X

ജയരാജിന്‍റെ ഒറ്റാലിന് ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ക്രിസ്റ്റല്‍ ബെയര്‍ പുരസ്കാരം

അഴിമുഖം പ്രതിനിധി

ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചില്‍ഡ്രന്‍സ് ജൂറിയുടെ ക്രിസ്റ്റല്‍ ബെയര്‍ പുരസ്‌കാരം നേടി. പ്രകൃതിയുടെ ദൃശ്യ ബിംബങ്ങള്‍, മനോഹരമായ സംഗീതം, അതിശയകരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ എന്നിവയാണ് ഒറ്റാലിന്റെ പ്രത്യേകതയായി ജൂറി എടുത്തു പറഞ്ഞത്. വിഷാദാത്മകവും ഗൌരവതരവുമായ വിഷയം പറയുമ്പോഴും ജീവിതത്തെ സരസമായി കാണാന്‍ സിനിമ ശ്രമിച്ചു എന്നും ജൂറി അഭിപ്രായപ്പെട്ടു. ജെനറേഷന്‍ വിഭാഗത്തിലെ മുഖ്യ അവാര്‍ഡാണ് ക്രിസ്റ്റല്‍ ബെയര്‍. 

കുട്ടനാടന്‍ ഗ്രാമത്തിലെ താറാവ് നോട്ടക്കാരാനയ വൃദ്ധന്റെയും കൊച്ചുമകന്റെയും കഥ പറഞ്ഞ ചിത്രം ആന്‍റണ്‍ ചെക്കോവിന്റെ വാങ്ക എന്ന കഥയുടെ സ്വതന്ത്രാവിഷ്ക്കാരമാണ്. കഴിഞ്ഞ കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണ ചകോരവും ഫിപ്രസ്കി അവാര്‍ഡും ഒറ്റാല്‍ നേടിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം സുവര്‍ണ്ണ ചകോരം നേടുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഒറ്റാലിനായിരുന്നു.