X

പി ജയരാജനോട് ആര്‍ക്കാണിത്ര വിരോധം? കണ്ണൂര്‍ സി പി എമ്മില്‍ സംഭവിക്കുന്നത്

ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ക്ഷീണം മാറുന്നതിനു മുൻപ് തന്നെ വിവാദങ്ങളുടെ പിടിയിൽ പെട്ടിരിക്കുകയാണ് സി പി എം

ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ക്ഷീണം മാറുന്നതിനു മുൻപ് തന്നെ വിവാദങ്ങളുടെ പിടിയിൽ പെട്ടിരിക്കുകയാണ് സി പി എം. തലശ്ശേരിയിലെ വിമത നേതാവും വടകരയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായിരുന്ന സി ഒ ടി നസീറിന് നേരെയുണ്ടായ വധശ്രമം പാർട്ടിയെ പിടിച്ചുലക്കുന്നതിനിടയിൽ തന്നെയാണ് സി പി എം നേതാവും ഷൊർണൂർ എം എൽ എ യുമായ പി കെ ശശിക്കെതിരെ ആരോപണം ഉന്നയിച്ച പാലക്കാട് മണ്ണാർക്കാട് നിന്നുള്ള ഡി വൈ എഫ് ഐ വനിതാ നേതാവ് രാജി വെച്ചതും പരാതിക്കാരിയെ പിന്തുണച്ചതിന്റെ പേരിൽ ചില ഡി വൈ എഫ് ഐ നേതാക്കളെ തരം താഴ്ത്തിയെന്നുമുള്ള ആരോപണം ഉയർന്നതും. തൊട്ടുപിന്നാലെ തന്നെ വന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ഒരു യുവതി നൽകിയ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം. വിവാദങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി പാർട്ടിയെ ശ്വാസം മുട്ടിക്കുന്നിടയിലിതാ ഒരു പ്രവാസി സംരംഭകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം കൂടി പാർട്ടി നേതൃത്വത്തെ കടുത്ത പ്രധിരോധത്തിലാക്കിയിരിക്കുന്നു.

പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ബിനോയ് കോടിയേരി എന്നതൊഴിച്ചാൽ ദുബായിൽ ഡാൻസറായിരുന്ന യുവതി നൽകിയ പരാതിയുമായി സി പി എമ്മിന് നേരിട്ട് ബന്ധമൊന്നുമില്ല. എങ്കിലും രാഷ്ട്രീയ എതിരാളികൾ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ബിനോയ് വിഷയം പോലെ അല്ല മറ്റു വിവാദങ്ങൾ. തന്നെ വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ തലശ്ശേരിയിലെ സി പി എം യുവ എം എൽ എ എ എൻ ഷംസീർ ആണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ആക്രമണത്തിന് ഇരയായ നസീർ. പാലക്കാട്ടെ ലൈംഗിക പീഡന ആരോപണത്തിലും പ്രതിസ്ഥാനത്ത് നിൽക്കുന്നത് പാർട്ടി നേതാവു കൂടിയായ എം എൽ എ തന്നെയാണ്. കണ്ണൂരിൽ പ്രവാസി യുവ സംരംഭകൻ ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിന് പിന്നിൽ പ്രതിസ്ഥാനത്തു നിൽക്കുന്നതും സി പി എം ഭരിക്കുന്ന ആന്തൂർ നഗരസഭയും അതിന്റെ ചെയർപേഴ്സൺ പി കെ ശ്യാമളയുമാണ്. പി കെ ശ്യാമള സി പി എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയാണെന്നതിനും എതിരാളികൾ പരമാവധി ഊന്നൽ നൽകുന്നുണ്ട്.

ഏതാണ്ട് ഇരുപതു വര്‍ഷത്തോളം നൈജീരിയ അടക്കമുള്ള വിദേശരാജ്യങ്ങളിൽ ജോലി ചെയ്തു സമ്പാദിച്ച പണവും ബാങ്കിൽ നിന്നുമെടുത്ത അമ്പതു ലക്ഷം രൂപയുടെ വായ്പയും ചേർത്ത് 15 കോടി രൂപ മുടക്കി നിർമിച്ച കൺവെൻഷൻ സെന്ററിന് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ ആന്തൂർ നഗര സഭ വിസമ്മതിച്ചതിനെ തുടർന്നാണ് സി പി എം അനുഭാവി കൂടിയായ പാറയിൽ സാജൻ എന്ന പ്രവാസി സംരംഭകൻ ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. രണ്ടു ദിവസം മുൻപാണ് സാജൻ ആത്മഹത്യ ചെയ്തത്. ആന്തൂർ നഗരസഭയുടെ പരിധിയിൽ വരുന്ന ബക്കളം എന്ന സ്ഥലത്താണ് കൺവെൻഷൻ സെന്റർ പണിതത്. നേരത്തെ സമർപ്പിച്ചിരുന്ന പ്ലാനിൽ മാറ്റം വരുത്തിയെന്ന് പറഞ്ഞാണത്രെ നഗരസഭ നിർമാണത്തിൽ ഇടപെട്ടതും പിന്നീട് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതും എന്നാണ് മരിച്ച സാജന്റെ ഭാര്യയും ബന്ധുക്കളും ആക്ഷേപിക്കുന്നത്. എന്നാൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ സ്വാഭാവിക കാലതാമസം മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നാണ് നഗരസഭ അധ്യക്ഷയുടെ വിശദീകരണം.

നഗരസഭ ഉടക്ക് വെച്ചതിനെ തുടർന്ന് സി പി എം അനുഭാവികൂടിയായ സാജൻ ആദ്യം പ്രാദേശിക നേതൃത്വത്തെയും അവർ മുഖേന ജില്ലാ നേതൃത്വത്തെയും സമീപിച്ചുവെന്നും അന്ന് ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജൻ പ്രശ്നത്തിൽ ഇടപെടുകയും അദ്ദേഹം മുൻകൈ എടുത്ത്‌ ജില്ലാ ടൌൺ പ്ലാനിങ് വിഭാഗവുമായി ചേർന്ന് ഒരു സംയുക്ത പരിശോധനക്ക് വേദിയൊരുക്കുകയും ചെയ്തുവെന്നും കുടുംബം പറയുന്നു. അന്നത്തെ പരിശോധനയിൽ അനധികൃത നിർമാണം നടന്നിട്ടില്ലെന്ന് ജില്ലാ ടൌൺ പ്ലാനിങ് വിഭാഗം സർട്ടിഫൈ ചെയ്‌തെങ്കിലും നഗരസഭ വീണ്ടും കടുംപിടുത്തം തുടർന്നുവെന്നും ഇതാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം. പി ജയരാജൻ ഇടപെട്ടതിലുള്ള വിരോധവും പാർട്ടിക്കുള്ളിലെ വിഭാഗീയതും നഗരസഭയുടെ പ്രതികാരത്തിന് കാരണമായതായി ബന്ധുക്കൾ സംശയിക്കുന്നുണ്ട്.

കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ആന്തൂരിൽ യു ഡി എഫിന് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല. കോൺഗ്രസ് ജില്ലാ നേതൃത്വം സമ്മർദ്ദം ചെലുത്തിയിട്ടും മത്സരിക്കാൻ ആരും തയ്യാറാവാത്തതായിരുന്നു കാരണം. സമ്പൂർണ സി പി എം നിയന്ത്രണിത്തിലുള്ള ആന്തൂരിൽ നഗരസഭയുടെ തെറ്റ് മൂലം സംഭവിച്ച ആത്മഹത്യ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്സും യു ഡി എഫും. ഇന്നലെ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ച യു ഡി എഫ് സാജന്റെ മരണം ഉയർത്തിക്കാട്ടി കടുത്ത പ്രക്ഷോഭത്തിന്‌ തയ്യാറെടുത്തതോടെ വല്ലാത്തൊരു വെട്ടിലാണ് സി പി എം ചെന്ന് വീണിരിക്കുന്നത്.

Read More: 28 വര്‍ഷത്തിനു ശേഷം ആദിവാസി യുവതി ശിവാളിന് മോചനം, പക്ഷേ അടിമപ്പണി ചെയ്യിച്ചയാളുടെ വീട്ടില്‍ തന്നെ തുടരാനുള്ള ഉത്തരവ് അട്ടിമറിയെന്ന് ആരോപണം

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on June 23, 2019 4:36 pm