X

യുവമോര്‍ച്ചാ പ്രസംഗം മാത്രമല്ല, ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും പിള്ളേച്ചന് പുലിവാലാകും

ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നല്ല ഒന്നാംതരം ക്രിമിനൽ അഭിഭാഷകനാണെന്നും കൂർമ്മ ബുദ്ധിക്കാരൻ ആണെന്നൊക്കെയാണ് വെപ്പ്. എന്നിട്ടും പിള്ളേച്ചൻ വല്ലാത്തൊരു പുലിവാല് പിടിച്ചിരിക്കുന്നു. ഇനിയിപ്പോൾ ബുദ്ധി കൂടിപ്പോയതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് ആർക്കറിയാം. അതിബുദ്ധിശാലിയായ പൊന്മാൻ പൊട്ടക്കിണറ്റിലേ മുട്ടയിടൂ എന്ന് പറഞ്ഞുകേട്ടിട്ടില്ലേ? എന്തായാലും ആ പഴയ മലയാള സിനിമയിലെ നായര് മാത്രമല്ല അതിബുദ്ധിമാനായ നമ്മുടെ പിള്ളേച്ചനും പുലിവാല് പിടിക്കുമെന്നു ബോധ്യമായിരിക്കുന്നു. വെറുതെ കയറിപ്പിടിച്ച പുലിവാല് ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ് പിള്ളേച്ചനിപ്പോൾ.

കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിൽ പിള്ളേച്ചൻ നടത്തിയ ഒരു പ്രസംഗമാണ് സത്യത്തിൽ അദ്ദേഹത്തിനിപ്പോൾ പുലിവാലായി മാറിയിരിക്കുന്നത്. ശബരിമല യുവതി പ്രവേശന തർക്കം ബി ജെ പിക്കു വീണുകിട്ടിയ സുവര്‍ണാവസരമാണെന്നും ബി ജെ പി സെറ്റ് ചെയ്ത അജണ്ടയിൽ ബാക്കിയെല്ലാവരും വീണിരിക്കുകയാണെന്നുമൊക്കെ തട്ടിവിട്ട കൂട്ടത്തിൽ ശബരിമല സന്നിധാനത്ത്‌ ഏതെങ്കിലുമൊരു യുവതി പ്രവേശിച്ചാൽ നടയടക്കുമെന്നു തന്ത്രി പ്രഖ്യാപിച്ചത് തന്റെ ഉപദേശം സ്വീകരിച്ചിട്ടാണെന്നു കൂടി പറഞ്ഞു കളഞ്ഞു. പ്രസംഗം വിവാദവും കേസുമൊക്കെയായതോടുകൂടിയാണ് താൻ പുലിവാലിലാണ് കയറിപ്പിടിച്ചതെന്നു പിള്ള വക്കീലിന് ബോധ്യം വന്നത്. താൻ പിള്ള വക്കീലിനെ വിളിച്ചിട്ടേയില്ലെന്നു തന്ത്രി പറഞ്ഞതോടെ പിള്ളേച്ചന്റെ കാര്യം കൂടുതൽ പരുങ്ങലിലുമായി. അതോടെ പിള്ളേച്ചൻ മലക്കം മറിഞ്ഞു. പ്രസ്തുത ദിവസം തന്നെ ഒട്ടേറെപ്പേർ വിളിച്ചിരുന്നുവെന്നും അക്കൂട്ടത്തിൽ തന്ത്രി ഉണ്ടായിരുന്നോയെന്നു ഉറപ്പില്ലെന്നുമായി പിള്ളേച്ചൻ. തന്നെ വിളിച്ചിട്ടില്ലെന്നു തന്ത്രി പറഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ വിശ്വസിക്കേണ്ടതുണ്ടെന്നും അതുകൊണ്ടു ആ അധ്യായം അവിടെ അവസാനിച്ചുവെന്നുമൊക്കെയായി പിള്ളേച്ചൻ.

പക്ഷെ ഇതുകൊണ്ടൊന്നും പുലിവാല് ഒഴിഞ്ഞുകിട്ടുന്ന ലക്ഷണമില്ല. താൻ വർഗീയ പ്രസംഗം നടത്തിയിട്ടില്ലെന്നും ആയതിനാൽ തനിക്കെതിരെ കോഴിക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്നെ തന്ത്രി വിളിച്ചിരുന്നുവെന്നു പിള്ളേച്ചൻ തന്നെ അവകാശപ്പെടുന്നതിനാൽ ഈ അസത്യ പ്രസ്താവന മറ്റൊരു പുലിവാലായേക്കുമെന്നാണ് ചില നിയമ പണ്ഡിതർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും പിള്ളേച്ചന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ടത്രേ. പിള്ളേച്ചൻ പിടിച്ച പുലിവാലിന്റെ സ്ഥിതി ഇനിയെന്താകുമെന്നു കോടതി തന്നെ പറയട്ടെ. അതുവരെ കാത്തിരിക്കാം.

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

ശബരിമലയില്‍ ദളിത് മേല്‍ശാന്തി വേണം; എസ്എന്‍ഡിപി ഇതിനായി പരിശ്രമിക്കും: വെള്ളാപ്പള്ളി നടേശന്‍

അയോധ്യയാകും ശബരിമല; സംഘപരിവാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരളമെന്ന ആശയം

ശബരിമല റിവ്യൂ ഹരജികൾ: ഇനിയും മനസ്സിലാകാത്തവർക്കായി 11 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

സുപ്രിംകോടതി വിധി അന്തിമമല്ലെന്ന് അഡ്വ. ശ്രീധരന്‍ പിള്ള

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on November 15, 2018 12:34 pm