X

അബോട്ടാബാദിലെ ശിവക്ഷേത്രത്തില്‍ ആരാധന നടത്താന്‍ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് അനുമതി

ഒരു സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് ക്ഷേത്രം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചിട്ടത്

അബോട്ടാബാദിലെ ശിവക്ഷേത്രത്തില്‍ ആരാധന നടത്താന്‍ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് കോടതി അനുമതി നല്‍കി. കഴിഞ്ഞ 20 വര്‍ഷമായി അടച്ചിട്ടിരുന്നതാണ് ഈ ക്ഷേത്രം. പാക് ഭരണഘടനയുടെ 20-ാം വകുപ്പ് പ്രകാരമാണ് കൈബര്‍ പാക്തൂണ്‍ക്വയിലെ ശിവജീ ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ ജസ്റ്റിസ് അജീഖ് ഹുസൈന്‍ ഷാ അദ്ധ്യക്ഷനായുള്ള പെഷവാര്‍ ഹൈക്കോടതി ബഞ്ച് അനുമതി നല്‍കിയത്.

ഒരു സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് ക്ഷേത്രം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചിട്ടത്. തുടര്‍ന്ന് എല്ലാ തരത്തിലുള്ള ആരാധന പ്രവര്‍ത്തനങ്ങളും ക്ഷേത്രവളപ്പില്‍ നിരോധിച്ചിരിക്കുകയായിരുന്നു. നിയമപരമായ ഉടമയില്‍ നിന്നും പാട്ടവ്യവസ്ഥയില്‍ തങ്ങള്‍ ഈ ഭൂമി വാങ്ങിയതാണെന്ന് കാണിച്ച് 2013ല്‍ പാകിസ്ഥാനിലെ ഒരു ഹിന്ദു സംഘടന കോടതിയെ സമീപിക്കുകയായിരുന്നു. വിഭജനത്തിന് ശേഷം തങ്ങളാണ് ക്ഷേത്രം പരിപാലിച്ചുവരുന്നത് എന്ന് അവര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് ആരാധന നടത്താന്‍ കോടതി ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.