X

അടുക്കളകള്‍ സൂപ്പര്‍ സ്മാര്‍ട്ട് ആക്കൂ…

പഴയത് പോലെ ഒരു സ്ലാബും അലമാരയും പൈപ്പും പിടിപ്പിച്ചാല്‍ തീരുന്നതല്ല ഇപ്പോള്‍ അടുക്കള നിര്‍മ്മാണം

പഴയത് പോലെ ഒരു സ്ലാബും അലമാരയും പൈപ്പും പിടിപ്പിച്ചാല്‍ തീരുന്നതല്ല ഇപ്പോള്‍ അടുക്കള നിര്‍മ്മാണം. പുതിയ വീടുകളില്‍, താമസിക്കുന്ന ആളുകളുടെ ഇഷ്ടങ്ങളും സൗകര്യങ്ങളും നന്നായി പരിഗണിച്ചാണ് അടുക്കള രൂപകല്‍പന ചെയ്യുന്നത്. സ്ത്രീകള്‍ മാത്രം പെരുമാറുന്ന സ്ഥലം എന്നതില്‍ നിന്ന് മാറി കുടുംബത്തിലെല്ലാരും സമയം ചിലവിടുന്ന സ്ഥലമായി അടുക്കളയെ പരിഗണിക്കാനും തുടങ്ങിയിട്ടുണ്ട്. സൂപ്പര്‍ സ്മാര്‍ട്ട് അടുക്കളകളിലെ പുതിയ ട്രെന്‍ഡുകള്‍ പരിചയപ്പെടാം.

അടുക്കളയുടെ മുക്കും മൂലയും ഉപയോഗപ്രദമാകുന്ന രീതിയില്‍ നിര്‍മിച്ചിട്ടുള്ള മോഡുലാര്‍ കിച്ചണുകള്‍ വിപണി കീഴടക്കിയിരിക്കുന്നു. ഓരോ ഉപകരണവും മൊത്തത്തിലുള്ള സജ്ജീകരണത്തോട് ചേര്‍ന്ന് പോകുന്ന, ബഡ്ജറ്റിനിണങ്ങിയ മാതൃക തിരഞ്ഞെടുക്കുകയേ വേണ്ടൂ.

പുള്‍ ഔട്ട് ഡ്രോയറുകള്‍
അടുക്കളയില്‍ പലതരത്തിലുള്ള പാത്രങ്ങളും സ്പൂണുകളും സൂക്ഷിക്കാന്‍ സൗകര്യപ്രദമായുള്ള ഡ്രോയറുകള്‍ ഉണ്ടാക്കാം. ഒറ്റ വലിക്ക് മുഴുവന്‍ പുറത്തേക്ക് വരികയും, ആവശ്യമുള്ളവയെടുത്ത് ഒരുമിച്ച് തള്ളി വെയ്ക്കുകയും ചെയ്യാവുന്ന തരമാണ് വിപണിയില്‍ തരംഗം. ഇത് കാണാനുള്ള ഭംഗിക്ക് പുറമെ കൂടുതല്‍ സ്ഥല സൗകര്യവും നല്‍കും. പല തട്ടുകളിലായി സാധനങ്ങള്‍ സൂക്ഷിക്കാനാകുന്നതും പാചകം എളുപ്പമാക്കും. ചെറിയ അടുക്കള ഉള്ളവര്‍ ഉറപ്പായും ഇതിനെ പറ്റി ആലോചിക്കണം.

പലതരം കൗണ്ടര്‍ ടോപ്പുകള്‍
താമസിക്കുന്നവരുടെ അഭിരുചിക്കും സൗകര്യത്തിനും അനുസരിച്ച് പലതരം കൗണ്ടര്‍ ടോപ്പുകള്‍ നിര്‍മിക്കാം. ‘എല്‍’ ആകൃതിയിലുള്ളവ കൂടുതല്‍ സാധനങ്ങള്‍ വെക്കാനും സ്ഥലം തോന്നിപ്പിക്കാനും സഹായിക്കും.

തുറന്ന ഷെല്‍ഫുകള്‍
അടച്ചിട്ട് എലിയും പാറ്റയും സൈ്വര്യവിഹാരം നടത്തുന്ന ഷെല്‍ഫുകളെ മറന്നേക്കൂ. തുറന്ന് കിടക്കുന്ന ഷെല്‍ഫുകളാണ് പുതിയ അടുക്കളകള്‍ക്ക് യോജ്യം. നിത്യോപയോഗ സാധനങ്ങള്‍ ഇട്ട് വെക്കുന്ന ഭംഗിയുള്ള ചില്ലു ജാറുകളില്‍ ഇവയില്‍ നിരത്തി വെക്കുന്നതാണ് നല്ലത്. ഉപ്പ് പഞ്ചസാര, ചായപ്പൊടി തുടങ്ങി എപ്പോഴും ആവശ്യം വരുന്നതൊക്കെ ഇങ്ങനെ വെച്ചാല്‍ എടുക്കാനും എളുപ്പമാകും.

വര്‍ണ്ണ വെളിച്ചങ്ങള്‍
അടുക്കളക്കകത്തെ ലൈറ്റിംഗിന് വലിയ ശ്രദ്ധ കൊടുക്കണം. പാചകം ചെയ്യുന്ന സ്ഥലത്ത് നല്ല പ്രകാശമുള്ള ലൈററുകള്‍ ഇടാം. ഡ്രോയേഴ്‌സിലും കൗണ്ടര്‍ ടോപ്പിലും മങ്ങിയ നേര്‍ത്ത പ്രകാശമുള്ളവ ഉറപ്പിക്കാം. മൂലകളിലും മറ്റ് സ്ഥലങ്ങളിലും അനുയോജ്യമായ ലൈറ്റിങ്ങ് നടത്തുന്നത് അടുക്കള എലഗന്റാക്കും.

അടുക്കളയിലെ ചായക്കൂട്ടുകള്‍
മങ്ങിയ നിറങ്ങള്‍ കൂടുതല്‍ പ്രൗഡിയും സമാധാനാന്തരീക്ഷവും നല്‍കും. വൃത്തിയുള്ള ലുക്കിനായി ആളുകള്‍ തിരഞ്ഞെടുക്കുന്നത് വെള്ള, ക്രീം, മഞ്ഞ, ലാവന്‍ഡര്‍, ബേബി പിങ്ക് നിറങ്ങളാണ്. ഓറഞ്ച്, ചുവപ്പ് മിശ്രിതങ്ങള്‍ അടുക്കളക്ക് കൂടുതല്‍ ചുറുചുറുക്കും സ്‌റ്റൈലുമുള്ള അന്തരീക്ഷമുണ്ടാക്കും. ചാര്‍ക്കോള്‍, ചാരം, തടി തുടങ്ങിയവയുടെ നിറങ്ങള്‍ ചുവരിനും കാബിനറ്റുകള്‍ക്കും കൊടുക്കാം.

This post was last modified on March 30, 2018 11:37 am