X

വാഗൺ ട്രാജഡിയും തിരൂർ റെയിൽവേ സ്റ്റേഷനും; നമ്മളെത്തി നില്‍ക്കുന്നിടം ഓര്‍മിക്കാന്‍ ചില മുറിവുകള്‍ ഉണങ്ങാതെ നില്‍ക്കേണ്ടതുണ്ട്; അവര്‍ക്കത് മായ്ക്കുകയും വേണം

ഒരു ചുമരിലെ ചിത്രം വെള്ളയടിച്ചു തുടച്ചു നീക്കുന്നത് പോലെ എളുപ്പമല്ലല്ലോ ചരിത്രം വളച്ചൊടിയ്ക്കുന്നത്‌..

കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള സംഘപരിവാര്‍ കടന്നുകയറ്റം ഇന്നത്തെ കാലത്തൊരു വാര്‍ത്തയല്ലാതെയായി മാറിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കിഷ്ടമല്ലാത്ത രീതിയില്‍ ആവിഷ്കാരം നടത്തുന്ന ഏതൊരാളെയും ശാരീരികമായും മാനസികമായും ആക്രമിച്ച് നിശബ്ദരാക്കുന്ന രീതി പോലും സര്‍വ്വസാധാരണമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം.

ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റത്തിന്റെ ചരിത്രമെടുത്താല്‍ ആധുനിക കാലത്ത് അത് തീര്‍ച്ചയായും എംഎഫ് ഹുസൈനില്‍ നിന്ന് തന്നെയാവും ആരംഭിക്കുക. ഹിന്ദു ദേവതമാരെ നഗ്നരാക്കി ചിത്രീകരിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി അദ്ദേഹം, അതും ആ ചിത്രങ്ങള്‍ വരച്ച് 26 വര്‍ഷങ്ങള്‍ക്ക് ശേഷം. അതേത്തുടര്‍ന്നുണ്ടായ ഭീഷണികള്‍ അദ്ദേഹത്തെ ഇവിടെ നിന്നും പലായനം ചെയ്യേണ്ട അവസ്ഥയിലാണ് എത്തിച്ചത്. അതേ ചിത്രം ബോര്‍ഡിലാക്കി പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അന്തരീക്ഷം കലാപകലുഷിതമായതും മറക്കാറായിട്ടില്ല..

ഇതിനിടയില്‍ പ്രത്യേകം ഓര്‍ക്കേണ്ട പേരുകളാണ് ചിത്രകാരനായ ടി മുരളിയുടെയും ചിത്രകാരിയായ ദുര്‍ഗ്ഗാ മാലതിയുടെയും. ഹിന്ദുരാഷ്ട്രമെന്ന പേരില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ലെന്ന്, അവര്‍ണ്ണ ഹിന്ദുക്കളെന്ന് തരം താഴ്ത്തപ്പെട്ടവരുടെ യഥാര്‍ത്ഥ ചരിത്രത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കുകയും അതിനെ ‘നങ്ങേലി’ എന്ന സീരീസില്‍ ചിത്രീകരിക്കുകയും ചെയ്തതാണ് മുരളിയുടെ പേരിലുള്ള കുറ്റമെങ്കില്‍, ദുര്‍ഗ്ഗാമാലതിയുടെ കാര്യം മറ്റൊന്നായിരുന്നു. കത്വയിലെ ദേവാലയത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരണമടഞ്ഞ പിഞ്ചുകുഞ്ഞിനോട്‌ ഐക്യപ്പെട്ട്‌ വരച്ച, സംഘപരിവാറിന്റെ കൊടിയുമായി ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗം കുറ്റവാളികളുടെ കൂട്ടത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. ദുര്‍ഗ്ഗയുടെ നേരെ ശാരീരികവും മാനസ്സികവുമായ കടന്നുകയറ്റത്തിന് യാതൊരു മടിയും അവര്‍ക്കുണ്ടായിരുന്നുമില്ല.

ചരിത്രത്തെ അതേപടി അടയാളപ്പെടുത്തുന്നവരെ അവരെന്നും ഭയപ്പെട്ടിരുന്നു എന്നതിന്‍റെ ഉദാഹരണങ്ങള്‍ ആണല്ലോ ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരില്‍ തുടങ്ങി ഗൗരി ലങ്കേഷില്‍ എത്തിനില്‍ക്കുന്ന കൊലപാതക പരമ്പര. അതിനു സമാനമായ ഒരാക്രമണ ഭീഷണിയാണ് പെരുമാള്‍ മുരുകനെ തന്‍റെ സര്‍ഗ്ഗജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതും.

ഇന്നിപ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായ വാഗണ്‍ ട്രാജഡി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രേഖപ്പെടുത്തിയതും മുറിവേല്‍പ്പിച്ചത് മറ്റൊരു വിഭാഗത്തിന്‍റെയും അഭിമാനത്തെയല്ല. അതുകൊണ്ടാണല്ലോ ഖിലാഫത്ത് പ്രസ്ഥാനത്തെയും മാപ്പിള ലഹളയേയും തള്ളിപ്പറഞ്ഞു കൊണ്ട് ആ ചിത്രം മായ്ച്ചുകളയണം എന്ന ആവശ്യവുമായി തിരൂര്‍ ബിജെപി മണ്ഡലം കമ്മറ്റി റെയില്‍വേ അധികൃതരെ സമീപിച്ചതും ആവശ്യം സാധിച്ചെടുത്തതും.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മറക്കാനാവാത്ത ഏടാണ് വാഗണ്‍ ട്രാജഡി. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെ പോരാടിയ മലബാറിലെ കര്‍ഷക ജനതയെ വാഗണിൽ കുത്തിനിറച്ച് ശ്വാസംമുട്ടിച്ച് കൊലചെയ്ത കഥയാണ് വാഗണ്‍ ട്രാജഡി. ദീപക് ശങ്കരനാരായണൻ ഫേസ്ബുക്കിൽ മുൻപെഴുതിയത് പോലെ സ്വതന്ത്ര്യ സമര കാലത്ത് സമരം കാണാൻ വേലിയുടെ അടുത്ത് ചെന്ന് നിന്നപ്പോൾ മുള്ള് കൊണ്ടിട്ടെങ്കിലും മുറിവേറ്റിട്ടിട്ടുള്ള ഒരു സംഘപരിവാറുകാരനും ഉണ്ടാകില്ലെന്നിരിക്കെ അവരെ സംബന്ധിച്ച് ഇത് ഒരു വിഷയമേ അല്ല.

ദുരന്തത്തിന്റെ ഭീതി നിഴലിക്കുന്ന ആ ചിത്രം അധികൃതര്‍ക്ക് ഏറെ അഭിനന്ദനങ്ങള്‍ സമ്മാനിച്ചെങ്കിലും അതിന്റെ ആയുസ്സ് മണിക്കൂറുകള്‍ മാത്രമായിരുന്നു എന്നത് ദുഃഖകരയമായ സത്യം ആണ്. പാലക്കാട് സ്വദേശി കരുണ്‍ദാസും എടപ്പാള്‍ സ്വദേശി പ്രേംകുമാറും ചേര്‍ന്നാണ് 1921-ലെ വാഗണ്‍ ദുരന്തരക്തസാക്ഷികളുടെ ജീവന്‍ തുടിക്കുന്ന ഈ ചിത്രം വരച്ചത്. ചിത്രങ്ങള്‍ വല്ലാത്ത ഭീതി സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റയില്‍വേയുടെ നടപടി. മാത്രമല്ല സൗന്ദര്യവത്കരണാര്‍ത്ഥമാണ് റയില്‍വേ ചിത്രം വരയ്ക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും അത് ഇത്തരത്തിലുള്ള ഭീകരത ഉളവാക്കുന്നത് ആകരുതെന്നും റയില്‍വേ വ്യക്തമാക്കി.

ഹിന്ദുത്വ തീവ്രവാദത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ഒരുദാഹരണമാണ് വാഗണ്‍ ദുരന്തം. ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ ഭാഗമായി നിന്നുകൊണ്ട് ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ഒരു കൂട്ടം മുസ്ലീം സമര ഭടന്മാരെയാണ് ഹിന്ദുക്കളുടെ സഹായത്താല്‍ ബ്രിട്ടീഷ് അധികാരികള്‍ പിടികൂടിയതും വായു സഞ്ചാരമില്ലാത്ത വാഗണുകളില്‍ കുത്തി നിറച്ച് കോയമ്പത്തൂരിയിലേയ്ക്കയച്ചതും അവിടെ വരെയെത്താതെ ആ ധീരവിപ്ലവകാരികള്‍ രക്തസാക്ഷികളായതും.

ഇത്രയും വ്യക്തമായി ചരിത്രത്തില്‍ അടയാളപ്പെട്ടു കിടക്കുന്ന ഒരു സംഭവത്തെയാണ് ഇന്നീ കപടരാജ്യസ്നേഹികള്‍ മായ്ച്ചു കളയാന്‍ ശ്രമിക്കുന്നത്. ഒരു ചുമരിലെ ചിത്രം വെള്ളയടിച്ചു തുടച്ചു നീക്കുന്നത് പോലെ എളുപ്പമല്ലല്ലോ ചരിത്രം വളച്ചൊടിയ്ക്കുന്നത്‌. മായ്ച്ചുകളയാനുള്ള കാരണമായി റെയില്‍വേ പറയുന്നത്, അത് യാത്രികരുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന ചിത്രമാണ് എന്നതാണ്. നമ്മളിന്നെത്തി നില്‍ക്കുന്ന ഇടത്തിലേയ്ക്കുള്ള യാത്രകള്‍ അത്രയെളുപ്പമൊന്നും അല്ലായിരുന്നു എന്നോര്‍മ്മിപ്പിക്കാന്‍ ചില മുറിവുകള്‍ ഉണങ്ങാതെ നില്‍ക്കുന്നത് /നില്‍ക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്‌.

ചരിത്രം എപ്പോഴും വർണശബളമായ പൂക്കളാൽ നിറഞ്ഞ ഒരു പൂന്തോട്ടം അല്ല, വരൾച്ചയുടെ, പട്ടിണിയുടെ, ചോരയുടെ ഒരുപാട് അധ്യായങ്ങൾ കൂടി നിറഞ്ഞതാണ്. ചരിത്രയാഥാർഥ്യങ്ങളോട് എപ്പോഴും മുഖം തിരിഞ്ഞു നിൽക്കാൻ ഒരു ജനതയ്ക്കുമാവില്ല.

ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ആ മരണവണ്ടി ചൂളംവിളിച്ച് പുറപ്പെട്ടത്. സ്വാതന്ത്ര്യ സമരത്തിന്റെ മഹത്വം അറിയുന്നവര്‍ക്ക് വാഗണ്‍ ട്രാജഡിയേയും ശ്വാസംമുട്ടി മരിച്ച ആ കര്‍ഷക പുത്രന്മാരേയും മറക്കാനാവില്ല. അവരുടെ ജാതിയും മതവും അവരോടുള്ള ആദരവിന് തടസമാകുന്നില്ല. പുതുക്കിപ്പണിത തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ ആ ധീരന്മാരോടുള്ള ആദരസൂചകമായാണ് പെയിന്റിങ് സ്ഥാപിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ അവ എടുത്തു മാറ്റിച്ചതുവഴി കേന്ദ്ര ഭരണാധികാരികളുടെ വര്‍ഗീയ ഭ്രാന്തും ചരിത്ര വിരോധവുമാണ് വ്യക്തമാക്കപ്പെടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും, സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെയും  വാക്കുകൾ ഏറ്റെടുക്കാൻ പ്രബുദ്ധ കേരളത്തിനും ബാധ്യത ഉണ്ട്. “ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന ഏടായ വാഗണ്‍ ട്രാജഡി ചിത്രീകരിക്കുന്ന ചുമര്‍ ചിത്രം തിരൂര്‍ റയില്‍വെ സ്‌റ്റേഷനില്‍ നിന്ന് നീക്കിയ നടപടി അത്യന്തം ഹീനമാണ്, നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കലാണിത്. ദേശാഭിമാനികളും ജനാധിപത്യ വിശ്വാസികളുമായ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തണം.

സംഘപരിവാറിന്‍റെ താല്‍പര്യത്തിന് വഴങ്ങി വാഗണ്‍ ട്രാജഡി ചിത്രം മാറ്റാന്‍ തീരുമാനിച്ചത് പ്രതിഷേധാർഹം,നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി

വാഗണ്‍ ട്രാജഡി കലാപത്തിന്റെ ഭാഗമാണെന്ന് പരാതി: തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ ചിത്രം മായ്ചു; നടപടി വിവാദത്തില്‍

സ്വാതന്ത്ര്യസമരം ഒന്നേ ഉണ്ടായിട്ടുള്ളൂ; പൈക ഒന്നാം സ്വാതന്ത്ര്യസമരമെങ്കില്‍ പഴശ്ശികലാപവും അങ്ങനെ തന്നെ

ഇന്ത്യാ ചരിത്രം ഇനി സംഘപരിവാര്‍ വക; ചരിത്രരചനയ്ക്ക് ഐസിഎച്ച്ആറിന്റെ കടിഞ്ഞാണ്‍

ഗൗരി നന്ദന

സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു

More Posts

Follow Author:

This post was last modified on November 8, 2018 4:28 pm