X

‘മൈക്ക് കൊണ്ട് കുത്തലല്ല’ മാധ്യമ പ്രവര്‍ത്തനം; ദുഷ്ടാന്തങ്ങളുമായി പിണറായി

എന്നാപ്പിന്നെ റിഫ്രഷ്മെന്‍റ് കോഴ്സിന് റെഡിയല്ലേ?

സമീപകാലത്ത് മാധ്യമങ്ങള്‍ കൊണ്ടാടിയ രണ്ട് പിണറായി ആക്രോശങ്ങളാണ് ‘കടക്ക് പുറത്ത്’, ‘ഹേ മാറി നിക്ക്’ എന്നിവ. പൊതുവേ മാധ്യമ വിരോധി എന്ന പ്രതിച്ഛായയുള്ള പിണറായിയെ കൊന്നു കൊലവിളിക്കാന്‍ ഇത്ര തന്നെ ധാരാളം.

തിരുവനന്തപുരം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന സിപിഎം-ബിജെപി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ മസ്കറ്റ് ഹോട്ടലില്‍ എത്തിയ മാധ്യമങ്ങളെയാണ് ‘കടക്ക് പുറത്ത്’ എന്ന കുപ്രസിദ്ധ പ്രയോഗത്തിലൂടെ പിണറായി പുറത്താക്കിയത്. കഴിഞ്ഞ ദിവസം തോമസ് ചാണ്ടി രാജിവെച്ചതിന് പിന്നാലെ എറണാകുളം ലെനിന്‍ സെന്‍ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് രണ്ടാമത്തെ പ്രയോഗം ഉണ്ടായത്. രണ്ടിനും കൃത്യമായ ന്യായീകരണങ്ങളും മുഖ്യമന്ത്രിയും അദ്ദേഹത്തോട് ബന്ധപ്പെട്ടവരും നല്‍കുകയുണ്ടായി.

എന്നാല്‍ ഇന്ന് ഹണിട്രാപ് കേസ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത മാധ്യമ സമ്മേളനത്തില്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ സംയമനം പാലിക്കണം എന്നു അദ്ദേഹം ഉപദേശിക്കുകയുണ്ടായി.

നാല് ഉദാഹരണങ്ങളാണ് അദ്ദേഹം നിരത്തിയത്.

ആദ്യത്തേത് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി പ്രതികരണം വാങ്ങിക്കാന്‍ ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വളരെ പണിപ്പെട്ടാണ് ജസ്റ്റിസ് ശിവരാജനെ മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും ‘രക്ഷപ്പെടുത്തിയത്’.

പത്രക്കാരുടെ സ്ഥിതി ഇത്ര ദയനീയമാണെന്ന് അറിഞ്ഞില്ല; ‘കടക്കൂ പുറത്ത്’ പോസ്റ്റിന് മറുപടിയുമായി അശോകന്‍ ചരുവില്‍

രണ്ടാമത്തേത് തന്റെ തന്നെ അനുഭവം അദ്ദേഹം വിശദീകരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ചെന്നയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവമാണ് അദ്ദേഹം പറഞ്ഞത്. അവിടെയൊന്നും ഇടിച്ചു കയറി പ്രതികരണം വാങ്ങിച്ചെടുക്കുന്ന പരിപാടിയില്ല. നിയമസഭയില്‍ ആയാലും വിമാനത്താവളത്തില്‍ ആയാലും മാധ്യമങ്ങള്‍ ഒരരുകില്‍ നീങ്ങി നില്‍ക്കുകയും പ്രതികരിക്കേണ്ടവര്‍ അങ്ങോട്ട് ചെന്നു സംസാരിക്കുകയും ചെയ്യുയായാണ് പതിവ്.

മൂന്നാമത്തെ സംഭവം ലെനിന്‍ സെന്‍ററില്‍ നടന്ന കാര്യമാണ്. താന്‍ മാറി നില്‍ക്ക് എന്നു പറയേണ്ട സാഹചര്യം ഉണ്ടായത് മൈക്ക് കൊണ്ട് തന്നെ കുത്തിയതിനെ തുടര്‍ന്നാണ്.

‘ഹേ.. മാറിനില്‍ക്ക്’: മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ കലിപ്പ് തീരുന്നില്ല

നാലാമത്തെത് ആശുപത്രികളില്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട മര്യാദയെ കുറിച്ചുള്ളതാണ്. വി ഐ പികളും മാറ്റും ആശുപത്രിയില്‍ വരുമ്പോള്‍ അകത്തേക്ക് ഇടിച്ചുകയറി റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയല്ല. അത് വലിയ ബുദ്ധിമുട്ടാണ് രോഗികള്‍ക്കും മറ്റും ഉണ്ടാക്കുന്നത്.

ചുരുക്കത്തില്‍ മലയാള മാധ്യമങ്ങള്‍ സംയമനം പാലിക്കേണ്ടതുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞുവെക്കാന്‍ ശ്രമിക്കുന്നത്.

ഇതിനിടെ പത്രസമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ തങ്ങളുടെ ഭാഗത്ത് നിന്നുള്ള ഈ പ്രശ്നങ്ങളെ സ്വയം വിമര്‍ശനത്തോടെ ഉള്‍ക്കൊണ്ട് കൂടിയാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്‍പില്‍ മാധ്യമങ്ങള്‍ തടയപ്പെട്ട സംഭവത്തെ കുറിച്ചു മുഖ്യമന്ത്രിയോട് ചോദിച്ചത്.

മംഗളം ചാനല്‍ നടത്തിയ തല തിരിഞ്ഞ മാധ്യമപ്രവര്‍ത്തനത്തിന് പി എസ് ആന്റണി കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പ്രതിവിധി റിഫ്രെഷ്മെന്‍റ് കോഴ്സാണ്.

എന്നാപ്പിന്നെ കോഴ്സിന് റെഡിയല്ലേ…?

ഹണി ട്രാപ്പും മാധ്യമ വിലക്കും തരുന്ന സൂചനകള്‍; പിണറായിക്കും മാധ്യമങ്ങള്‍ക്കും

This post was last modified on November 22, 2017 12:25 pm