X

കണ്ണന്താനം കേരളം കാനാന്‍ ദേശമാക്കുമെന്നൊന്നും ആരും കരുതേണ്ട; ആ ‘ബീഫി’ല്‍ എല്ലാം വ്യക്തമാണ്

അപദാനങ്ങള്‍ പലതുണ്ടെങ്കിലും മാര്‍ഗം കൂടിയ ഈ 'സംഘപരിവാര്‍ മന്ത്രിയില്‍ നിന്നും കേരളം ഏറെയൊന്നും പ്രതീക്ഷിക്കേണ്ട

അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കുക വഴി ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിലെ ബിജെപി നേതാക്കളെ ചെറുതായൊന്നുമല്ല ഇരുത്തിക്കളഞ്ഞത്. ഇതിലുള്ള നീരസം കേരള ബിജെപിയില്‍ ഇപ്പോഴും നുരഞ്ഞു പതയുന്നുണ്ട്. കണ്ണന്താനത്തിന്റെ മന്ത്രി ലബ്ധിയെക്കുറിച്ചു പ്രതികരിക്കാതിരുന്ന കുമ്മനവും സംഘവും ഒടുവില്‍ ടിയാന് ഒരു സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിനു നാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ആദ്യ സ്വീകരണം. തുടര്‍ന്ന് മൂവാറ്റുപുഴയിലും, കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലുമൊക്കെ തുടര്‍ സ്വീകരണങ്ങള്‍ ഉണ്ടായിരിക്കും എന്നാണ് കേള്‍ക്കുന്നത്.

സംഗതി ജോര്‍ തന്നെ. അടുത്തിടെ മാര്‍ഗം കൂടിയ ആളാണെങ്കിലും കണ്ണന്താനവും ഇപ്പോള്‍ മുഴുസംഘി തന്നെയാണ്. പോരെങ്കില്‍ കേന്ദ്ര മന്ത്രിയായി മോദിയും അമിത്ഷായും ചേര്‍ന്ന് അരിയിട്ട് വാഴിച്ചയാള്‍. അങ്ങനെ ഒരാള്‍ നാട്ടില്‍ വരുമ്പോള്‍ സ്വീകരണം ഒരുക്കിയില്ലെങ്കില്‍ ജനം എന്ത് വിചാരിക്കും? കണ്ണന്താനം മന്ത്രിയായ ഉടനെ ആശംസ അറിയിക്കുകയും തൊട്ടു പിന്നാലെ ചായ സത്ക്കാരം നടത്തുകയും ചെയ്ത സഖാവ് പിണറായി ഭരിക്കുന്ന നാട്ടിലേക്കാണ് പുത്തന്‍ മന്ത്രി വരുന്നത്. തങ്ങള്‍ സ്വീകരണം നല്‍കിയില്ലെങ്കില്‍ പിണറായിയും കൂട്ടരും ചേര്‍ന്ന് സ്വീകരണം ഒരുക്കിയാല്‍ അതില്‍പ്പരം നാണക്കേട് വേറെയുണ്ടോ? തന്നെയുമല്ല, മന്ത്രിയായപ്പോള്‍ കേരളത്തില്‍ ആര്‍ക്കും ബീഫു കഴിക്കാം എന്ന തന്റെ പ്രസ്താവന സംഘി താത്പര്യം മാനിച്ച് ഒന്ന് മയപ്പെടുത്താനും ടിയാന്‍ തയ്യാറായില്ലേ? എന്നിങ്ങനെയുള്ള പല പല ചിന്തകള്‍ മഥിച്ചതിന്റെ ഭാഗംകൂടിയായി തന്നെ വേണം ഈ സ്വീകരണ കലാപരിപാടിയെ കാണാന്‍.

കണ്ണന്താനത്തിനു ബിജെപിക്കാര്‍ സ്വീകരണം നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യട്ടെ. പക്ഷെ ടിയാന്റെ പുതുക്കിയ ബീഫ് പരാമര്‍ശം ഒന്ന് മനസ്സിരുത്തി വായിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. മുഖ്യമന്ത്രി പിണറായി വിജയനും കേരളവും കണ്ണന്താനത്തില്‍ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് അത്. മന്ത്രിയായ ഉടന്‍ കണ്ണന്താനം പറഞ്ഞത് താന്‍ കേരളത്തിന്റെ പ്രതിനിധി ആണെന്നും കേരളത്തിന്റെ ഭാവി ഇനിയങ്ങോട്ട് ടൂറിസം വികസനത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നതെന്നും ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയില്‍ താന്‍ കേരളത്തെ വികസിപ്പിച്ചു സഞ്ചാരികളുടെ പറുദീസയാക്കി തേനും പാലും ഒഴുകുന്ന മറ്റൊരു കാനാന്‍ ദേശം ആക്കി മാറ്റും എന്നൊക്കെ ആണെന്നതൊക്കെ ശരി. പക്ഷെ വിദേശത്തു നിന്നും ബീഫു കഴിക്കാനായി കേരളത്തിലേക്ക് വരുന്നവര്‍ സ്വന്തം നാട്ടില്‍നിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്ന പ്രസ്താവനയില്‍ കണ്ണന്താനം ശരിക്കും ആരെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും കേരളത്തിന്റെ വികസന കാര്യത്തില്‍ ഇനിയദ്ദേഹം എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നത് എന്നതും ഏറെ വ്യക്തമാണ്.

ഡല്‍ഹിയിലെ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരപ്പാക്കിയ ‘ഡെമോളിഷന്‍ മാന്‍’, രാജ്യത്തെയെന്നല്ല ഏഷ്യയിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര നഗരമായി കോട്ടയം നഗരത്തെ മാറ്റിയ ആള്‍, തുടര്‍ച്ചയായി മൂന്നു തവണ ഇന്റര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം എന്ന അഭേദിത റെക്കോര്‍ഡിന് ഉടമ, ടൈം മാഗസിന്റെ യുവ വ്യക്തി പട്ടികയില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യക്കാരന്‍… എന്നിങ്ങനെ അപദാനങ്ങള്‍ ഏറെയുണ്ട് സ്വയം പാടി നടക്കാനും മറ്റുള്ളവരെക്കൊണ്ട് പാടിക്കാനും.

ഒന്നും രണ്ടുമൊന്നുമല്ല 14,310 കെട്ടിടങ്ങളാണ് ഡല്‍ഹിയില്‍ താന്‍ ഇടിച്ചു നിരത്തിയതെന്നു ഇക്കഴിഞ്ഞ ദിവസവും അദ്ദേഹം ഒരു ചാനലില്‍ പറയുന്നത് കേട്ടപ്പോള്‍ ഐഎഎസ്സുകാരനായ അദ്ദേഹത്തിന്റെ ഒരു പഴയ സുഹൃത്ത് പറഞ്ഞ ഒരു തമാശ ഓര്‍ത്തു അറിയാതെ ചിരിച്ചുപോയി. കണ്ണന്താനം ഡല്‍ഹിയില്‍ പൊളിച്ചു മാറ്റിയത് വെറും പെട്ടിക്കടകള്‍ ആണെന്നായിരുന്നു ആ തമാശ. ഒരു പക്ഷെ കുശുമ്പ് പറയുന്നതാവാം. അല്ലെങ്കിലും കേരളത്തില്‍ അസൂയയ്ക്കും കുശുമ്പിനും പഞ്ഞമൊന്നും ഇല്ലല്ലോ! കോട്ടയത്തെ ആദ്യ സമ്പൂര്‍ണ സാക്ഷര നഗരിയാക്കിയതിനെക്കുറിച്ച് അക്കാലത്തു തന്നെ സാക്ഷരതാ പ്രവര്‍ത്തകരില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കോട്ടയം ജില്ലയെ സമ്പൂര്‍ണ സാക്ഷര ജില്ലയാക്കാന്‍ കൊണ്ട് പിടിച്ച ശ്രമം നടത്തി വരുന്നതിനിടയിലാണ് അന്ന് കോട്ടയം ജില്ലാ കളക്ടര്‍ ആയിരുന്ന നമ്മുടെ പുതിയ മന്ത്രിപുംഗവന്‍ ചാടിക്കയറി കോട്ടയം നഗരത്തെ സമ്പൂര്‍ണ സാക്ഷര നഗരമായി പ്രഖ്യാപിച്ചത് എന്നതായിരുന്നു ആ ആക്ഷേപം.

വികസന കാര്യത്തിലും കണ്ണന്താനത്തെക്കുറിച്ച് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അതാവട്ടെ ടിയാന്‍ പീരുമേട് സബ് കളക്ടര്‍ ആയിരുന്ന കാലത്താണ് ടാറ്റ തങ്ങള്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത മൂന്നാറിലെ ഭൂമി മുറിച്ചു വില്‍ക്കാന്‍ ആരംഭിച്ചത് എന്നതാണ്. കേരള കോണ്‍ഗ്രസ്സുകാരായിരുന്നു ഇതിന്റെ മുഖ്യ ഗുണഭോക്താക്കളെങ്കിലും കമ്മ്യൂണിസ്‌റ് പാര്‍ട്ടികള്‍ അടക്കമുള്ള ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയും ഇതിനെ എതിര്‍ത്തില്ല. അതിന്റെ ദുഷ്ഫലം ഇന്നും മൂന്നാര്‍ അനുഭവിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts