെട്ട സമരത്തിന്‍റെ ആദ്യഘട്ട ചര്‍ച്ചയ്ക്ക് പോകുമ്പോള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം തൊഴിലാളികളെ പ്രതിനിധീകരിച്ച് സംസാരിച്ചതും മനോജ്‌ ആയിരുന്നു.

ആദ്യഘട്ടത്തില്‍ തന്ത്രപൂര്‍വ്വം സമരക്കാര്‍ക്കൊപ്പം നിന്ന പോലീസ്, രണ്ടാം ഘട്ടത്തില്‍, പെമ്പിള്ളൈ “ഒരുമൈ ഓരോ തോഴിലാളി കുടുംബത്തിനും ഒരേക്കര്‍ ഭൂമി” നല്‍കണമെന്നും അതിനായി ടാറ്റ – ഹാരിസണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ നിയമവിരുദ്ധമായും അനധികൃതമായും കൈയ്യടക്കി വെച്ചിരിക്കുന്ന തോട്ടംഭൂമി ഏറ്റെടുക്കണമെന്നും അതിനായി രാജമാണിക്യം റിപ്പോർട്ട് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടതോട് കൂടി പോലീസ് തനി സ്വഭാവം പുറത്തെടുത്തു. ഭൂമി ആവശ്യപ്പെട്ടു കൊണ്ട് മൂന്നാര്‍ ടൗണില്‍ നടത്താനിരുന്ന കണ്‍വെൻഷന് പോലീസ് അനുമതി നിഷേധിച്ചു. പെമ്പിള്ളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഭീഷണിപ്പെടുത്തി. ഭൂസമരത്തിനു നേതൃത്വം നല്‍കിയ ജി ഗോമതിക്കെതിരെ പതിനേഴ് കള്ളക്കേസുകള്‍ ചുമത്തി. ഇതിന്റെ തുടര്‍ച്ചയിലാണ് മനോജിനെതിരെ വ്യാജകേസുകള്‍ ചുമത്തുന്നതും 2017 ജൂലൈ 12 നു മാവോയിസ്റ്റ് ബന്ധം ആരോപിച്ചുകൊണ്ട് അറസ്റ്റ് ചെയ്യുന്നതും. മനോജിന്‍റെ വീട്ടല്‍ മാവോയിസ്റ്റുകള്‍ വന്നു താമസിക്കുന്നുവെന്നും യോഗങ്ങള്‍ കൂടുന്നുവെന്നുമാണ് പോലീസ് പറയുന്നത്. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അല്ലാതെ ഒരു തെളിവും സമര്‍പ്പിക്കുവാന്‍ പോലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. എന്ന് മാത്രമല്ല, അവിടെ പോയി താമസിക്കുന്ന ഏക വ്യക്തി ഞാനുമാണ്.

ഭൂമി ആവശ്യപ്പെട്ടുകൊണ്ടുള്ള, കൂലിയും ബോണസും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തെ ഏത് വിധവും തടയുക എന്നതാണ് പോലീസിന്റെയും ഭരണകൂടത്തിന്റെയും ലക്‌ഷ്യം. അതിനാണ് ജി ഗോമതി, മനോജ്‌ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്നതും പോലീസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതും മാനസികമായി പീഡിപ്പിക്കുന്നതും.

മൂന്നാറില്‍ ജി ഗോമതിയ്ക്ക് വീട് വാടകയ്ക്ക് നല്‍കുന്നതിനെ പോലീസും ട്രേഡ് യൂണിയനും ചേര്‍ന്ന് തടയുകയാണ്. അവർക്ക് സാമൂഹികമായ ബഹിഷ്ക്കരണമാണ് രാഷ്ട്രീയ പാർട്ടികളും പോലീസും ട്രേഡ് യൂണിയനുകളും കമ്പനിയും ചേർന്ന് നടപ്പിലാക്കുന്നത്. ആനച്ചാലും, പള്ളിവാസലും വരെ വീട് വാടകയ്ക്ക് അന്വേഷിച്ചിട്ട് ലഭിക്കുന്നില്ല. മൂന്നാറിനു പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ജി ഗോമതിയ്ക്ക് വീട് വാടകയ്ക്ക് ലഭിക്കാത്ത അവസ്ഥയാണ് ഇന്നു ഉള്ളത്.

ആഗസ്റ്റില്‍ വീണ്ടും ടാറ്റ ബോണസ് പ്രഖ്യാപനം നടത്തും. അറിഞ്ഞിടത്തോളം പഴയ പത്തുശതമാനം ബോണസ് തന്നെയായിരിക്കും ഈ പ്രാവശ്യവും പ്രഖ്യാപിക്കുന്നത്. പെമ്പിള്ളൈ ഒരുമൈ സമരത്തിനു ശേഷം ഒരു പ്രാവശ്യം മാത്രമാണ് ഇരുപത് ശതമാനം ബോണസ് നല്‍കിയത്. ഇതിനെതിരെ പെമ്പിള്ളൈ ഒരുമൈ ഉയര്‍ത്താന്‍ സാധ്യതയുള്ള വിമതശബ്ദങ്ങളെ തടയിടുക എന്ന ലക്ഷ്യവും പോലീസിനുണ്ട്. കാരണം ടാറ്റയും രാഷ്ട്രീയ പാര്‍ട്ടികളും പോലീസും ബ്യൂറോക്രസിയും ചേര്‍ന്നുള്ള സമാന്തര ഭരണകൂടമാണ് മൂന്നാറില്‍ ഭരിക്കുന്നത്.

മനോജ്‌ ജെയിംസ് എഴുതുന്നു……..
“എല്ലാവര്ക്കും നമസ്കാരം. കേരളത്തിൽ ജീവിക്കുകയും പക്ഷെ തമിഴ് ഭാഷ സംസാരിക്കുകയും ചെയ്യുന്ന ഭാരതീയനാണ് ഞാൻ. എന്റെ അച്ഛനും അമ്മയും മൂന്നാർ തേയില തോട്ടത്തിലെ തൊഴിലാളികളാണ്. വീട്ടിലെ സാമ്പത്തിക പ്രശ്‍നം കാരണം സ്വന്തമായി അധ്വാനിച്ചു എഞ്ചിനീയറിംഗ് പഠിച്ചു. 2013 മാർച്ച് 22 – ആം തിയതി മുതൽ മുന്നാറിലെ തേയില തോട്ടത്തിലെ ഓഫീസിൽ സ്റ്റാഫ് ആയി ജോലി ചെയ്തു. 2015-ൽ നടന്ന പെമ്പിള്ളൈ ഒരുമൈ സമരത്തിൽ സഹകരിക്കുകയും തേയില കമ്പനിയുടെ തൊഴിലാളി വിരുദ്ധമായ സമീപനം തുറന്നു കാണിക്കുവാൻ ഞാൻ തൊഴിലാളുകളെ സഹായിക്കുകയും ചെയ്ത്. അതിന്റെ പ്രതിഫലമായി എനിക്കു എന്റെ ജോലി നഷ്ടപ്പെട്ട്.

അതിന് ശേഷം കൂലി കൂട്ടുന്നതിനുള്ള സമരത്തിലും ഞാൻ പങ്കാളിയായി. ആ സമരം വിജയിക്കുകയും ചെയ്തു. ആ സമരത്തിന് ശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുകയും 8748 ഓട്ട് നേടുകയും ചെയ്തു. അതിനു ശേഷം സിവിൽ സർവീസ് പരീക്ഷക്ക് പഠിക്കുന്ന കാലഘട്ടത്തിൽ 2017 ജൂലൈ 12 -ആം തീയതി എന്നെ പോലീസ് സ്റ്റേഷൻ വരാൻ പറയുകയും മാവോയിസ്റ്കളുമായി എനിക്ക് ബന്ധം ഉണ്ടെന്നു ആരോപിച്ചു എന്നെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയും ചെയ്തു. പക്ഷെ ഞാൻ നിരപരാധി ആയതു കൊണ്ട് എന്നെ കോടതി വെറുതെ വിട്ടു. അതിനു ശേഷം പല പ്രാവശ്യം എന്നെ പല ദിവസങ്ങളിലും പകലും രാത്രിയും നോക്കാതെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയുണ്ടായി. എന്നെ വളെരെയധികം മാനസീകമായി പീഡിപ്പിച്ചു.

ഈ മനസീക പീഡനത്തിന്റെ തുടർച്ചയെന്ന വിധത്തിൽ കഴിഞ്ഞ ദിവസം ശാന്തമ്പാറ പോലീസ് സ്റ്റേഷനിൽ പെരിയകനാൽ എസ്റ്റേറ്റ് മാനേജറിന്റെ പേരിൽ എനിക്കെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. ആ മാനേജറയുമായി ഞാൻ തർക്കത്തിൽ ഏർപ്പെടുകയും വഴക്കുണ്ടാക്കി എന്നുമാണ് കേസ്. പക്ഷെ അങ്ങനെ ഉണ്ടായി എന്ന് പറയപ്പെടുന്ന ദിവസം ഞാൻ മുന്നാറിലെ ഇല്ലായിരുന്നു. ആദ്യം എന്റെ ഒരു സുഹൃത്തിന്റെ പേരാണ് ആ മാനേജർ പറഞ്ഞത്. പിന്നീട് ‘ആരോ’ ഇടപെട്ടു എന്റെ പേര് അതിൽ കൂട്ടി ചേർക്കുകയായിരുന്നു. എന്നെ മാനസികമായി പീഡിപ്പിച്ചു നാട് കടത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയസ്വാധീനമുള്ള മുന്നാറിലെ കോർപ്പറേറ്റ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം കഴിഞ്ഞ ദിവസം എനിക്ക് ബോധ്യപെട്ടു. എന്റെ പേരിൽ കൊടുക്കപെട്ട മൂന്നാമത്തെ കള്ളക്കേസാണിത്. ഈ കേസിൽ എനിക്ക് ജാമ്യം ലഭിച്ചു.

ഈ വംശീയ ആക്രമണവും മാനസീക പീഡനവും കാരണം ഞാൻ ആത്മഹത്യായുടെ വക്കിലാണ്. മുന്നാറിലെ സാധാരണ തോട്ടം തൊഴിലാളികളായ എന്റെ അച്ഛനും അമ്മയും എന്നെ പീഡിപ്പിക്കുന്നത് കണ്ട് മാനസീകമായി തകർന്നിരിക്കുകയാണ്. പല പ്രാവശ്യം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും എനിക്ക് ഒരു രീതിയിലും പരിചയമില്ലാത്ത മാവോയിസ്റ് നേതാക്കളുടെ പേരും പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്.

പെമ്പിള്ളൈ ഒരുമൈ സമരത്തിന്റെ തുടർച്ചയായി ടാറ്റാ അനധികൃതമായി കൈവശംവച്ചിട്ടുള്ള ഭൂമി സർക്കാർ തിരിച്ചു പിടിച്ച് തോട്ടം തൊഴിലാളികൾക്കും ഭൂരഹിതരായ മറ്റു പിന്നോക്കകാർക്കും വിതരണത്തെ ചെയ്യണമെന്ന് പറഞ്ഞു സഖാവ് ഗോമതിയുടെ സമരത്തിനെ ഞാൻ പിന്തുണച്ചുതും ശേഷമാണ് എന്നെ കൂടുതലും പോലീസ് പീഡിപ്പിക്കാൻ തുടങ്ങിയത്. ഞാൻ മൂന്നാർ സർക്കിൾ ഇൻസ്പെക്ടറിനും സബ് ഇൻസ്പെക്ടറിനും വിവരാവകാശ നിയമ പ്രകാരം എന്നെ അറസ്റ്റ് ചെയ്തതിനും എന്റെ വീട്ടിൽ സെർച്ച് വാറന്റ് ഇല്ലാതെ പരിശോധന നടത്തിയതിനും കാരണം അന്വേഷിച്ചപ്പോൾ കേരള പോലീസ് ആക്ട് 37 പ്രകാരം എന്നോട് അത് പറയാൻ കഴിയില്ല എന്നാണ് അവർ പറഞ്ഞത്. എന്ന് വച്ചാൽ ശരിയായ ഒരു ഉത്തരവും പോലീസിനില്ല. ശരിക്കും പറഞ്ഞാൽ മൂന്നാറിലെ തൊഴിലാളികളുടെ സമരം പിന്തുണച്ചതിനും അവരോടൊപ്പം പ്രവർത്തിച്ചതിനും എന്നെ മാനസീകമായി പീഡിപ്പിച്ചു ആത്മഹത്യാ ചെയ്യിക്കുവാൻ പോലീസിന്റെ സഹായത്തോടു കൂടെ ഇവിടത്തെ കമ്പനി ശ്രമിച്ചു കൊണ്ടിരിക്കയാണ്.

This post was last modified on August 3, 2018 7:18 pm