X

ലോകം ‘കാലാവസ്ഥാ വിവേചന’ത്തിന്‍റെ പിടിയില്‍; സമ്പന്നർ രക്ഷപ്പെടുന്നു, കഷ്ടപ്പാട് ദരിദ്രര്‍ക്ക്

കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്ത ദരിദ്രരാണെന്ന് യു എന്‍ റിപ്പോര്‍ട്ട്

ലോകം ‘കാലാവസ്ഥാ അസമത്വ’മെന്ന അപകടത്തിന്‍റെ പിടിയിലാണെന്ന് യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധന്‍റെ റിപ്പോർട്ട്. വർദ്ധിച്ചുവരുന്ന കാലാവസ്ഥാ പ്രതിസന്ധി മൂലം ഉണ്ടാകുന്ന ചൂടിൽ നിന്നും, പട്ടിണിയിൽ നിന്നും സമ്പന്നർ പണം നൽകി രക്ഷപ്പെടുന്നു. ബാക്കിയുള്ളവരെല്ലാം കഷ്ടപ്പെടുകയാണ്. ആഗോള താപനത്തിന്‍റെ പ്രത്യാഘാതങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ, വെള്ളം, ഭക്ഷണം, പാർപ്പിടം എന്നിവയടക്കമുള്ള അടിസ്ഥാന അവകാശങ്ങളെ മാത്രമല്ല, ജനാധിപത്യത്തെയും നിയമവാഴ്ചയെയും ദുർബലപ്പെടുത്തുമെന്ന് കടുത്ത ദാരിദ്ര്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ യു.എൻ നിയോഗിച്ച ഫിലിപ്പ് ആൽസ്റ്റൺ പറയുന്നു.

കഴിഞ്ഞ 50 വര്‍ഷംകൊണ്ട് ആരോഗ്യ രംഗത്തും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്തും നമ്മള്‍ നേടിയ പുരോഗതിയാണ് ഇല്ലാതാകാന്‍ പോകുന്നതെന്ന് ആൽസ്റ്റൺ പറയുന്നു. ലോക ജനസംഖ്യയുടെ പകുതിയോളംവരുന്ന ഏറ്റവും ദരിദ്രരായവര്‍ 10% കാർബൺ ഡൈ ഓക്സൈഡ് മാത്രമാണ് പുറന്തള്ളുന്നത്. എന്നാല്‍, അതിന്‍റെ 75% വഹിക്കുന്നത് വികസ്വര രാജ്യങ്ങളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടനയടക്കമുള്ള ഏജന്‍സികള്‍ കൈക്കൊള്ളുന്ന ‘തീർത്തും അപര്യാപ്തമായ’ നടപടികളെ ആൽ‌സ്റ്റൺ രൂക്ഷമായി വിമർശിക്കുന്നു. ‘വരാനിരിക്കുന്ന പ്രക്ഷോഭങ്ങളെ അതിജീവിക്കാൻ മനുഷ്യാവകാശങ്ങൾക്ക് കഴിഞ്ഞെന്നുവരില്ല’ എന്നാണ് യു.എൻ മനുഷ്യാവകാശ കൗൺസിലിന് (എച്ച്.ആർ.സി) സമര്‍പ്പിച്ച റിപ്പോർട്ട് അദ്ദേഹം ഉപസംഹരിക്കുന്നത്.

കാലാവസ്ഥാ ശാസ്ത്രത്തെ നിശബ്ദമാക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നടപടികളേയും, ആമസോൺ മഴക്കാടുകൾ ഖനനത്തിനായി തുറക്കുമെന്ന് വാഗ്ദാനം ചെയ്ത ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയെയും ആൽസ്റ്റൺ വിമര്‍ശിച്ചു.

കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്ത ദരിദ്രരാണെന്ന് റിപ്പോര്‍ട്ട് അടിവരയിട്ട് സമര്‍ത്ഥിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെയും ദാരിദ്ര്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ റിപ്പോർട്ട് വെള്ളിയാഴ്ച ഔദ്യോഗികമായി എച്.ആര്‍.സി-ക്ക് സമര്‍പ്പിക്കും.

പ്രസവാവധി കഴിഞ്ഞു വന്നപ്പോള്‍ അധ്യാപികയ്ക്ക് ജോലിയില്ല, പിന്നില്‍ പിടിഎ പ്രസിഡന്റിന്റെ അപവാദപ്രചരണം; പോലീസ് കേസെടുത്തു

This post was last modified on June 26, 2019 7:11 am