X

പടച്ചോനു പറയാനുള്ളത് റഫീക്ക് അഹമ്മദ് എഴുതുമ്പോള്‍

അഴിമുഖം പ്രതിനിധി

മതത്തിന്റെ പേരില്‍ കൊലവിളി നടത്തുന്നവരോട് പടച്ചോന് പറയാനുണ്ടാവുക എന്തായിരിക്കുമെന്ന് കവി റഫീക്ക് അഹമദ് എഴുതുന്നു. ‘പടച്ചോന്‍ പറയുന്നു’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ കവിതയിലാണ് തന്റെ അനുയായികളെന്ന പേരില്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ നടത്തുന്നവരോടെ പടച്ചോന് ഓര്‍മപ്പെടുത്താനുള്ളത് എന്തൊക്കെയാണെന്നു റഫീക്ക് അഹമ്മദ് പറയുന്നത്. പടച്ചോന്റെ പുസ്തകപ്രദര്‍ശനം എന്ന ശീര്‍ഷകത്തില്‍ കഥയെഴുതിയതിന് പി ജംഷീര്‍ എന്ന യുവകഥാകൃത്തിനെ തെരുവിലിട്ട് തല്ലിയവരോടുള്ള പ്രതിഷേധമായി ഈ കവിതയെ കാണാമെങ്കിലും അതിനൊപ്പം തന്നെ കവി മറ്റു ചില കാര്യങ്ങള്‍ കൂടി ചൂണ്ടി കാണിക്കുന്നുണ്ട്. അതില്‍ ഒന്നാമതായി പറയുന്നത്, ദൈവത്തിന്റെ രക്ഷകരാകാന്‍ ആരും തുനിയേണ്ടെന്നതാണ്. എന്നെ രക്ഷിക്കുവാനും പോറ്റുവാനും നീയാളല്ലാ എന്നു കവിതയിലൂടെ പടച്ചോനെ കൊണ്ടു റഫീക്ക് അഹമ്മദ് പറയിപ്പിക്കുന്നുണ്ട്.

കലയോടും സാഹിത്യത്തിനോടും എതിര്‍പ്പുയര്‍ത്തുന്നവരോടും പടച്ചോന് പറയാനുണ്ട്, ഞാന്‍ തീര്‍ത്ത വര്‍ണങ്ങളെയും താളത്തെയും സംഗീതത്തെയും സ്വപ്‌ന സൗന്ദര്യങ്ങളെയും തച്ചു തകര്‍ക്കാന്‍ ശ്രമിക്കേണ്ടെന്ന മുന്നറിയിപ്പു കൂടിയാണത്. അറിവ് എന്നത് എന്നിലൂടെയാണെന്നും അതിനു നേരെ നിന്റെ കൈയിലെ ഉടവാളു വീശേണ്ടെന്നുമുള്ള താക്കീത് എല്ലാ മതഭ്രാന്തന്മാര്‍ക്കുമുള്ളതാണ്. സ്വന്തം സമുദായത്തിലെ സ്ത്രീകള്‍ക്ക് നല്‍കുന്ന പാരതന്ത്ര്യത്തെയും പടച്ചോനെക്കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാന്‍ കവി തയ്യാറാകുന്നുണ്ട്. അന്യന്റെ വേദപ്രമാണങ്ങളെ ചവിട്ടേണ്ടെന്നു പറയിപ്പിക്കുമ്പോഴും നഷ്ടമാകുന്ന മതസൗഹാര്‍ദ്ദത്തെ കുറിച്ചുള്ള വ്യാകുലതകളായിരിക്കണം കവിയുടെ മനസില്‍.

കുഞ്ഞുങ്ങളുടെ ഉള്ളില്‍ പോലും മതവിദ്വേഷത്തിന്റെ വിഷം കലക്കുന്നതില്‍ കവിയും പടച്ചോനും തുല്യദുഃഖിതരാണ്. ആ ദുഃഖം നിറഞ്ഞ വാക്കുകളോടെയാണ് പടച്ചോന്‍ ഓര്‍മിപ്പിക്കുന്നത്; ഈ മഹാ പ്രപഞ്ചത്തില്‍ ഞാന്‍ ആരാണെന്നും നിങ്ങളാരാണെന്നും ചിന്തിക്കാന്‍. അതുകൊണ്ട് എന്റെ ചേരിയില്‍ ആളെ കൂട്ടാന്‍ ആരും വിയര്‍ക്കേണ്ടെന്നാണ് തനിക്കു പറയാനുള്ളതെന്നും കവിയുടെ പേനത്തുമ്പിലൂടെ പടച്ചവന്‍ വ്യക്തമാക്കുന്നു. എന്നെ കുറിച്ച് സംഭ്രമിക്കാതെ നിഷ്ഠൂര സാമ്രാജ്യത്തിന്റെ സൃഷ്ടാക്കള്‍ക്കെതിരെയുള്ള പോരാട്ടത്തിന് വീര്യവും ഊര്‍ജ്ജവും ഉപയോഗിക്കാനുള്ള ആഹ്വാനത്തോടെ പടച്ചോന്‍ ശാന്തനായി പറഞ്ഞവസാനിപ്പിക്കുന്നു.

കവിതയുടെ പൂര്‍ണരൂപം

 

മകനേ,
എന്നെക്കുറിച്ചോര്‍ത്ത് സങ്കടം വേണ്ട.
എന്നെ രക്ഷിക്കാന്‍, എന്നെ പോറ്റുവാന്‍ നീയാളല്ല.
എനിക്കായ് സഹോദര രക്തം നീ ചൊരിയേണ്ട.
കൈവെട്ടിയെറിയേണ്ട, ചാവേറായ് ചിതറേണ്ട.
ഞാന്‍ തീര്‍ത്ത വര്‍ണങ്ങളെ, താളത്തെ സംഗീതത്തെ
സ്വപ്നസൗന്ദര്യങ്ങളെ തച്ചു നീ തകര്‍ക്കേണ്ട.
അറിവൊക്കെയും വന്നതെന്നില്‍ നിന്നല്ലോ, നിന്റെ
ഉടവാളതിന്‍ നേര്‍ക്കു വീശുവാന്‍ മുതിരേണ്ട.
അന്യന്റെ വേദപ്രമാണങ്ങളില്‍ ചവിട്ടേണ്ട
പെണ്ണിനെയിരുട്ടുകൊണ്ടാപാദം പൊതിയേണ്ട.
കുഞ്ഞിന്റെ ഖല്‍ബിന്നുളളില്‍ നഞ്ഞു നീ നിറയ്‌ക്കേണ്ട.
മകനേഞാനേകനാണാദ്യന്തവിഹീനനാ-
ണീ മഹാപ്രപഞ്ചത്തില്‍ നിങ്ങളെത്രയോ തുച്ഛര്‍.
ആകയാല്‍ എന്നെക്കുറിച്ചോര്‍ത്ത് സംഭ്രമം വേണ്ട.
എന്റെ ചേരിയിലാളെക്കൂട്ടുവാന്‍ വിയര്‍ക്കേണ്ട.
നിസ്സഹായരോടല്ല, നിഷ്ഠൂര സാമ്രാജ്യത്വ
ദുഷ്ടര്‍ക്കു നേര്‍ക്കാവട്ടെ നിന്റെ വീര്യവും പോരും.
നീ നിന്റെയാത്മാവിന്റെ ജാലകം തുറക്കുക
ജീവനില്‍, മറ്റുളേളാരില്‍ വെളിച്ചം നിറയ്ക്കുക.

 

This post was last modified on July 31, 2016 6:56 pm

Related Post
Leave a Comment