X

യോഗിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഉടന്‍ മോചിപ്പിക്കണം: യുപി പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി യുപി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ യുപി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഒരു ട്വീറ്റിന്റെ പേരില്‍ എങ്ങനെയാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി യുപി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയുണ്ടെങ്കില്‍ തന്നെ അത് കൊലപാതകമൊന്നുമല്ല എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ശനിയാഴ്ചയാണ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. യോഗി ആദിത്യനാഥിനെ വിമര്‍ശിക്കുന്ന ഒരു ട്വിറ്റര്‍ വീഡിയോ ആണ് യുപി സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. പ്രശാന്ത് കനോജിയ അടക്കം അഞ്ച് പേരെയാണ് രണ്ട് ദിവസത്തിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

ലക്‌നൗവിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ പ്രശാന്ത് കനോജിയയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. കനോജിയ ഷെയര്‍ ചെയ്ത് ട്വിറ്റര്‍ വീഡിയോയില്‍ ഒരു സ്ത്രീ താന്‍ യോഗിയോട്് വിവാഹാഭ്യര്‍ത്ഥന നടത്തിയതായി പറയുന്നുണ്ട്. ജൂണ്‍ ആറിന് നടന്ന ചര്‍ച്ചയില്‍ ഈ സ്ത്രീ യോഗിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതായും പരാതിയുണ്ട്. കനോജിയയെ അറസ്റ്റ് ചെയ്ത അന്ന് വൈകുന്നേരം ചാനല്‍ ഹെഡിനെ അറസ്റ്റ് ചെയ്തിരുന്നു.

This post was last modified on June 11, 2019 2:23 pm