X

കരപ്രമാണി ചമയലാണോ ചലച്ചിത്ര അക്കാദമിയുടെ പണി? വര്‍ക്ക് ഓഫ് ഫയര്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ആര്‍ക്കാണ് വാശി?

നിയമക്കുരുക്കുകള്‍ ചൂണ്ടിക്കാട്ടി മലയാളത്തില്‍ നിന്നുള്ള ഡോക്യുമെന്ററികളുടെ പ്രാതിനിധ്യം മേളയില്‍ നിന്ന് ഇല്ലാതാക്കുന്ന നടപടികളെ ചില അംഗങ്ങള്‍ രൂക്ഷമായിത്തന്നെ വിമര്‍ശിക്കുന്നു

സംവിധായകന്‍ കെ.ആര്‍ മനോജിന്റെ ഡോക്യുമെന്ററി കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം മേളയുടെ (ഐഡിഎസ്എഫ്എഫ്കെ) നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ ചലച്ചിത്ര അക്കാദമി അംഗത്തിന്റെ ഇടപെടലോ? മനോജ് സംവിധാനം ചെയ്ത ‘വര്‍ക്ക് ഓഫ് ഫയര്‍’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനാനുമതി തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷവും സാങ്കേതിക കാരണങ്ങള്‍ നിരത്തി ചലച്ചിത്ര അക്കാദമി തടഞ്ഞു. ഇതിന് പിന്നില്‍ ചലച്ചിത്ര അക്കാദമിയിലെ ചിലരുടെ ഇടപെടലുകളാണെന്ന് സംശയമാണ് രൂക്ഷമാവുന്നത്. അക്കാദമിയുടെ നടപടികള്‍ക്കെതിരെ ആരോപണവുമായി സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു. കന്യക ടാക്കീസ് എന്ന സിനിമ സംവിധാനം ചെയ്ത മനോജിന്റെ ഡോക്യുമെന്ററി നിരവധി മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തപ്പോഴാണ് കേരളത്തിന്റെ സ്വന്തം ചലച്ചിത്ര അക്കാദമി അതിനെതിരെ മുഖം തിരിക്കുന്നത്.

ഇതിനിടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച അക്കാദമിയുടെ തീരുമാനത്തില്‍ അക്കാദമിയിലെ കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ തന്നെ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുമുണ്ട്.

കഴിഞ്ഞ വര്‍ഷം ലോങ്‌ ഡോക്യുമെന്ററി മത്സരവിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ‘വര്‍ക്ക് ഓഫ് ഫയര്‍’ന്റെ പ്രദര്‍ശനാനുമതി സാങ്കേതിക കാരണങ്ങളാല്‍ അക്കാദമി നിരസിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഡോക്യുമെന്ററി പ്രദര്‍ശനാനുമതിക്കായി സമര്‍പ്പിക്കാന്‍ പോലും അക്കാദമി അനുവദിച്ചില്ല. രണ്ട് വര്‍ഷത്തിലധികം സമയമെടുത്ത് ചിത്രീകരിച്ച ‘വര്‍ക്ക് ഓഫ് ഫയര്‍’ ഐഡിഎസ്എഫ്എഫ്‌കെ ഡോക്യുമെന്ററി മത്സരവിഭാഗത്തിലേക്ക് പരിഗണിക്കപ്പെടാന്‍ 2017ല്‍ സമര്‍പ്പിച്ചത് സംവിധായകന്‍ തന്നെയാണ്. അത്തവണ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് ചട്ടങ്ങള്‍ നിരത്തി ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല എന്ന അറിയിപ്പ് സംവിധായകന് ലഭിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് മനോജ് പറയുന്നതിങ്ങനെ: “ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ഓഫീസില്‍ നിന്ന് ഒരു മെയില്‍ ആണ് അറിയിപ്പായി എനിക്ക് ലഭിക്കുന്നത്. ഐഡിഎസ്എഫ്എഫ്കെ ലോങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘വര്‍ക്ക് ഓഫ് ഫയര്‍’ എന്ന ചിത്രം ചട്ടപ്രകാരം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല എന്നതായിരുന്നു അതിന്റെ ചുരുക്കം. ചിത്രത്തിന് നിര്‍മ്മാതാക്കളായ പിഎസ്ബിടി അന്തിമാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ വിഷയം. പ്രദര്‍ശനാനുമതി തടഞ്ഞു എന്ന ഇമെയില്‍ അക്കാദമി ചെയര്‍മാന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അക്കാദമി വൈസ്‌ ചെയര്‍പേഴ്‌സണ്‍ ബീനപോള്‍ എന്നെ ഫോണില്‍ വിളിക്കുകയും ഇക്കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ബീന പോളിന് വിശദീകരണം നല്‍കുകയും ഒരാഴ്ചക്കുള്ളില്‍ വിഷയം പരിഹരിക്കാനാവുമെന്ന ഉറപ്പും നല്‍കി. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ടുള്ള മെയില്‍ ആണ് എനിക്ക് ലഭിച്ചത്.”

ഐഡിഎസ്എഫ്എഫ്‌കെ ലോങ് ഡോക്യുമെന്ററി വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഏക ചിത്രമായിരുന്നു ‘വര്‍ക്ക് ഓഫ് ഫയര്‍’. ഈ വര്‍ഷം ഐഡിഎസ്എഫ്എഫ്‌കെ ലോങ് ഡോക്യുമെന്ററി വിഭാഗത്തിലേക്ക് ചിത്രം അയയ്ക്കാന്‍ നിര്‍മ്മാതാക്കളായ പിഎസ്ബിടിയാണ് തീരുമാനിച്ചത്. ഇതനുസരിച്ച് പിഎസ്ബിടി അക്കാദമിയുമായി ബന്ധപ്പെടുകയുമുണ്ടായി. എന്നാല്‍ ഒരിക്കല്‍ സമര്‍പ്പിച്ച ചിത്രം വീണ്ടും സമര്‍പ്പിക്കാനാവില്ല എന്ന ചട്ടം നിരത്തി അക്കാദമി ചിത്രത്തെ തഴയുകയായിരുന്നു. അക്കാദമിയുടെ ഭരണനേതൃത്വത്തിലുള്ളവരില്‍ ചിലര്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയതു മൂലമാണ് ചിത്രം പ്രദര്‍ശനാനുമതിക്കായി സമര്‍പ്പിക്കാതിരുന്നതെന്ന മറുപടിയാണ് പിഎസ്ബിടിയില്‍ നിന്ന് തനിക്ക് ലഭിച്ചതെന്ന് കെ ആര്‍ മനോജ് പറയുന്നു.

കഴിഞ്ഞ വര്‍ഷവും ഇത്തവണയും ചിത്രം നിരസിച്ചതുമായി ബന്ധപ്പെട്ട് അക്കാദമി ചെയര്‍മാന് സംവിധായകന്‍ രണ്ട് ഇമെയിലുകള്‍ അയച്ചിരുന്നു. എന്നാല്‍ കഴിഞ്ഞതവണ മറുപടി കൊടുത്തെങ്കിലും ഇത്തവണ അതുണ്ടായില്ല. “ഞാന്‍ അക്കാദമി ചെയര്‍മാന് അയച്ച കത്തുകളൊന്നും ദയാഹര്‍ജികളല്ല. മറിച്ച് അക്കാദമിയുടെ നയത്തെയും ലക്ഷ്യത്തെയും കുറച്ചുള്ള എന്റെ ചില ആശങ്കകളാണ്. എന്റെ ചിത്രം എങ്ങനെയെങ്കിലും ഉള്‍പ്പെടുത്തണമെന്നോ അതിന് ഒരു ഇടം അനുവദിക്കണമെന്നോ ഉള്ള അപേക്ഷകളോ അല്ല അവ. മറിച്ച് അക്കാദമി ഇന്നാട്ടിലെ ചലച്ചിത്ര നിര്‍മ്മാതാക്കളോട് എങ്ങനെയാണ് പെരുമാറുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു പുന:വിചിന്തനത്തെക്കുറിച്ചാണ് എന്റെ ഇ-മെയിലുകള്‍. സാങ്കേതികത്വത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അടുത്തവര്‍ഷം ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലാതെ സമര്‍പ്പിക്കാന്‍ കഴിയുമല്ലോ എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ചിത്രം സമര്‍പ്പിക്കാന്‍ പിഎസ്ബിടി തയ്യാറായപ്പോള്‍ അതിന് അനുമതി നിഷേധിക്കുകയാണുണ്ടായത്. ചിത്രം സമര്‍പ്പിക്കാത്തത് സംബന്ധിച്ച് പിഎസ്ബിടിയോട് ചോദിച്ചപ്പോള്‍, ഒരു തവണ സമര്‍പ്പിച്ച് തിരഞ്ഞെടുക്കപ്പെട്ട ചിത്രം വീണ്ടും സമര്‍പ്പിക്കാന്‍ കഴിയില്ല എന്ന് അക്കാദമിയില്‍ നിന്ന് അറിയിച്ചു എന്നാണ് എനിക്ക് മറുപടി ലഭിച്ചത്. ആരാണ് ഇക്കാര്യം അറിയിച്ചതെന്നും അവര്‍ എനിക്ക് വിവരം നല്‍കി. യഥാര്‍ഥത്തില്‍ ഞാന്‍ ഇക്കാര്യങ്ങള്‍ വിവാദമാക്കാന്‍ ഉദ്ദേശിച്ചല്ല പറയുന്നത്. ഒരിക്കല്‍ ഫെസ്റ്റിവലിന് സമര്‍പ്പിക്കപ്പെട്ട ചിത്രം ഏതെങ്കിലും സാങ്കേതിക കാരണത്താല്‍ പിന്‍വലിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആ ചിത്രം പിന്നീട് സമര്‍പ്പിക്കാന്‍ കഴിയില്ലേ? അങ്ങനെ സമര്‍പ്പിക്കാന്‍ കഴിയുന്നതാണല്ലോ ജനാധിപത്യപരമായ നടപടിക്രമം. കരപ്രമാണിമാര്‍ ഉത്സവം നടത്തുന്നത്ര ലാഘവത്തോടെയാണ് അക്കാദമി മേളകളെ കാണുന്നത്. നിലവാരമില്ലാത്ത ഡോക്യുമെന്ററികളാണ് കേരളത്തില്‍ നിന്നും അധികവും സമര്‍പ്പിക്കപ്പെടുന്നത് എന്നാണ് ഇവരുടെ വിമര്‍ശനം. എന്നാല്‍ ഇക്കാര്യത്തില്‍ അക്കാദമിക്കും ഉത്തരവാദിത്തമുണ്ട്. സ്വയംവിമര്‍ശനം നടത്തി മുന്നോട്ട് പോവേണ്ട സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി എന്നിരിക്കെ അനാവശ്യമായ ചട്ടങ്ങളും നിയമങ്ങളും പറഞ്ഞ് തങ്ങളുടെ അജണ്ട നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ലോകത്ത് നടക്കുന്ന എല്ലാ സിനിമാ മേളകളിലും പ്രാദേശിക സിനിമകള്‍ക്ക് വ്യക്തമായ പ്രാതിനിധ്യം ഉണ്ടാവുന്നുണ്ട്. ഇവിടെ അതുണ്ടാവുന്നില്ല എന്ന് മാത്രമല്ല, ചട്ടങ്ങള്‍ നിരത്തി ഉള്ളതുകൂടി പുറംതള്ളാനുള്ള ശ്രമങ്ങളാണ് അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.”

എന്നാല്‍ മേളയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ നിന്ന് വ്യതിചലിക്കാനാവില്ലെന്ന് ചലച്ചിത്ര അക്കാദമി വൈസ്‌ ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ പറയുന്നു: “കഴിഞ്ഞ വര്‍ഷം മനോജിന്റെ ചിത്രം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്നതാണ്. എന്നാല്‍ സിനിമയുടെ നിര്‍മ്മാതാവ് തന്നെയാണ് അതിന് അന്തിമ പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല എന്ന സാങ്കേതിക പ്രശ്‌നം അക്കാദമിയെ അറിയിക്കുന്നത്. പിഎസ്ബിടിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി അക്കാദമി കാത്തിരുന്നു. എന്നാല്‍ അത് സമയത്ത് ലഭിക്കാത്ത സാഹചര്യമായതോടെ സിനിമ പ്രദര്‍പ്പിക്കാന്‍ കഴിയാതെ വന്നു. ഇത്തവണ പിഎസ്ബിടി ചിത്രം പുന:സമര്‍പ്പണം നടത്തുന്ന കാര്യം അക്കാദമിയോട് ചോദിച്ചിരുന്നു. എന്നാല്‍ മേളയുടെ നിലവിലെ വ്യവസ്ഥകള്‍ വച്ചുകൊണ്ട് അതിന് സാധ്യമല്ല. ഒരു തവണ സമര്‍പ്പിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത ചിത്രമാണ് ‘വര്‍ക്ക് ഓഫ് ഫയര്‍’. അതിനാല്‍ ഒരിക്കല്‍ കൂടി സമര്‍പ്പിക്കാന്‍ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് അനുവദിക്കാന്‍ കഴിയില്ല. ആയിരത്തിലധികം സിനിമകള്‍ മേളയില്‍ പരിഗണിക്കുന്നതിനായി സമര്‍പ്പിക്കപ്പെടാറുണ്ട്. ഒരു സിനിമകളും വേര്‍തിരിച്ച് കാണാനാവില്ല. മുമ്പ് പലപ്പോഴും സിനിമ സമര്‍പ്പിച്ചിട്ടുള്ള പല സംവിധായകരും നിര്‍മ്മാതാക്കളും പുന:സമര്‍പ്പണത്തിനായി അക്കാദമിയെ സമീപിക്കാറുണ്ട്. ഇവരെയെല്ലാം അകറ്റി നിര്‍ത്തുന്ന അക്കാദമിക്ക് മനോജിനെ മാത്രമായി പരിഗണിക്കാനാവില്ല. പുന:സമര്‍പ്പണം സാധ്യമാവണമെങ്കില്‍ നിലവിലുള്ള നിയമങ്ങള്‍ മാറ്റേണ്ടതുണ്ട്. അക്കാര്യം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. അല്ലാതെ ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി നിയമങ്ങള്‍ മാറ്റിവക്കാന്‍ പറ്റില്ല”.

എന്നാല്‍, “എന്നെ സംബന്ധിച്ചിടത്തോളം നിയമങ്ങളും ചട്ടങ്ങളും പഠിപ്പിക്കുന്ന ക്രമസമാധാനപാലകരെപ്പോലെയാണ് അക്കാദമി അനുഭവപ്പെടുന്നത്. മറിച്ച് ചലച്ചിത്രസംസ്‌കാരം രൂപപ്പെടുത്താന്‍ ബാധ്യതയുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് ലഭിക്കേണ്ട പ്രതികരണങ്ങളല്ല അവരില്‍ നിന്ന് ലഭിക്കുന്നത്. എന്ത് ചോദിച്ചാലും നിയമങ്ങളും ചട്ടങ്ങളുമാണ്. എന്നാല്‍ നിയമങ്ങളിലും ചട്ടങ്ങളിലും തന്നെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ അവര്‍ മിണ്ടില്ല. ഇത് പ്രാദേശിക ചലച്ചിത്ര സംസ്കാരത്തിനോടുള്ള കടുത്ത നിരുത്തരവാദിത്തമാണ്. പോലീസ് സ്‌റ്റേഷനുകള്‍ പോലും ജനമൈത്രി ആവുമ്പോള്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ പ്രാദേശിക ചലച്ചിത്ര നിര്‍മ്മാതാക്കളെ ഭേദ്യം ചെയ്യുന്ന ഇടമായി മാറുന്നത് പോലെ തോന്നുന്നു. അവര്‍ പറയുന്ന ചട്ടങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന് അവര്‍ പോലും തിരിച്ചറിയാന്‍ വിസമ്മതിക്കുന്നു. ഒരു തവണ പൂര്‍ത്തിയായില്ല (വര്‍ക്ക് ഇന്‍ പ്രോഗ്രസ്) എന്ന രീതിയില്‍ മാറ്റി നിര്‍ത്തപ്പെടുന്ന ഒരു ചിത്രം അടുത്ത തവണ പൂര്‍ത്തിയാവുമ്പോള്‍ പരിഗണിക്കാനുള്ള മിനിമം ബാധ്യതയെങ്കിലും അക്കാദമിക്കില്ലേ?” മനോജ് ചോദിക്കുന്നു.

എന്നാല്‍ അക്കാദമി കൗണ്‍സില്‍ അംഗങ്ങള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. നിയമക്കുരുക്കുകള്‍ ചൂണ്ടിക്കാട്ടി മലയാളത്തില്‍ നിന്നുള്ള ഡോക്യുമെന്ററികളുടെ പ്രാതിനിധ്യം മേളയില്‍ നിന്ന് ഇല്ലാതാക്കുന്ന നടപടികളെ ചില അംഗങ്ങള്‍ രൂക്ഷമായിത്തന്നെ വിമര്‍ശിക്കുകയും ചെയ്യുന്നു. ഇതിനുള്ള തെളിവായി ഇ-മെയില്‍ സന്ദേശങ്ങള്‍ അഴിമുഖത്തിന് ലഭിക്കുകയും ചെയ്തു. നിയമനിര്‍മ്മാണം ആവശ്യമാണെന്ന് ചില അംഗങ്ങള്‍ വാദിക്കുമ്പോള്‍ തന്നെ നിയമങ്ങളുടെ മുകളില്‍ കടിച്ചുതൂങ്ങാതെ നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുകയുമല്ലേ മേളയിലൂടെ അക്കാദമി ശ്രമിക്കേണ്ടതെന്ന സംശയമാണ് മറ്റുചില അംഗങ്ങള്‍ ഉന്നയിക്കുന്നത്.

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on July 11, 2018 3:28 pm