X

ഇടതു ചേര്‍ന്ന് നടന്ന ജീവിതം

അഴിമുഖം പ്രതിനിധി

കൊല്ലം എസ് എന്‍ കോളെജിലെ പഠന കാലത്തു തുടങ്ങിയ ഇടതുപക്ഷ ബന്ധം ഒ എന്‍ വി കുറുപ്പ് അവസാന നിമിഷം വരെ കാത്തു സൂക്ഷിച്ചിരുന്നു. നാളെ തിരുവനന്തപുരത്ത് സമാപിക്കുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ തിരുവനന്തപുരം ജില്ലാ സംഘാടക സമിതി ചെയര്‍മാനായിരുന്നു അദ്ദേഹം.

എസ് എന്‍ കോളെജില്‍ അദ്ദേഹം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്നു. പിന്നീട് സിപിഐയോട് ചേര്‍ന്നും പ്രവര്‍ത്തിച്ചിരുന്നു. പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളെ എന്ന അദ്ദേഹത്തിന്റെ ഗാനമുള്ള നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കിയെന്ന കെ പി എ സിയുടെ നാടകം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറെ സ്വീകാര്യത ലഭിക്കുന്നതിന് ഇടയാക്കിയ ഒന്നായിരുന്നു.

കേരള രാഷ്ട്രീയത്തില്‍ വിപ്ലവ കവിയായി അദ്ദേഹം അറിയപ്പെട്ടിരുന്നു.
കെ പി എ സിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം സിപിഐയുടെ പിളര്‍പ്പിനെ തുടര്‍ന്ന് തോപ്പില്‍ ഭാസി, കാമ്പിശേരി കരുണാകരന്‍ തുടങ്ങിയവരോടൊപ്പം സിപിഐയില്‍ തന്നെ തുടരുകയായിരുന്നു.

കോളെജ് അധ്യാപകനായി സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ഇടതുപക്ഷാഭിമുഖ്യം അദ്ദേഹം പുലര്‍ത്തിയിരുന്നു.

1989-ല്‍ സിപിഐയുടെ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ ഇടതു സ്വതന്ത്രനായി തെരഞ്ഞെടുപ്പ് രംഗത്ത് പരീക്ഷണം നടത്താനും അദ്ദേഹത്തിലെ ഇടതു മനസ്സ് തയ്യാറായി. എങ്കിലും കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ എ ചാള്‍സിനോട് തോല്‍ക്കുകയായിരുന്നു അദ്ദേഹം.

ഇപ്റ്റയുടെ സജീവ പ്രവര്‍ത്തകനും കൂടിയായിരുന്നു ഒഎന്‍വി. എംഎ ബേബി കുണ്ടറയില്‍ നിന്ന് മത്സരിച്ചപ്പോള്‍ ആദ്യാവസാനം സജീവമായി പ്രചാരണത്തിന് ഇറങ്ങാനും ഒഎന്‍വി തയ്യാറായിരുന്നു.

This post was last modified on December 27, 2016 3:38 pm