X

പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനത്തിന്റെ രഹസ്യഭാഷ

മോദിയെ മുന്നില്‍ നിര്‍ത്തിയാല്‍ ജയിക്കാനാകില്ല എന്ന് ആര്‍ എസ് എസിന് ബോധ്യമായെന്നാണോ? കോണ്‍ഗ്രസില്‍ നിന്നും ആളെ കടമെടുക്കാന്‍ മാത്രം ദരിദ്രമാണോ സംഘ ശേഷി?

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തേക്ക് നടത്തിയ സന്ദര്‍ശനത്തിന് ശേഷം വന്ന മാധ്യമ വാര്‍ത്തകളുടെയും നിരീക്ഷണങ്ങളുടെയും പ്രളയം സാമാന്യമായി പറഞ്ഞാല്‍ കുരുടന്‍മാര്‍ ആനയെ കണ്ട പോലെയാണ്. അടുത്ത പ്രധാനമന്ത്രിയായി ആര്‍ എസ് എസ് പ്രണബ് മുഖര്‍ജിയെ ഉയര്‍ത്തിക്കാട്ടുമെന്ന് ചില നിരീക്ഷകര്‍ പറഞ്ഞു. തങ്ങളുടെ ഒറ്റയാന്‍ സിദ്ധാന്തത്തെ സാധൂകരിച്ചെടുക്കാനുള്ള സംഘ തന്ത്രമാണ് ഇതെന്ന് മറ്റ് ചിലര്‍. ഭാവിയില്‍ എന്തെങ്കിലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആര്‍ എസ് എസിനെ പ്രീണിപ്പിക്കുകയാണ് പ്രണബ് മുഖര്‍ജി എന്നൊരു കൂട്ടര്‍. തനിക്ക് പ്രധാനമന്ത്രി പദം നിഷേധിച്ച കോണ്‍ഗ്രസിനോട് പക വീട്ടാനാണ് അദ്ദേഹം ശത്രു മേഖലയില്‍ പോയതെന്നും. ഒരു അഭിപ്രായ സമവായത്തിന്റെ ആളായ അദ്ദേഹത്തിന് മോദി സര്‍ക്കാരിനെ വിദൂര നിയന്ത്രണം നടത്തുന്ന ആര്‍ എസ് എസുമായി വിനിമയം നടത്തുന്നതില്‍ തെറ്റൊന്നും തോന്നിയിരിക്കില്ല എന്നും ചിലര്‍ ന്യായീകരിക്കുകയും ചെയ്യുന്നു.

ഈ നിഗമനങ്ങള്‍ എത്രമാത്രം ശരിയാണ്? ഉദാഹരണത്തിന് 2019-ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന വാഗ്ദാനം പ്രണബ് മുഖര്‍ജിക്ക് വെച്ചു നീട്ടി എന്ന വാദം നോക്കുക. അപ്പോള്‍, മോദിയെ മുന്നില്‍ നിര്‍ത്തിയാല്‍ ജയിക്കാനാകില്ല എന്ന് ആര്‍ എസ് എസിന് ബോധ്യമായെന്നാണോ? കോണ്‍ഗ്രസില്‍ നിന്നും ആളെ കടമെടുക്കാന്‍ മാത്രം ദരിദ്രമാണോ സംഘ ശേഷി? ഇനിയിപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക് ആളെ വേണമെങ്കില്‍ത്തന്നെ രാഷ്ട്രപതിയായി വിശ്വാസത്തിലെടുക്കാത്ത മുഖര്‍ജിയെ ആര്‍ എസ് എസ് എങ്ങനെ വിശ്വസിക്കും? മോദി സര്‍ക്കാരിനോട് സൌഹാര്‍ദ സമീപനം പുലര്‍ത്തിയിട്ടും 2012-ലും 2017-ലും ബി ജെ പി മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്താങ്ങിയില്ല. തന്റെ പേരില്‍ അഭിപ്രായ സമവായം ഉണ്ടെങ്കില്‍ മാത്രമേ മത്സരിക്കൂ എന്നു മുഖര്‍ജി പറഞ്ഞിരുന്നു. എന്നാല്‍ ആര്‍ എസ് എസ് മറിച്ചു തീരുമാനിക്കുകയും തങ്ങളുടെ വിശ്വസ്തന്‍ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കുകയുമായിരുന്നു.

ആര്‍ എസ് എസിന്റെ പ്രിയ ശിഷ്യരും മുതിര്‍ന്ന മന്ത്രിമാരുമായ രാജ്നാഥ് സിങും നിതിന്‍ ഗഡ്കരിയും മോദിയുടെ പിന്‍ഗാമിയാകാന്‍ തയ്യാറെടുക്കുകയാണെന്ന് ഡല്‍ഹിയിലെ ഉപശാലകളില്‍ സംസാരമുണ്ട്. മോദി-ഷാ ദ്വന്ദ്വത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ എന്‍ ഡി എ സഖ്യകക്ഷികള്‍ തൃപ്തരല്ലെന്നും എന്‍ ഡി എയെ മോദിയല്ല നയിക്കുന്നതെങ്കില്‍ വിട്ടുപോയ ചില സഖ്യകക്ഷികള്‍ 2019-ല്‍ ഒരു ‘ഘര്‍ വാപസി’ക്കു തയ്യാറാണെന്നും കൂടി വാര്‍ത്തകളുണ്ട്.

മുഖര്‍ജിയാകട്ടെ തന്റെ നാഗ്പൂര്‍ സന്ദര്‍ശനം വഴി ഇടത്, മധ്യ രാഷ്ട്രീയ ശക്തികളെ നിരാശപ്പെടുത്തി. അവിടെ ബഹുസ്വരതയുടെ ഗുണങ്ങളെക്കുറിച്ച് നടത്തിയ മുനതേഞ്ഞ പ്രസംഗം, മുന്‍കാലങ്ങളില്‍ വിഭാഗീയ അജണ്ടക്കെതിരെ അദ്ദേഹം നടത്തിയ കടുത്ത ആക്രമണങ്ങളില്‍ നിന്നും ഏറെ അകലെയായിരുന്നു. ജൂലായ് 2, 2017 നു സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ച ഒരു ചടങ്ങില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 70-ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാഷണല്‍ ഹെറാള്‍ഡിന്റെ ഒരു പ്രസിദ്ധീകരണം പുറത്തിറക്കിക്കൊണ്ട് മുഖര്‍ജി പറഞ്ഞു, “130 കോടി ജനങ്ങള്‍, 200-ലേറെ ഭാഷകള്‍ സംസാരിക്കുന്നവര്‍, ഏഴു പ്രധാന മതങ്ങള്‍, മൂന്നു വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍-കൊക്കേഷ്യന്‍, മോങ്ഗ്ലോയിഡ്, ദ്രാവിഡന്‍മാര്‍-ഒന്നിച്ചാണ് ഒരൊറ്റ ഇന്ത്യയും ഒരു ഭരണഘടനയും ഉണ്ടാക്കിയതും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നതും; ഇതൊരു വലിയ നേട്ടമാണ്.”

ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ സൂചിപ്പിച്ചുകൊണ്ട്, അന്നത്തെ രാഷ്ട്രപതി പറഞ്ഞു, “ആള്‍കൂട്ടത്തിന്റെ ഉന്മാദം ഇത്ര യുക്തിഹീനവും അനിയന്ത്രിതവും ആകുമ്പോള്‍ നാം ഒന്നു നിന്നു ആലോചിക്കേണ്ടതുണ്ട്… ഏതെങ്കിലും ഒരു നിയമം ലംഘിച്ചു എന്നാരോപിച്ച് ഒരു വ്യക്തിയെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന വാര്‍ത്ത നാം പത്രത്തിലോ ടെലിവിഷനിലോ കാണുമ്പോള്‍ നാം ആലോചിക്കേണ്ടതുണ്ട്.”

പിന്തിരിപ്പന്‍ ശക്തികളെ ചെറുക്കാനുള്ള ഏറ്റവും വലിയ ശക്തിയാകാം എന്നുള്ളതുകൊണ്ട് ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ മുഖര്‍ജി ബുദ്ധിജീവികളോട് ആവശ്യപ്പെട്ടു. “നാം വേണ്ടത്ര ജാഗ്രത കാണിക്കുന്നുണ്ടോ, ഞാന്‍ അക്രമജാഗ്രതയെക്കുറിച്ചല്ല പറയുന്നത്… നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ സംരക്ഷിക്കാന്‍ പാകത്തില്‍ നാം ജാഗ്രത കാണിക്കുന്നുണ്ടോ എന്നാണ് ഞാന്‍ ചോദിക്കുന്നത്? കാരണം നമ്മളെന്തു ചെയ്തു എന്നു ഭാവിതലമുറ നമ്മോടു ചോദിക്കും. ഈ ചോദ്യം ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ട്?”

എന്തിനാണ് ആര്‍ എസ് എസ് മുഖര്‍ജിയെ ക്ഷണിച്ചത് എന്നാണ് ഇതിലൊക്കെവെച്ച് നിര്‍ണായകമായ ചോദ്യം. കാലത്തിനു മാത്രമേ അതിനുത്തരം തരാന്‍ കഴിയൂ. എന്നാലും ജൂണ്‍ 7-ലെ കാഴ്ചയില്‍ നിന്നും രണ്ടു നിഗമന സാധ്യതകളുണ്ട്. മുഖര്‍ജിയെ ക്ഷണിക്കുക വഴി ആര്‍ എസ് എസ് തങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയും ഒപ്പം കോണ്‍ഗ്രസിനകത്തെ ‘മൃദു ഹിന്ദുത്വ’ നിലപാടുകാരും ഇടതു-മധ്യപക്ഷ വിഭാഗങ്ങളും തമ്മിലുള്ള അകലം കൂട്ടാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്.

ഈ ഭിന്നത രൂക്ഷമായാല്‍, ആര്‍ എസ് എസിന്റെ കടുത്ത വിമര്‍ശകനായ രാഹുല്‍ ഗാന്ധി ഒരു വിഭാഗത്തിന്റെ മാത്രം നേതാവായി മാറുമെന്നും കണക്കുകൂട്ടുന്നു. 2019-ല്‍ കോണ്‍ഗ്രസിനെ അധികാരത്തിന് പുറത്തു നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. അന്നേ ദിവസം ബി ജെ പി എം പി സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ് കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാക്കുന്നു, “പ്രണബ് ദായുടെ നാഗ്പൂര്‍ സന്ദര്‍ശനത്തോടെ രാഷ്ട്രവാദി സ്വദേശി കോണ്‍ഗ്രസ്, ദേശദ്രോഹി ദേശീ കോണ്‍ഗ്രസിനെ പിന്നിലാക്കി ഉയര്‍ന്നുവരാനുള്ള കളമൊരുങ്ങിയിരിക്കുന്നു. അങ്ങനെ ഏറെക്കാലമായുള്ള ഇരുകക്ഷി സംവിധാനമെന്ന സ്വപ്നം ബി ജെ പിക്കും ആര്‍ എസ് സിനും സാധ്യമാകും.”

അതേദിവസം മുഖര്‍ജിയെ ഹിന്ദു അനുകൂലിയാക്കി കാണിക്കുന്ന വാട്സാപ് സന്ദേശങ്ങളും ഇറങ്ങി. 2004-ല്‍ ഒരു ‘വ്യാജ’ കൊലപാതക കേസില്‍ ശങ്കരാചാര്യ ജയേന്ദ്രയെ പിടികൂടിയതില്‍ മുഖര്‍ജി സന്തുഷ്ടനായിരുന്നില്ല എന്ന ആര്‍ എസ് എസ് അനുകൂല Postcard News വാര്‍ത്ത പൊടിതട്ടി പുറത്തുവന്നു. മുഖര്‍ജിയുടെ പുസ്തകം ‘The Coalition Years 1996-2012’ ഉദ്ധരിച്ചുകൊണ്ടു കോണ്‍ഗ്രസ് ഭരിച്ചിരുന്ന ആന്ധ്ര പ്രദേശില്‍ നടന്ന അറസ്റ്റ് സോണിയാ ഗാന്ധിയുടെ അറിവോടെയാണ് എന്നു വാദിക്കുന്നു ഈ വാര്‍ത്തയില്‍. “സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ എങ്ങനെയാണ് ഹിന്ദുക്കള്‍ കുരുക്കപ്പെട്ടതും ലക്ഷ്യം വെക്കപ്പെട്ടതും എന്നു മുഖര്‍ജി വെളിപ്പെടുത്തുന്നു” എന്നാണ് ലേഖനത്തില്‍ പറയുന്നത്.

ശങ്കരാചാര്യരെ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അറിവോടെ തമിഴ്നാട് പോലീസാണ് പിടികൂടിയതെന്ന വസ്തുത ബോധപൂര്‍വം മറച്ചുവെക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ്സുകാരനായ മുഖര്‍ജി അത്തരമൊരു വര്‍ഗീയ പരാമര്‍ശം നടത്താന്‍ ഒരു സാധ്യതയുമില്ല എന്നുറപ്പാണ്. ജൂണ്‍ 25, 2012-ല്‍ സോണിയ ഗാന്ധിയുടെ വീട്ടില്‍ അദ്ദേഹത്തിന് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ വികാരാധീനനായ മുഖര്‍ജി ഇങ്ങനെ പറഞ്ഞു, “എനിക്ക് ഞാന്‍ എന്റെ ജീവിതത്തില്‍ നല്‍കിയതിനെക്കാള്‍ കൂടുതല്‍ എന്റെ പാര്‍ടി എനിക്ക് നല്കിയിട്ടുണ്ട്.” താന്‍ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായിട്ടാണ് എപ്പോഴും കണക്കാക്കിയിട്ടുള്ളത്. നാഗ്പൂര്‍ വിഷയത്തില്‍ കൂടുതലെന്തെങ്കിലും പ്രതീക്ഷിച്ചവരെ നിരാശരാക്കി മുഖര്‍ജി രാഹുല്‍ ഗാന്ധി ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രണബ് വെറുമൊരു പേരല്ല; അത് 70-കള്‍ക്ക് ശേഷമുള്ള കോണ്‍ഗ്രസ് ചരിത്രമാണ്

മോദി-ഷാ പരിഭ്രാന്തരാണ്; രാജ്യം പലതും പ്രതീക്ഷിക്കേണ്ട സമയമായി

എന്താണ് സംഘ് ശിക്ഷാ വർഗ്? പ്രണബിന്റെ സാന്നിധ്യം എങ്ങനെ സംഭവിച്ചു?

“ഭാരതമാതാവിന്റെ ‘മഹാനാ’യ പുത്രനാണ് ഹെഡ്‌ഗേവാര്‍” എന്ന് പ്രണബ് മുഖര്‍ജി; ആര്‍എസ്എസ് ആസ്ഥാനത്തെത്തി

പ്രണബിനെ നാഗ്പൂരില്‍ എത്തിക്കുന്നതിന് പിന്നില്‍ ബോംബെ ക്ലബ്? ലക്ഷ്യം മോദി-ഷാ?

‘അച്ഛൻ പറയുന്നത് ആളുകൾ മറക്കും, പക്ഷെ ആർഎസ്എസ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ നിലനിൽക്കും’: പ്രണബിനെ വിമർശിച്ച് മകൾ

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് കെണിയില്‍? മൂന്നാം മുന്നണി മോഹം പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ടോ?

മകളുടെ വാക്കുകള്‍ അച്ചട്ടായി; പ്രസംഗിച്ചു മണിക്കൂറുകള്‍ക്കകം ആര്‍എസ്എസ് തൊപ്പിയിട്ട പ്രണബിന്റെ വ്യാജ ചിത്രങ്ങള്‍ പുറത്ത്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:

This post was last modified on June 29, 2018 9:42 am