X

ആ ഇരുപതിനായിരം വോട്ടുകള്‍ ചാലക്കുടിയില്‍ ബെന്നി ബഹനാന്റെ വിധിയെഴുതുമോ?

ഈ കണക്കൂകൂട്ടലുകളൊക്കെ നടത്തുമ്പോഴും ചാലക്കുടിയുടെ മനസ് എന്താണെന്ന് ഇപ്പോഴും തെളിച്ചൊന്നു പറയാന്‍ കഴിയാത്ത അവസ്ഥയാണ്

ട്വന്റി-ട്വന്റി എന്നു താന്‍ കേട്ടിട്ടുള്ളത് ക്രിക്കറ്റില്‍ മാത്രമാണെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നിടത്ത് ഏതെങ്കിലുമൊരു പഞ്ചായത്തിന്റെ രാഷ്ട്രീയമാണോ ചര്‍ച്ച ചെയ്യുന്നതെന്നുമുള്ള ബെന്നി ബഹനാന്റെ പരിഹാസം കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി-ട്വന്റി ജനകീയ മുന്നണിയെ വല്ലാതെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. പൊതുയോഗം വിളിച്ച് ട്വന്റി-ട്വന്റി കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എംഡിയുമായ സാബു എം ജേക്കബ് നടത്തിയ പരസ്യമായ വെല്ലുവിളി അതിന്റെ കാരണമാണ്. ഒരു പഞ്ചായത്തിനെ ആകെ അപമാനിച്ചെന്നാണ് സാബു എം ജേക്കബ് ബെന്നി ബഹനാന്റെ മേല്‍ ആരോപിക്കുന്ന കുറ്റം. അതിന്റ തിരച്ചടി തങ്ങള്‍ തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നും കിറ്റെക്‌സ് എംഡി പറയുമ്പോള്‍, നിലവില്‍ തന്നെ ഒരു ട്വന്റി-ട്വന്റി മാച്ചിന്റെ അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന ചാലക്കുടി മണ്ഡലം കൂടുതല്‍ ത്രില്ലിലേക്ക് പോവുകയാണ്.

ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, കുന്നത്തുനാട്, കയ്പ്പമംഗലം, ചാലക്കുടി,കൊടുങ്ങല്ലൂര്‍ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ചാലക്കുടിയില്‍ ട്വന്റി-ട്വന്റി ഒരു നിര്‍ണായകഘടകമായി മാറുന്നത് കിഴക്കമ്പലം പഞ്ചായത്തിലുള്ള 25,000 വോട്ടുകള്‍ കൊണ്ടാണ്. കിഴക്കമ്പലത്തെ എണ്‍പത് ശതമാനം വോട്ടുകള്‍ തങ്ങളുടെതാണെന്നാണ് ട്വന്റി-ട്വന്റിയുടെ അവകാശവാദം. ഏകദേശം 20,000 ത്തിന് അടുത്ത് വോട്ടുകള്‍. ആരെ ജയിപ്പിക്കണമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിറഞ്ഞു നില്‍ക്കുന്ന ചാലക്കുടി മണ്ഡലത്തെ സംബന്ധിച്ച് 20,000 വോട്ടുകള്‍ ഏറെ നിര്‍ണായകമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടൊന്നുമില്ലെങ്കിലും സാഹചര്യങ്ങള്‍ വച്ച് ഇന്നസെന്റിന് അനുകൂലമായി ഈ വോട്ടുകള്‍ പോകാമെന്നു കരുതാം. അതല്ലെങ്കില്‍ പണ്ട് കുന്നത്തുനാട് നിയമസഭ മണ്ഡലത്തില്‍ ടി എച്ച് മുസ്തഫയെ തോല്‍പ്പിക്കാന്‍ കിറ്റെക്‌സ് സ്ഥാപകന്‍ എം സി ജേക്കബ് കാണിച്ച തന്ത്രവും പയറ്റാം.

എന്നാല്‍, കിറ്റെക്‌സിന്റെയോ ട്വന്റി-ട്വന്റിയുടെയോ വെല്ലുവിളി വകവയ്ക്കുന്നില്ലെന്നു ബെന്നി ബഹനാനും കോണ്‍ഗ്രസുകാരും പറയുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയുമാണ്. പഞ്ചായത്ത് ഭരണം പിടിച്ചെങ്കിലും അന്നുണ്ടായിരുന്ന 24,000 ഓളം വോട്ടുകളില്‍ 12,000 വോട്ടുകള്‍ മാത്രമാണ് ട്വന്റി-ട്വന്റിക്ക് കിട്ടിയതെന്നും അത് അന്നത്തെ കണക്കാണെന്നും ഇപ്പോള്‍ നിരവധി പേര്‍ ട്വന്റി-ട്വന്റി വിട്ട് പോന്നിട്ടുള്ളതിനാല്‍ അവര്‍ പറയുന്നത്ര വോട്ടുകള്‍ അവരുടെ കൈകളില്‍ ഇല്ലെന്നും അതിനാല്‍ ഭയക്കാന്‍ തക്ക ഒന്നുമില്ലെന്നുമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ട്വന്റി-ട്വന്റിയുടെ ഭീഷണി കാര്യമായി തിരിച്ചടിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് തന്നെയാണ് പ്രതീക്ഷയെന്നാണ് യുഡിഎഫ് പറയുന്നത്. ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, കുന്നത്തുനാട് നിയമസഭ നിയോജകമണ്ഡലങ്ങളില്‍ വിജയിച്ചിരിക്കുന്നത് യുഡിഎഫ് ആണ്. കിഴക്കമ്പലത്ത് വോട്ട് പോയാല്‍ പോലും കുന്നത്തുനാട്ടില്‍ മാത്രമാണത് തിരിച്ചടിയാകുന്നതെന്നും ബാക്കി മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായാണ് ഇപ്പോഴുമുള്ളതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

അതേ സമയം ആലുവ ഒഴിച്ചുള്ള ബാക്കി രണ്ടിടവും(അങ്കമാലിയും പെരുമ്പാവൂരും) തങ്ങളുടെ കൈകകളില്‍ നിന്നും നഷ്ടമായതാണെന്നും നിയമസഭ മത്സരത്തിന്റെ സാഹചര്യം മാറിയെന്നും മണ്ഡലങ്ങള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്നു തന്നെയാണ് അവസാനഘട്ട സൂചനകളുമെന്നാണ് എല്‍ഡിഎഫ് പറയുന്നത്. കൂടാതെ, തൃശൂരിലുള്ള കയ്പ്പമംഗലവും ചാലക്കുടിയും കൊടുങ്ങല്ലൂരും നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിജയിപ്പിച്ച മണ്ഡലങ്ങളാണ്. ഈ മണ്ഡലങ്ങള്‍ ലോക്‌സഭ മത്സരത്തിലും തങ്ങള്‍ക്കൊപ്പം തന്നെ നില്‍ക്കുമെന്ന പ്രതീക്ഷ മുറുകെ പിടിച്ചിരിക്കുകയാണ് ഇടതുപക്ഷം. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ തന്റെ പിന്‍ഗാമിയേക്കാള്‍ വോട്ട് പിടിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കൊടുങ്ങല്ലൂര്‍, കയ്പ്പമംഗലം മണ്ഡലങ്ങളില്‍ ബിഡിജെഎസിനുള്ള സ്വാധീനമാണ് രാധാകൃഷ്ണനെ സഹായിക്കുക. ഈ മണ്ഡലങ്ങളില്‍ നിന്നും രാധാകൃഷ്ണന്‍ പിടിക്കുന്ന വോട്ടുകള്‍ മറ്റു രണ്ടു മുന്നണികളെയും തളര്‍ത്തും. അതേസമയം കഴിഞ്ഞ തവണ പന്ത്രണ്ടായിരത്തോളം വോട്ടുകള്‍ പിടിച്ച വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ കൊടുക്കുന്ന സാഹചര്യത്തില്‍ ആ വഴിയില്‍ ബന്നി ബഹനാന് ആശ്വസിക്കാന്‍ വകയുണ്ട്.

ഈ കണക്കൂകൂട്ടലുകളൊക്കെ നടത്തുമ്പോഴും ചാലക്കുടിയുടെ മനസ് എന്താണെന്ന് ഇപ്പോഴും തെളിച്ചൊന്നു പറയാന്‍ കഴിയാത്ത അവസ്ഥയാണ്. തുടക്കത്തില്‍ ഉണ്ടായിരുന്ന മേല്‍ക്കോയ്മയോ ആത്മവിശ്വാസമോ യുഡിഎഫിന് ഇപ്പോള്‍ ഇല്ലെന്നു പറയാം. പക്ഷേ, അത് ഫൈനല്‍ റിസള്‍ട്ടിനെ ബാധിക്കുന്ന തരത്തിലാണെന്നു പറയാനും കഴിയില്ല. അതേ സമയം ഇന്നസെന്റും എല്‍ഡിഎഫും തുടക്കത്തിലുണ്ടായിരുന്ന ആശങ്കകളും സംശയങ്ങളും പരിഹരിച്ച് ഇത്തവണയും പ്രതീക്ഷയില്‍ തന്നെയാണ്. ഇത്തവണത്തെ വിജയത്തേയും അട്ടിമറി എന്ന് വിളിക്കല്ലേ എന്നുള്ള ഇടതുപക്ഷത്തിന്റെ ആവശ്യത്തില്‍ തന്നെയാണ് ആ പ്രതീക്ഷ കാണാനാകുന്നത്.