X

തോല്‍വിക്ക് തൊടുന്യായം; എന്തുകൊണ്ട് വി എസിന്റെ കത്ത് സി പി എം ചര്‍ച്ച ചെയ്യണം

വ്യക്തിനിഷ്ഠമായ ഒത്തുതീർപ്പുകൾ എന്നതുകൊണ്ട് വി എസ് ലക്‌ഷ്യം വെക്കുന്നത് ലോക്സഭ തിരെഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല

ഒടുവിൽ സി പി എം കേന്ദ്ര കമ്മിറ്റിയും സമ്മതിച്ചു, ശബരിമല യുവതി പ്രവേശന വിഷയത്തിൽ പാർട്ടി കേരള ഘടകവും കേരള സർക്കാരും എടുത്ത നിലപാട് ശരിയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ കോൺഗ്രസ്സും സംഘപരിവാറും ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ ആശങ്ക ദൂരീകരിക്കാൻ പാർട്ടിക്കോ സർക്കാരിനോ കഴിഞ്ഞില്ല. അതാണ് ലോക്സഭ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ എൽ ഡി എഫിന് തിരിച്ചടിയായത്. ചുരുക്കത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയുമൊക്കെ ചർച്ച ചെയ്തു എത്തിച്ചേർന്ന നിഗമനം തന്നെയാണ് ഇപ്പോൾ കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ചിരിക്കുന്നത്. ശബരിമല വിഷയം കൂടാതെ മോദിയുടെ തുടര്‍ ഭരണത്തിനു തടയിടാൻ ദേശീയ തലത്തിൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന ധാരണ കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയിൽ ഉണ്ടായതും തങ്ങൾക്കു തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റിയും വിലയിരുത്തുന്നുണ്ട്. ഇതും നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും കേരളത്തിലെ കനത്ത തോൽവിക്ക് കാരണമായി കണ്ടെത്തിയ കാരണം തന്നെ. നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാനുള്ള കർമ്മ പരിപാടികളുമായി കേരളത്തിലെ പാർട്ടിയും സർക്കാരും മുന്നോട്ടു പോകണമെന്ന നിർദ്ദേശവും കേന്ദ്ര കമ്മിറ്റി മുന്നോട്ടു വെച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുത്ത് പാർട്ടിയും മുന്നണിയും കൂടുതൽ കരുത്താർജിക്കുമെന്നും അടുത്ത് നടക്കാനിരിക്കുന്ന ഉപതിരെഞ്ഞെടുപ്പുകളിൽ എൽ ഡി എഫ് ഉജ്വല വിജയം നേടുമെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും പറയുകയുണ്ടായി.

ഓരോ തിരഞ്ഞെടുപ്പിന് ശേഷവും തിരെഞ്ഞെടുപ്പ് ഫലം വിജയമായാലും തോൽവിയായാലും അത് വിശദമായി പരിശോധിക്കുന്ന ശീലം കൃത്യമായി കൊണ്ടുനടക്കുന്ന ഒരു പാർട്ടിയാണ് സി പി എം എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവാൻ ഇടയില്ല. ഈ ശീലം പാർട്ടിയെ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളതും. എന്നാൽ ഇത്തവണ പാർട്ടിയുടെ വിലയിരുത്തൽ അത്രകണ്ട് സത്യസന്ധമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അരങ്ങേറിയ പെരിയ ഇരട്ടക്കൊലപാതകം ഉത്തര മലബാറിൽ മാത്രമല്ല കേരളമെമ്പാടും പാർട്ടിക്കുണ്ടാക്കിയ അപമാനമോ പി കെ ശശി എം എൽ എ യും കണ്ണൂരിലെയും തൃശ്ശൂരിലെയുമൊക്കെ ഡി വൈ എഫ് ഐ നേതാക്കൾ പ്രിതികളായ സ്ത്രീ പീഡനക്കേസുകളിൽ പാർട്ടി സ്വീകരിച്ച നിലപാടുകൾ എത്ര കണ്ട് തിരിഞ്ഞു കുത്തിയെന്നതുമൊന്നും തിരെഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്ത ഒരു യോഗത്തിലും ചർച്ച ചെയ്യപ്പെട്ടതായി കണ്ടില്ല. സകലമാന സര്‍വ്വേകളും വിജയം പ്രവചിച്ചിട്ടും സി പി എമ്മിന്റെ സിറ്റിംഗ് എം പി യായിരുന്ന എം ബി രാജേഷിന് പാലക്കാട് സംഭവിച്ച പരാജയത്തിന് പ്രധാന കാരണം പി കെ ശശി കേസിൽ അദ്ദേഹം പരാതിക്കാരിക്കൊപ്പം നിലകൊണ്ടതിൽ പ്രതിക്ഷേധിച്ചുണ്ടായ കാലുവാരലാണെന്ന് പാലക്കാട്ടെ ഒരു വിഭാഗം പാർട്ടിക്കാർ തന്നെ ആക്ഷേപം ഉന്നയിച്ചിട്ടും ഇക്കാര്യം പരിശോധിക്കാൻ പാർട്ടിയുടെ സംസ്ഥാന -കേന്ദ്ര സമിതികൾ തയ്യാറായില്ലെന്നത് അത്ഭുതം ഉളവാക്കുന്ന കാര്യം തന്നെ. അതേപോലെ തന്നെ പാർട്ടിയുടെ ഉരുക്കുകോട്ട എന്നറിയപ്പെട്ടിരുന്ന കാസർകോട് നാണം കെട്ട തോൽവിക്ക് പെരിയ ഇരട്ടക്കൊലപാതകം എത്രകണ്ട് കാരണമായി എന്നതും വിശകലന വിധേയമായോ എന്നും അറിയില്ല.

ഇവിടെയാണ് പാർട്ടിയിലെ ഏറ്റവും പ്രായം ചെന്ന നേതാവുകൂടിയായ വി എസ് അച്യുതാനന്ദന്‍റെ ‘തൊടുന്യായ’ സിദ്ധാന്തത്തിന്റെ പ്രസക്തി എന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര കമ്മിറ്റി സമ്മേളിച്ച വേളയിലാണ് തോൽവിക്ക് തൊടുന്യായങ്ങൾ നിരത്തി പരിമിതപ്പെടുത്തരുതെന്നും എന്തുകൊണ്ട് തോറ്റു എന്നത് സത്യസന്ധമായി അനേഷിച്ചു കണ്ടെത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വി എസ് കേന്ദ്ര കമ്മിറ്റിക്കു കത്തയച്ചത്. വി എസ് കേന്ദ്രകമ്മിറ്റിക്ക് അയച്ച കത്തിൽ പറയുന്നത് എന്ന് പറഞ്ഞു ജൂൺ 9 നു മലയാള മനോരമ പത്രത്തിൽ വന്ന വാർത്ത ഇങ്ങനെ: ‘വസ്തുനിഷ്ഠമായ നിഗമനങ്ങൾ രൂപപ്പെടുത്തുന്നതിന് പകരം വ്യക്തിനിഷ്ഠമായ തീർപ്പുകളാണ് പാർട്ടി കേരളത്തിൽ നടപ്പാക്കുന്നത്. പാർട്ടി നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള കേരളത്തിൽ പാർട്ടിയുടെ പോക്കിനെക്കുറിച്ചു കേന്ദ്ര നേതൃത്വത്തിന്റെ അന്വേഷണം വേണം. തോൽവിക്ക് തൊടുന്യായം കണ്ടെത്തി പരിമിതപ്പെടുത്തരുത്. എന്തുകൊണ്ട് തോറ്റെന്ന സത്യസന്ധമായ അന്വേഷണം വേണം.’

അതേ ദിവസത്തെ പത്രത്തിൽ തന്നെ വി എസ് ഹരിപ്പാട് നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള വാർത്തയും മനോരമ നൽകിയിരുന്നു. ആ വാർത്ത ഇങ്ങനെ: ‘തിരിച്ചടിയുടെ കാരണം ശബരിമലയാണെന്ന വിലയിരുത്തലിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണം. തോൽവിക്ക് തൊടുന്യായം കണ്ടെത്തുന്നതിലേക്ക് അത് പരിമിതപ്പെടുത്തരുത്. വിശ്വാസങ്ങളും ആചാരങ്ങളും ഇന്നത്തേക്കാൾ ശക്തമായിരുന്നിട്ടും പഴയകാലത്തു ഇടതുപക്ഷം മുന്നേറി. അത് ജനമനസ്സുകളിൽ പാർട്ടിയുടെ സ്ഥാനം മത, സമുദായ സംഘടനകൾക്കും വർഗീയ ശക്തികൾക്കും മുകളിലായതുകൊണ്ടാണ്. ഇപ്പോൾ നേരെ തിരിഞ്ഞുവെന്നാണ് കരുതേണ്ടത്.’

കേരളത്തിൽ പാർട്ടിയിൽ ഉണ്ടായിരുന്ന വിഭാഗയീതയിൽ വി എസിനുണ്ടായിരുന്ന പങ്കു കുറച്ചുകാണുന്നില്ല. വ്യക്തിനിഷ്ഠമായ ഒത്തുതീർപ്പുകൾ എന്നതുകൊണ്ട് വി എസ് ലക്‌ഷ്യം വെക്കുന്നത് ലോക്സഭ തിരെഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണെന്ന കാര്യത്തിലും സംശയമില്ല. ഇതൊക്കെ അംഗീകരിക്കുമ്പോഴും തൊടുന്യായങ്ങൾക്കപ്പുറത്തേക്കുള്ള സത്യസന്ധമായ ഒരു വിലയിരുത്തൽ എന്ന വി എസിന്റെ ആവശ്യത്തെ വെറുതെ അങ്ങ് തള്ളിക്കളയാൻ ആകാവുന്ന ഒന്നല്ലെന്നു കരുതേണ്ടിയിരിക്കുന്നു. അത്തരം ഒരു വിലയിരുത്തലിലൂടെയല്ലാതെ പാർട്ടി ഇന്നെത്തിച്ചേർന്നിരിക്കുന്ന പരിതാപകരമായ അവസ്ഥക്ക് ഒരു പരിഹാരം കണ്ടെത്തുക എന്നത് സാധ്യമാകുമെന്നു തോന്നുന്നില്ല.

എന്നാൽ എന്തുകൊണ്ടോ കേന്ദ്ര കമ്മിറ്റി വി എസിന്റെ കത്ത് ചർച്ച ചെയ്തില്ലെന്നാണ് ഇന്നലത്തെ പത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരു പക്ഷെ കത്തിന്റെ കോപ്പി കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾക്കു ലഭ്യമാക്കിയതിനാലാവാം. ചിലപ്പോൾ കത്ത് പോളിറ്ബ്യുറോ വിശദമായി പഠിച്ചതിനുശേഷം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ ചർച്ചക്ക് വെക്കാം എന്ന് കരുതിയുമാകാം. എന്തുതന്നെയായാലും ശബരിമലയോ വിശ്വാസ സംരക്ഷണമോ മാത്രമല്ല പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റി നിര്‍ത്തുന്നത്. ചില നേതാക്കളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജീവിത ശൈലിയും നടപടികളും ഇക്കാര്യത്തിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ടെന്ന യാഥാർഥ്യം ഇനിയെങ്കിലും പാർട്ടി തിരിച്ചറിയേണ്ടതുണ്ടെന്നു തോന്നുന്നു.

Read More: ‘ഇതെന്താ പാകിസ്ഥാന്റെ കൊടിയാണോ?’, ബോട്ടുകളില്‍ പച്ചക്കൊടി കണ്ടാല്‍ കോസ്റ്റ്ഗാര്‍ഡിന്റെ ചോദ്യം; ആവര്‍ത്തിച്ചുള്ള ഈ അന്വേഷണം അത്ര നിഷ്കളങ്കമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on June 13, 2019 12:28 pm