X

അഞ്ചുവര്‍ഷത്തിനിടെ 298 ഇന്ത്യക്കാര്‍ക്ക് പൗരത്വം നല്‍കിയെന്ന് പാക് സര്‍ക്കാര്‍

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ബര്‍മ്മ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം അനധികൃത അഭയാര്‍ത്ഥികള്‍ ഇവിടെ തങ്ങുന്നുണ്ടെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 298 ഇന്ത്യക്കാരായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കിയതായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അറിയിച്ചു. 2012 മുതല്‍ 2017 ഏപ്രില്‍ 14 വരെയുള്ള കണക്കുകളാണ് മന്ത്രി അറിയിച്ചത്. ഭരണപക്ഷ എംപിയായ ഷെയ്ഖ് റൊഹെയ്‌ലിന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2012ല്‍ 48 ഇന്ത്യക്കാരായ അഭയാര്‍ത്ഥികള്‍ക്ക് പാക് പൗരത്വം നല്‍കി. 2013ലും 2014ലും ഇത് 75ഉം 76ഉം ആയി ഉയര്‍ന്നു. 2015ല്‍ 15 ഇന്ത്യക്കാര്‍ക്ക് മാത്രമാണ് പാക് പൗരത്വം നല്‍കിയത്. 2016ല്‍ 69 പേര്‍ക്കാണ് പൗരത്വം നല്‍കിയത്. ഈവര്‍ഷം ഏപ്രില്‍ 14 വരെ മാത്രം 15 ഇന്ത്യക്കാര്‍ക്ക് പൗരത്വം നല്‍കി. പാക് പൗരത്വം അനുവദിക്കുന്നത് വളരെയധികം നടപടിക്രമങ്ങള്‍ പാലിച്ച് ചെയ്യുന്നതാണ്. എന്നിരുന്നാലും ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ബര്‍മ്മ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം അനധികൃത അഭയാര്‍ത്ഥികള്‍ ഇവിടെ തങ്ങുന്നുണ്ടെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഏതാനും വര്‍ഷം മുമ്പ് പാകിസ്ഥാനില്‍ വച്ച് ഭര്‍ത്താവ് മരിച്ചുപോയ ഒരു ഇന്ത്യന്‍ സ്ത്രീക്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാക് പൗരത്വം അനുവദിച്ചിരുന്നു. ഒരു ഇന്ത്യക്കാരന് പാക് പൗരത്വം അനുവദിച്ച സമീപകാലത്തെ ഏറ്റവും പ്രശസ്തമായ സംഭവമായിരുന്നു ഇത്.

2008 മുതല്‍ ഇവരുടെ പൗരത്വ അപേക്ഷ ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലായിരുന്നു. ഇവര്‍ പാക് പൗരനെയാണ് വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ മക്കള്‍ ഇവരെ വീട്ടില്‍ നിന്നും പുറത്താക്കുകയും തുടര്‍ന്ന് ഇവര്‍ അഭയാര്‍ത്ഥിയാകുകയുമായിരുന്നു.