X

ബിജെപിയെ വളര്‍ത്തിയത് സിപിഐഎം: ഉമ്മന്‍ചാണ്ടി

അഴിമുഖം പ്രതിനിധി

കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സി.പി.ഐ.എമ്മാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് തന്റെ വാദമല്ലെന്നും തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതകളാണിതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

വടക്ക് മഞ്ചേശ്വരത്തും തെക്ക് നേമത്തും ഇതിന് വ്യക്തമായ കണക്കുകളുണ്ട്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ യു.ഡി.എഫിന് 17.38 ശതമാനം വോട്ട് ലഭിച്ചു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ ഇത് 27.10 ശതമാനമായി ഉയര്‍ന്നു. ബി.ജെ.പിക്ക് 2011-ലെ തെരഞ്ഞെടുപ്പില്‍ 37.49 ശതമാനം വോട്ട് ലഭിച്ചു. ഇത് 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ 42.10 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലയളവില്‍ എല്‍.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം 43.02 ശതമാനത്തില്‍നിന്നും 26.33 ശതമാനമായി കുത്തനെ ഇടിഞ്ഞു. എല്‍.ഡി.എഫിന്റെ വോട്ട് കുത്തനെ ഇടിഞ്ഞപ്പോള്‍ അതില്‍നിന്നു നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയായ ഒ.രാജഗോപാല്‍ 2,81,818 വോട്ട് പിടിച്ച് വിജയത്തിനരികെ വരെ എത്തിയത് ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലനായ ഒരു പേമെന്റ് സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടല്ലേയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

യു.ഡി.എഫ്. കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടാണ് വിജയിക്കാന്‍ കഴിഞ്ഞത്. അല്ലായിരുന്നുവെങ്കില്‍ ഇടതുപക്ഷം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുകൊണ്ടു മാത്രം ബി.ജെ.പിക്ക് ആദ്യമായി കേരളത്തില്‍ ഒരു എം.പി. ഉണ്ടാകുമായിരുന്നില്ലേയെന്ന ചോദ്യവും മുഖ്യമന്ത്രി ഉന്നയിക്കുന്നു. ഇത്തരത്തില്‍ കേരളത്തില്‍നിന്ന് ഒരു ബി.ജെ.പി. പ്രതിനിധിയെ ലോക്‌സഭയിലേക്ക് അയക്കാന്‍ സാഹചര്യമൊരുക്കിയ ഇടതുപക്ഷമാണോ യു.ഡി.എഫ്. ബി.ജെ.പി. ബാന്ധവം ഇപ്പോള്‍ ആരോപിക്കുന്നത്.

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫിന് 49,817 വോട്ട് ലഭിച്ചു. ഇത് 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52,459 വോട്ടായി ഉയര്‍ന്നു. 2011-ല്‍ ബി.ജെ.പിക്ക് 43,989 വോട്ട് ലഭിച്ചത് 2014-ല്‍ 46,631 വോട്ടായി വര്‍ധിച്ചു. ഇക്കാലയളവില്‍ എല്‍.ഡി.എഫിനു ലഭിച്ച വോട്ട് 35,067-ല്‍ നിന്നും 29,433 വോട്ടായി കുറഞ്ഞു. സി.പി.ഐഎമ്മിലെ വോട്ട് ചോര്‍ച്ചയിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടായതെന്നു വ്യക്തമല്ലേ.

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ മാറിനിന്ന് മൂന്നാം മുന്നണിയായി മത്സരിച്ച് സാക്ഷാല്‍ നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയായ ബി.ജെ.പിക്ക് പത്ത് സീറ്റുകളില്‍ വിജയിക്കാനുള്ള അവസരമുണ്ടാക്കിയത് സി.പി.ഐ.എം. അല്ലേ. 34 വര്‍ഷം ഭരിച്ച ബംഗാളില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് വളര്‍ന്നത് സി.പി.ഐ.എമ്മിന്റെ തകര്‍ച്ചയില്‍നിന്നല്ലേ. കേരളത്തിലും സി.പി.ഐ.എമ്മിന്റെ ജീര്‍ണതയും വിഭാഗീയതയുമല്ലേ ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സി.പി.ഐ.എം. പ്രമേയം അച്ചടിച്ചു വിതരണം ചെയ്തല്ലേ ബി.ജെ.പി. വോട്ട് പിടിച്ചത്. ഇത്തവണയും സി.പി.ഐ.എമ്മിന്റെ ജീര്‍ണതയും ഇരട്ടത്താപ്പും എണ്ണിപ്പറഞ്ഞല്ലേ ബി.ജെ.പി. വോട്ട് പിടിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ച്, യു.ഡി.എഫ് ബി.ജെ.പി ബന്ധം ആരോപിക്കുന്ന സി.പി.ഐഎമ്മിന്റെ പണി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

This post was last modified on December 27, 2016 4:01 pm

Related Post
Leave a Comment