X

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി വിളിച്ച യോഗം കോണ്‍ഗ്രസും മമതയും ബഹിഷ്‌കരിച്ചു, ഇടതുപാര്‍ട്ടികള്‍ പങ്കെടുത്തു

ഏകീകൃത തിരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. ഇതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇതില്ലാത്തത് മൂലമാണ് മോദി സര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞ് ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള സര്‍ക്കാര്‍ അജണ്ട ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് നേതാക്കളാരും യോഗത്തില്‍ പങ്കെടുത്തില്ല. യോഗം ബഹിഷ്‌കരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു.

വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡി, ബിജെഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇടതുപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. ഏകീകൃത തിരഞ്ഞെടുപ്പ് എന്ന ഫെഡറല്‍ വിരുദ്ധ, ജനാധിപത്യ വിരുദ്ധ നീക്കത്തിലുള്ള എതിര്‍പ്പ് അറിയിക്കാനായി യോഗത്തില്‍ പങ്കെടുക്കും എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് നിയമസഭയുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ സര്‍ക്കാരിന് തുടരാനാകില്ല. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ നിയമസഭ പിരിച്ചുവിടേണ്ടി വരും. ഇത്തരം കാര്യങ്ങള്‍ അവഗണിച്ചുകൊണ്ട് സഭകള്‍ക്ക് നിശ്ചിത കാലാവധി വയ്ക്കാനാവില്ല. അഞ്ച് വര്‍ഷം എന്നത് ഒരു സഭയുടെ പരമാവധി കാലാവധിയാണ് എന്നും സിപിഎം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിക്കാതെ സഭകളുടെ കാലാവധി നീട്ടുന്നതും വെട്ടിക്കുറക്കുന്നതും ജനാധിപത്യ വിരുദ്ധമാണ് – സിപിഎം പറയുന്നു.

ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി എസ് പി അധ്യക്ഷ മായാവതി എന്നിവരും പങ്കെടുക്കുന്നില്ല. അതേസമയം കെജ്രിവാളും സ്റ്റാലിനും ചന്ദ്രബാബു നായിഡുവും ച്ന്ദ്രശേഖര്‍ റാവുവും പ്രതിനിധികളെ അയച്ചിട്ടുണ്ട്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഭരണഘടനാവിദഗ്ധരടക്കം വിശദമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. യോഗത്തിന്റെ മറ്റൊരു പ്രധാന അജണ്ടയായ 117 ജില്ലകളിലെ പ്രത്യേക വികസന പരിപാടി എന്ന നീതി ആയോഗിന്റെ നിര്‍ദ്ദേശത്തിന് തങ്ങള്‍ എതിരാണ് എന്നും മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു.

ഏകീകൃത തിരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. ഇതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇതില്ലാത്തത് മൂലമാണ് മോദി സര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അതേസമയം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ഏകീകൃത തിരഞ്ഞെടുപ്പ് എന്ന് ചൂണ്ടിക്കാട്ടി എതിര്‍ക്കുകയാണ് പ്രതിപക്ഷം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നെങ്കില്‍ താന്‍ പങ്കെടുക്കുമായിരുന്നു എന്നാണ് മായാവതി പ്രതികരിച്ചത്.

This post was last modified on June 19, 2019 5:26 pm