പുതിയ ചിത്രമായ റയീസിന്‌റെ പ്രൊമോഷന്‍ പരിപാടിക്കായി ഗുജറാത്തിലെ വഡോദ്ര റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഷാരൂഖ് ഖാനെ കാണാന്‍ വലിയ തിക്കും തിരക്കും. തിരക്കില്‍ പെട്ട് ഒരാള്‍ മരിച്ചു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. റയീസിന്‌റെ പ്രചാരണത്തിനായി മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് ക്രാന്തി രാജഝാനി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഷാരൂഖ് ഖാന്‍. ട്രെയിനിന് വഡോദ്ര സ്‌റ്റേഷനില്‍ 10 മിനിറ്റ് സ്‌റ്റോപ്പുണ്ടായിരുന്നു. ട്രെയിനിനുള്ളില്‍ ഷാരൂഖ് ഖാന്‍ ഇരിക്കുന്നത് കണ്ടതോടെ ജനം ഇളകിമറിഞ്ഞു. ആളുകള്‍ മറ്റുള്ളവരുടെ മുകളിലേയ്ക്ക് മറിയാന്‍ തുടങ്ങി. പൊലീസിന് ലാത്തിചാര്‍ജ് നടത്തേണ്ടി വന്നു. ട്രെയിന്‍ പുറപ്പെട്ടതോടെ ആളുകള്‍ പിന്നാലെ ഓടാന്‍ തുടങ്ങി. ഈ തിരക്കിനിടയില്‍ പെട്ടാണ് ഒരാള്‍ മരിച്ചത്.
ഒരു പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ഹീദ് ഖാന്‍ പത്താനാണ് മരിച്ചത്. ഫര്‍ഹീദ് ഖാന്‍ ഷാരൂഖിനെ കാണാന്‍ നില്‍ക്കുകയായിരുന്നില്ലെന്നും മറ്റാരെയോ പ്രതീക്ഷിച്ച് നില്‍ക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. പൊലീസ് ലാത്തിചാര്‍ജ് തുടങ്ങിയപ്പോള്‍ ഓടുകയും തിരക്കില്‍ പെടുകയുമായിരുന്നു. സംഭവം നിര്‍ഭാഗ്യകരമാണെന്ന് ഡല്‍ഹിയിലെത്തിയ ശേഷം ഷാരൂഖ് ഖാന്‍ പ്രതികരിച്ചു. മരിച്ചയാളുടെ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥിക്കുന്നതായും ഷാരൂഖ് ഖാന്‍ പറഞ്ഞു. ക്രിക്കറ്റ് താരങ്ങളും സഹോദരന്മാരുമായ ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും ഷാരൂഖിനെ കാണാന്‍ വഡോദ്ര സേറ്റഷനിലെത്തിയിരുന്നു.
This post was last modified on January 24, 2017 3:53 pm
Leave a Comment