X

കൊല്ലരുത്; അവള്‍ ഭൂമിയാണ്‌…! പക്ഷേ, സുപ്രീം കോടതി ‘ഷൂട്ട്‌ അറ്റ്‌ സൈറ്റ്’ വിധിച്ച ‘ആവ്നി’യെ അവര്‍ കൊല്ലുക തന്നെ ചെയ്തു

വ്യവസായഭീമനായ അനിൽ അംബാനിയുടെ രഹസ്യ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി സർക്കാർ അവ്നിയെ വെടി വച്ച് കൊന്നതെന്ന് രാജ് താക്കറെ

കുറച്ചു ദിവസങ്ങളായി ‘ആവ്നി’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കടുവയാണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഔദ്യോഗികമായി ടി-1 എന്ന പേരില്‍ അറിയപ്പെടുന്ന ഈ പെണ്‍ കടുവ കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ 13 പേരെ കൊലപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ അവ്‌നിയെ കണ്ടാല്‍ ഉടന്‍ വെടിവെച്ച് കൊല്ലാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഗ്ലൈഡറുകളും ആനകളും തെര്‍മല്‍ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകളുമടക്കം വൻ സന്നാഹത്തോടെ ആവ്നിയെ തിരഞ്ഞുനടന്ന കടുവ പിടുത്ത വിദഗ്‌ദർ വെള്ളിയാഴ്ച രാത്രി യവത്മാല്‍ മേഖലയില്‍ വെച്ച് അവളെ വെടിവെച്ച് കൊന്നു. സംഭവത്തില്‍ സംസ്ഥാന സർക്കാറിനെ അഭിനന്ദിച്ചും രൂക്ഷമായി വിമർശിച്ചും നിരവധിപേര്‍ രംഗത്തുവന്നു.

കൊല്ലരുത്; അവള്‍ ഭൂമിയാണ്‌…!

ടി-1 എന്നാണ് കടുവയുടെ ഔദ്യോഗിക നാമമെങ്കിലും പ്രകൃതിസ്‌നേഹികളാണ് അവള്‍ക്ക് അവ്‌നി എന്ന് പേരിട്ടത്. അവ്‌നി എന്നാല്‍ ഭൂമി എന്നാണ് അര്‍ത്ഥം. കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് പ്രകൃതിസ്‌നേഹികളായ 9,000-ത്തിലധികം പേര്‍ ഒപ്പിട്ട ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തിപേശ്വര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയായിരുന്നു അവളുടെ വിഹാര മേഖല. അത് സംരക്ഷിത മേഖലയായതുകൊണ്ടും, പത്തുമാസം പ്രായമായ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണവള്‍ എന്നതുകൊണ്ടും, ആ മേഖലയില്‍ വെറും 14 കടുവകള്‍ മാത്രമാണ് ഉള്ളത് എന്നതുകൊണ്ടും കൊല്ലരുത് എന്നവര്‍ വാദിച്ചു. പക്ഷെ, ഭൂമിയോളം ക്ഷമിക്കാനൊന്നും കോടതിക്കാവില്ലായിരുന്നു. കോടതി ‘ഷൂട്ട്‌ അറ്റ്‌ സൈറ്റ്’ വിധിച്ചു. വിധി കേട്ടപാട് ഉടന്‍തന്നെ കടുവയെ കൊന്നുകളയാൻ സംസ്ഥാന വനംമന്ത്രി ഉത്തരവിടുകയും ചെയ്തു.

രണ്ട് കുഞ്ഞുങ്ങളുള്ള കടുവയെ കൊന്നത് വലിയ കുറ്റകൃത്യമാണെന്ന് പറഞ്ഞ മേനക ഗാന്ധി, വനംമന്ത്രി മുൻഗൻ തിവാർ മൃഗസ്നേഹികളുടെ അപേക്ഷക്ക് ചെവികൊടുക്കാതെയാണ് കൊല്ലാൻ ഉത്തരവിട്ടതെന്നും ഇതിനെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെടുമെന്നും പറഞ്ഞിരുന്നു. പ്രത്യക്ഷമായ കുറ്റകൃത്യമാണ് സർക്കാർ ഈ നിഷ്ഠുര കൊലപാതകത്തിലൂടെ ചെയ്തിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. എന്നാൽ, ദേശീയ കടുവ സംരക്ഷണ അതോറിറ്റി മാർഗനിർദേശങ്ങൾ പാലിച്ചാണ് കടുവയെ വധിച്ചതെന്നും, അതിൽ പാളിച്ചയുണ്ടെങ്കിൽ കേന്ദ്ര മന്ത്രിയായ അവർ തിരുത്ത് ആവശ്യപ്പെടട്ടെ എന്നും വനംമന്ത്രി തിരിച്ചടിക്കുകയും ചെയ്തു.

കൊല്ലാതെ വയ്യ…!

നരഭോജിയാണെങ്കിലും അവ്‌നിയെ കൊല്ലാതെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലായിരുന്നു തങ്ങളെന്ന് ഫോറസ്റ്റ് ഓഫീസറായ സുനില്‍ ലിമായെ പറയുന്നുണ്ട്. വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകള്‍ക്കിടയിലൂടെ അവളെ തിരയുക എന്നതുതന്നെ ദുഷ്കരമായിരുന്നു. അതുകൊണ്ടാണ് ജീപ്പുകള്‍ക്ക് പകരം ആനകളെ ഉപയോഗിച്ചത്. എല്ലാറ്റിനും പുറമേ ഭയങ്കര ചൂടും. അതുകൊണ്ടു തന്നെ ആദ്യ ഘട്ടത്തില്‍ അവ്‌നിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മണം പിടിക്കാന്‍ മിടുക്കരായ രണ്ട് കോര്‍സോ നായകളേയും കൊണ്ടുവന്നിരിരുന്നു. നിരാശയായിരുന്നു ഫലം. കാല്‍വിന്‍ ക്ലെയിന്‍ എന്ന ഹ്യുമന്‍ ബോഡി സ്‌പ്രേ കടുവകളെ ആകര്‍ഷിക്കുമെന്ന് ആരോ പറഞ്ഞതുകേട്ട് ആ വഴിയും ഒരു പരീക്ഷണം നടത്തിനോക്കി. നടന്നില്ല. ഡ്രോണുകള്‍പോലും പരാജയപ്പെട്ടു. ഒടുവില്‍ ഷാര്‍പ്പ് ഷൂട്ടര്‍ ഷഫാത് അലി ഖാനെത്തന്നെ നേരിട്ട് ദൌത്യം ഏല്‍പ്പിച്ചു. അങ്ങിനെ ലോക ‘പ്രശസ്തയായ’ അവ്നിയെ വെടിവച്ചുകൊന്നു.

കൊല അംബാനിക്കു വേണ്ടി…!

അവ്നിയെ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രധിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും ഹാരാഷ്ട്ര നവ് നിർമ്മാൺ സേനാ നേതാവ് രാജ് താക്കറെയുടെ ആരോപണങ്ങളാണ് ഇന്ന് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വ്യവസായഭീമനായ അനിൽ അംബാനിയുടെ രഹസ്യ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി സർക്കാർ അവ്നിയെ വെടി വച്ച് കൊന്നതെന്നാണ് താക്കറെ ആരോപിക്കുന്നത്. മഹാരാഷ്ട്രയിലെ അനില്‍ അംബാനിയുടെ പ്രോജക്ടായ യവത്മാലിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അവ്‌നിയെ കൊലപ്പെടുത്തിയതെന്നും സർക്കാർ മനസ്സാക്ഷി അംബാനിക്ക് വിറ്റിരിക്കുകയാണെന്നുമൊക്കെ താക്കറെ ആരോപിക്കുന്നുണ്ട്. എന്നാല്‍ കടുവ കൊല്ലപ്പെട്ടതും റിലയൻസ് പദ്ധതിയും തമ്മില്‍ യാതൊരു വിധ ബന്ധവുമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
കൊല്ലപ്പെടുമ്പോഴും അവള്‍ പട്ടിണിയിലായിരുന്നു…!

മരിക്കുന്നതിന് മുൻപ് ഏകദേശം ഒരാഴ്ചയോളം അവ്നി ആഹാരം കഴിച്ചിരുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അവളുടെ വയറ്റിലും കുടിലും നിറയെ വെള്ളമായിരുന്നു ഉണ്ടായിരുന്നത്. എന്നിന്നാല്‍, സാധാരണഗതിയിൽ 25-30 കിലോഗ്രാം മാംസം ഒറ്റ ദിവസം കഴിക്കുന്ന കടുവകള്‍ പിന്നെ 7 ദിവസത്തോളം ഭക്ഷണമല്ലാതെ കഴിയാറുണ്ടെന്നും വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമാണ് മരണകാരണമെന്നും പോസ്റ്റമോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

This post was last modified on November 10, 2018 6:28 pm