X

അഞ്ച് കുട്ടികളെ കൊന്ന മുന്‍ ഭര്‍ത്താവിന് മാപ്പ് നല്‍കണമെന്ന് കുട്ടികളുടെ അമ്മ: “അവര്‍ അയാളെ സ്‌നേഹിച്ചിരുന്നു”

"അയാള്‍ എന്റെ കുട്ടികളോട് യാതൊരു ദയയും കാണിച്ചില്ല. എന്നാല്‍ അവര്‍ അയാളെ സ്‌നേഹിച്ചിരുന്നു".

തങ്ങളുടെ അഞ്ച് കുട്ടികളെ കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവിന് മാപ്പ് നല്‍കണം എന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ രംഗത്ത്. യുഎസിലെ സൗത്ത് കരോലിന കോടതിയിലാണ് സംഭവം. പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആംബര്‍ കൈസര്‍ എന്ന സ്ത്രീ രംഗത്തെത്തിയത്. അയാള്‍ എന്റെ കുട്ടികളോട് യാതൊരു ദയയും കാണിച്ചില്ല. എന്നാല്‍ അവര്‍ അയാളെ സ്‌നേഹിച്ചിരുന്നു. എന്റെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്. 2014 ഓഗസ്റ്റില്‍ ലെക്‌സിംഗ്ടണിലെ വീട്ടില്‍ അഞ്ച് കുട്ടികെ കൊലപ്പെടുത്തിയ സംഭവത്തില്‍ തിമോത്തി ജോണ്‍സ് ജൂനിയര്‍ എന്ന പ്രതി കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചിരുന്നു.

പ്രതിക്ക് വധശിക്ഷയോ പരോളില്ലാത്ത ജീവനപര്യന്തം തടവോ കോടതി വിധിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മാപ്പ് നല്‍കണമെന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരിക്കുന്നത്. തിമോത്തി ജോണ്‍സിന് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നതായും വ്യക്തിപരമായി വധശിക്ഷയ്ക്ക് താന്‍ എതിരാണ് എന്നും ആംബര്‍ കൈസര്‍ പറയുന്നു. അതേസമയം പലപ്പോഴും അയാളെ ജീവനോടെ പൊരിക്കാന്‍ തനിക്ക് തോന്നിയെന്നും ആംബര്‍ പറയുന്നുണ്ട്. എന്റെ കുട്ടികള്‍ കടന്നുപോയ അവസ്ഥ ഞാന്‍ മനസിലാക്കുന്നു. എനിക്ക് അയാളുടെ മുഖം വലിച്ചുകീറാന്‍ തോന്നുന്നുണ്ട് – ആംബര്‍ കൈസര്‍ പറഞ്ഞു. വിവാഹബന്ധം പിരിഞ്ഞതിന് ശേഷം തിമോത്തി ജോണ്‍സിനൊപ്പമായിരുന്നു കുട്ടികള്‍. കുട്ടികളെ തനിക്കൊപ്പം നിര്‍ത്താന്‍ കഴിയാത്തതില്‍ തനിക്ക് കുറ്റബോധമുണ്ട് എന്ന് ആംബര്‍ പറഞ്ഞു.

ആറ് വയസുകാരന്‍ മകന്‍ നാഹ്ടാന്‍ മുന്‍ ഭാര്യയുമായി ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന് താന്‍ സംശയിച്ചിരുന്നതായി തിമോത്തി ജോണ്‍സ് കോടതിയില്‍ പറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം മറ്റ് കുട്ടികളേയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. എട്ട് വയസുകാരി മെറായേയും ഏഴ് വയസുകാരന്‍ ഏലിയാസിനേയും കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. രണ്ട് വയസുകാരന്‍ ഗബ്രിയേലിനേയും ഒരു വയസുകാരന്‍ അബിഗെയ്‌ലിനേയും കൊന്നു. മുന്‍ ഭാര്യയായ ആംബര്‍ കുട്ടികളെ കൊണ്ടുപോകാതിരിക്കാനായി ഇവരെ കൊലപ്പെടുത്തുകയാണ് പൈശാചിക മനസുള്ള തിമോത്തി ജോണ്‍സ് ചെയ്തത് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതേസമയം തിമോത്തി ജോണ്‍സിന് മാനസിക വിഭ്രാന്തിയുണ്ട് എന്ന് സ്ഥാപിക്കാനാണ് പ്രതിഭാഗം അഭിഭാഷകരുടെ ശ്രമം.

This post was last modified on June 13, 2019 1:12 pm