X

സി ഒ ടി നസീര്‍ മറ്റൊരു ടിപിയോ അതോ അബ്ദുള്ളക്കുട്ടിയോ?

ഷംസീർ എം എൽ എക്കെതിരെ ഉയർന്നിട്ടുള്ള ആരോപണത്തിൽ സർക്കാരും പാർട്ടിയും എന്ത് തന്നെ നിലപാട് സ്വീകരിച്ചാലും നസീറിനെ എത്രയും പെട്ടെന്ന് തന്നെ കോൺഗ്രസിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ സുധാകരനും കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയും കരുക്കൾ നീക്കുന്നത്

പെരിയ ഇരട്ടക്കൊലപാതകം സി പി എമ്മിന് ഉണ്ടാക്കിവെച്ച ക്ഷീണം ഒട്ടും ചെറുതല്ല. ആ ക്ഷീണം മാറുന്നതിനു മുൻപ് തന്നെയാണ് തലശ്ശേരിയിലെ വിമത സി പി എം നേതാവ് സി ഒ ടി നസീറിന് നേരെ വധശ്രമം ഉണ്ടായതും അതിനു പിന്നിൽ തലശ്ശേരിയിലെ സി പി എം യുവ എം എൽ എ എ എൻ ഷംസീർ ആണെന്ന ആരോപണം ഉയർന്നു വന്നതും. ആരോപണം ആദ്യം ഉന്നയിച്ചത് ആക്രമിക്കപ്പെട്ട നസീർ തന്നെയാണെന്നതിനാൽ സി പി എമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ പോന്ന ഒരായുധമായി കോൺഗ്രസ്സും ബി ജെ പിയുമൊക്കെ അതിനെ മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഭാഗമായി ഷംസീറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി നിരാഹാര സമരവും തുടങ്ങിയിട്ടുണ്ട്. നസീർ വധശ്രമക്കേസിൽ മാത്രമല്ല തലശ്ശേരിയിൽ അടുത്ത കാലത്തു നടന്ന മുഴുവൻ കൊലപാതകങ്ങളിലും യുവ എം എൽ എ ക്കുള്ള പങ്ക് അന്വേഷിക്കണം എന്ന ആവശ്യമാണ് ബി ജെ പി മുന്നോട്ടു വെച്ചിട്ടുള്ളത്.

തലശ്ശേരിയിലെ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ടു അഴിമതി നടന്നിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ എം എൽ എ തന്നെ ഓഫിസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് നസീർ പറയുന്നത്. ഇത് തന്നെയാണ് തനിക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ എം എൽ എ ആണെന്ന് അയാൾ ആവർത്തിക്കുന്നതും. ഇക്കഴിഞ്ഞ മെയ് 19  നായിരുന്നു തലശ്ശേരിയിൽ വെച്ച് നസീർ ആക്രമിക്കപ്പെട്ടത്. അടുത്ത കാലത്തു സി പി എമ്മിൽ നിന്നും രാജി വെച്ച നസീർ ഇക്കഴിഞ്ഞ ലോക് സഭ തിരെഞ്ഞെടുപ്പിൽ വടകരയിൽ  സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ‘ മാറ്റിക്കുത്തിയാൽ മാറ്റം കാണാം’ എന്ന മുദ്രാവാക്യവുമായി മത്സര രംഗത്തിറങ്ങിയ നസീർ തന്റെ ലക്‌ഷ്യം വടകരയിലെ സി പി എം സ്ഥാനാർഥി പി ജയരാജനെ പരാജയപ്പെടുത്തുക എന്നതാണ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ നസീറിനെ വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ പി ജയരാജൻ ആണെന്ന് വടകരയിലെ കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ അടക്കമുള്ളവർ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക്കെതിരേ നടന്ന ആക്രമണത്തിൽ ജയരാജന് പങ്കില്ലെന്ന നിലപാടാണ് നസീർ സ്വീകരിച്ചത്. കേസ് അന്വേഷിച്ചിരുന്ന സി ഐയോട് ഷംസീറിന്റെ പേര് പറഞ്ഞിരുന്നുവെങ്കിലും പോലീസ് ആ വഴിക്കു അന്വേഷണം നടത്തിയില്ലെന്നും നസീർ പറയുന്നു.

നസീറിന് നേർക്കുണ്ടായ ആക്രമണം ഒറ്റപ്പെട്ടതാണെന്നും അതിൽ എം എൽ എക്ക് പങ്കില്ലെന്നുമാണ് ആഭ്യന്തര വകുപ്പുകൂടി കൈയാളുന്ന മുഖ്യമന്ത്രി നിയസഭയിൽ പ്രസ്താവിച്ചത്. പാർട്ടിക്ക് ആക്രമണത്തിൽ നേരിട്ട് പങ്കില്ലെന്ന് നേതൃത്വം പറയുമ്പോഴും കേസിൽ അറസ്റുചെയ്യപ്പെട്ടവരെല്ലാം സി പി എം – ഡി വൈ എഫ് ഐ പ്രവർത്തകർ ആണെന്നത് ഉണ്ടാക്കുന്ന തലവേദന ചെറുതൊന്നുമല്ല. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വം പീതാംബരനിലേക്കും അയാളുടെ സുഹൃത്തുക്കളായ ചില പാർട്ടി പ്രവർത്തകരിലേക്കും ഒതുക്കിയതുപോലെ നസീറിന് നേരെയുണ്ടായ വധശ്രമവും നിസ്സാരവൽക്കരിക്കാനാണ് സി പി എമ്മും സർക്കാരും ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

നേരത്തെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളുടെ മുഴുവൻ ഉത്തരവാദിത്തവും സി പി എം ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജനുമേലാണ് എതിരാളികൾ ചാർത്തിക്കൊടുത്തിരുന്നതെങ്കിൽ ഇപ്പോൾ ഷംസീർ എം എൽ എ ആ സ്ഥാനത്തേക്ക് വന്നിരിക്കുന്നുവെന്നതിനാൽ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ തലമുറ മാറ്റം ഉണ്ടായതായും പ്രതിപക്ഷ പാർട്ടികൾ ആക്ഷേപിക്കുന്നുണ്ട്. അതോടൊപ്പം തന്നെ സി പി എം വിമതനും ആർ എം പി നേതാവുമായിരുന്ന ടി പി ചാന്ദ്രശേഖരന്റെ വധവുമായി നസീറിന് നേരെയുണ്ടായ വധശ്രമത്തെ കൂട്ടിവായിക്കുന്നവരുമുണ്ട്. ഇരുവരും സി പി എമ്മിൽ നിന്നും പുറത്തുപോയവർ ആണെന്നത് തന്നെയാണ് പ്രധാന കാരണം. സി പി എം പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിയെ താൻ എം എൽ എ ആക്കിയില്ലായിരുന്നുവെങ്കിൽ അയാളുടെ കൈയും കാലും ഉണ്ടാകുമായിരുന്നില്ലായെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ വീമ്പു പറഞ്ഞതും ഈ അടുത്തകാലത്താണ് എന്നതിനാൽ ടി പി ചന്ദ്രശേഖരന്റെ വധവും നസീറിന് നേരെയുണ്ടായ വധ ശ്രമവും സി പി എം വിരോധികൾ എത്ര ശക്തമായ പ്രചാരണായുധമാക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട.

ഷംസീർ എം എൽ എക്കെതിരെ ഉയർന്നിട്ടുള്ള ആരോപണത്തിൽ സർക്കാരും പാർട്ടിയും എന്ത് തന്നെ നിലപാട് സ്വീകരിച്ചാലും നസീറിനെ എത്രയും പെട്ടെന്ന് തന്നെ കോൺഗ്രസിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ സുധാകരനും കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയും കരുക്കൾ നീക്കുന്നത്. നസീറിനെ സന്ദർശിച്ച സുധാകരൻ എല്ലാവിധ സഹായങ്ങളും വാഗ്‌ദാനം ചെയ്തതും നസീറിനെ കോൺഗ്രെസ്സിലെത്തിച്ചു അബ്ദുള്ളക്കുട്ടി പോയതിന്റെ ക്ഷീണം അല്പം കുറക്കുക എന്ന ലക്ഷ്യത്തോടുകൂടിതന്നെയാണ്. കോൺഗ്രസ് നേതാക്കളുടെ ഇത്തരമൊരു നീക്കത്തിൽ അപാകത കാണുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. പക്ഷെ നസീറിന് നേരെയുണ്ടായ വധശ്രമം പതിറ്റാണ്ടുകളായി തലശ്ശേരിയിലെ മുസ്ലിം ജന വിഭാഗം സി പി എമ്മിൽ അർപ്പിച്ചു പോന്ന വിശ്വാസത്തെ എത്രകണ്ട് ദുര്‍ബലപ്പെടുത്തും എന്ന് ആ പാർട്ടിയുടെ നേതൃത്വം പരിശോധിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

Read More: “സിപിഐ മന്ത്രിമാരുടെ യോഗ്യത: അഞ്ചടിയില്‍ താഴെ പൊക്കം, 90% കഷണ്ടി”; അത്ര തമാശയല്ല, കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ശരീര അവഹേളന പ്രസംഗം

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on June 17, 2019 1:49 pm