X

കുറുക്കുവഴികളില്ല, മാന്യന്‍, പണ്ഡിതന്‍; പ്രൊഫ. എം.കെ സാനുവിന്റെ ഇ.ചന്ദ്രശേഖരന്‍ നായര്‍ ഓര്‍മ

എന്റെ അസംബ്ലി ജീവിത കാലത്തെ അവിസ്മരണീയനായ സുഹൃത്തായി ഇന്നും അദ്ദേഹം മനസ്സില്‍ ശോഭിക്കുന്നു

അന്തരിച്ച മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായരെ ഏറെ അടുത്തറിഞ്ഞിട്ടുള്ള വ്യക്തിയാണ് എഴുത്തുകാരനും വിമര്‍ശകനുമായ പ്രൊഫ. എം.കെ സാനു. വളരെ വിനീതനും ആര്‍ദ്രമാനസനുമായ സുഹൃത്തായിരുന്നു വിടപറഞ്ഞ ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്നും അസംബ്ലിക്കകത്തെ ഒന്നാന്തരം സാമാജികനായിരുന്നു അദ്ദേഹമെന്നും എം.കെ സാനു അഭിപ്രായപ്പെട്ടു.

‘1987-ലെ കേരള നിയമസഭയില്‍ ഇ. ചന്ദ്രശേഖരന്‍ നായരോടൊപ്പം ഞാനും ഒരു ജനപ്രതിനിധി ആയിരുന്നു. മാന്യത അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ പ്രകാശമായി എപ്പോഴും പ്രസരിച്ചിരുന്നു. പ്രഥമദൃഷ്ടിയില്‍ തന്നെ എനിക്കത് മനസ്സിലാക്കാന്‍ സാധിച്ചു. പത്രലേഖകരെ പ്രീണിപ്പിക്കാനോ അവരുടെ ഇഷ്ടം സമ്പാദിക്കുവാനോ കുറുക്കു വഴികള്‍ പ്രയോഗിക്കുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. അതേസമയം കാര്യമാത്രപ്രസക്തമായും യുക്തിയുക്തമായും വാദഗതികള്‍ അവതരിപ്പിക്കുവാനും ഇ.ചന്ദ്രശേഖരന്‍ എന്ന മന്ത്രി ശ്രദ്ധിച്ചിരുന്നു’.

ഔദ്യോഗിക കാര്യങ്ങളില്‍ അദ്ദേഹത്തെ സമീപിക്കാന്‍ അനേകം അവസരങ്ങള്‍ ഉണ്ടായതായും സാനു മാഷ്‌ ഓര്‍മ്മിക്കുന്നു. ‘എംഎല്‍എ എന്ന നിലയില്‍ ഞാന്‍ പറയുന്നത് ശ്രദ്ധയോടെ കേട്ട് ഉചിതമായ നടപടി കൈക്കൊള്ളുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഞങ്ങള്‍ മുഴുവന്‍ എംഎല്‍എമാര്‍ക്കും അദ്ദേഹത്തെ ഏറെ ആത്മവിശ്വാസത്തോടെ സമീപിക്കുവാന്‍ അന്ന് സാധിച്ചിരുന്നു’.

‘എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ പാണ്ഡിത്യമാണ്. ഒരിക്കല്‍ അസംബ്ലിയില്‍ പ്രാസംഗികമായി ഭഗവദ്ഗീത ചര്‍ച്ചാ വിഷയമായി. അന്ന് ചന്ദ്രശേഖരന്‍ ശരിക്കും വിസ്മയിപ്പിച്ചു. ഭഗവദ്ഗീതയിലെ പ്രസക്തമായ ഒരു ശ്ലോകം ഉദ്ധരിച്ച് അതിന്റെ അര്‍ത്ഥം അദ്ദേഹം വിശദമായി അവിടെ വിസ്തരിച്ചു. ഗീത പോലുള്ള ആത്മീയ ഗ്രന്ഥങ്ങളില്‍ എത്രമാത്രം പാണ്ഡിത്യവും പ്രാവീണ്യവും ഉണ്ടെന്ന് അദ്ദേഹം അന്ന് തെളിയിച്ചു. എപ്പോഴും ഒരു മന്ദസ്മിതമായിരുന്നു ആ മുഖത്ത്. എന്റെ അസംബ്ലി ജീവിതകാലത്തെ അവിസ്മരണീയനായ സുഹൃത്തായി ഇന്നും അദ്ദേഹം മനസ്സില്‍ ശോഭിക്കുന്നു’.

(87-91 കാലഘട്ടത്തില്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ്സ് ഇതര-സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടിയാണ് പ്രൊഫ എം.കെ സാനു)

മാഞ്ഞുപോകുന്നത് ഒരു ചെറുപുഞ്ചിരി: ഇ ചന്ദ്രശേഖരന്‍ നായരെ ഓര്‍ക്കുമ്പോള്‍

This post was last modified on November 30, 2017 10:08 am