X

ഒഎന്‍വി തോറ്റ ഏക പരീക്ഷ

അഴിമുഖം പ്രതിനിധി

പേരറിയാത്ത പെണ്‍കിടാവേ നിന്റെ നോവറിയുന്നു ഞാന്‍ പാടുന്നു എന്ന കവിതയും ഭൂമിക്കൊരു ചരമഗീതം എന്ന കവിതയില്‍ ഇനിയും മരിക്കാത്ത ഭൂമി നിനക്കാസന്ന മൃതിയില്‍ നിനക്കാത്മശാന്തി എന്ന് പറയുന്ന ഒരു കവി മനസ് നല്ലൊരു അധ്യാപകനും മണ്ണിന്റേയും മനുഷ്യന്റേയും മനസ് വായിച്ചെടുക്കാന്‍ സാധിക്കുന്ന ആളുമായിരുന്നു.

പഴയ കാലത്തും പുതിയ കാലത്തും ഒട്ടേറെ സിനിമാ ഗാനങ്ങള്‍ എഴുതുമ്പോഴും ഒടുവിലെഴുതിയ ഒരു പാട്ടിന്റെ വിവാദം ഒരു പക്ഷേ ഒഎന്‍വിയുടെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ടാകണം. പഴശിരാജയ്ക്കുവേണ്ടി എഴുതിയ ആദിയുഷ സന്ധ്യ പൂത്തുലഞ്ഞു എന്ന ഗാനവുമായി ഉയര്‍ന്ന വിവാദമാണ് അത്.

ഒട്ടും നിരാശനായല്ല ഒഎന്‍വി മടങ്ങുന്നത്. ജനിച്ച നാടിനും ഭൂമിക്കും വേണ്ടി നില കൊണ്ട അപൂര്‍വം ചില കമ്മ്യൂണിസ്റ്റ് സുമനസ്സുകളില്‍ ഒരാളായിരുന്നു ഒഎന്‍വി. തേനും വയമ്പും പോലെ മലയാളിയുടെ ഓര്‍മ്മകളിലേക്ക് പെയ്തിറങ്ങുന്ന നിരവധി ഗാനങ്ങള്‍ മാത്രമല്ല മലയാളി മനസ്സിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങിയ ഒരു വലിയശിഷ്യാവലിയെ കൂടി ബാക്കി വച്ചു കൊണ്ടാണ് ഈ മടക്കം. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സര്‍ക്കാര്‍ കോളെജുകളില്‍ മലയാള വിഭാഗം അധ്യാപകനായിരുന്നു ഒഎന്‍വി. ഇതര വകുപ്പുകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ ക്ലാസ് കേള്‍ക്കാന്‍ ഒളിച്ചു നിന്നിരുന്ന ഒരു കാലത്തെ കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

ജീവിത പാരമ്യങ്ങള്‍ക്കിടയില്‍ മാഷ് തോറ്റുപോയ ഏക പരീക്ഷ ഒരു തെരഞ്ഞെടുപ്പ് പരാജയമായിരുന്നു. മനസ്സില്ലാ മനസ്സോടെ സിപിഐയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തു നിന്നും 1989-ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ച ഒഎന്‍വിയെ തോല്‍പിച്ചത് എ ചാള്‍സായിരുന്നു. ചാള്‍സിന്റെ ഗരിമയായിരുന്നില്ല മാഷിന്റെ തോല്‍വിയുടെ അന്നത്തെ കാരണം.

കേവലം ഒരു പാട്ടെഴുത്തുകാരനായി ചിലരൊക്കെ അധിക്ഷേപിക്കുമ്പോഴും ഒ എന്‍ വിയുടെ പാട്ടെഴുത്തിന്റെ മഹാത്മ്യം തന്നെയാണ് അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠവും.

This post was last modified on February 13, 2016 6:35 pm