X

രാജ്യസഭയെ മറികടക്കാന്‍ ആധാര്‍ മണി ബില്ലായി ഒളിച്ചുകടത്തി; ഇനി പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണുകള്‍ക്കും ആധാര്‍ നിര്‍ബന്ധം

ജൂലായ് ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും

പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. ജൂലായ് ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവര്‍ ആധാര്‍ സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധമില്ല.

ചൊവാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച ധനകാര്യ ബില്ലിലാണ് ഇതിനുള്ള ഭേദഗതികൊണ്ടുവന്നത്. ലോക്സഭയില്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ധനകാര്യ ബില്ലിലാണ് 40 ഭേദഗതികള്‍ വരുത്തി ലോക്സഭയില്‍ അവതരിപ്പിച്ചത്. ധനകാര്യ ബില്‍ മണി ബില്‍ ആയതിനാല്‍ ഇതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. സര്‍ക്കാരിന് നിലവില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ വളഞ്ഞ വഴി സ്വീകരിക്കുകയായിരുന്നു എന്നാണ് പ്രതിപക്ഷ ആരോപണം.

കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിക്ക് പുറമെ മൂന്നു ഡസനോളം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ അന്‍പതോളം സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആദാര്‍ നിര്‍ബന്ധമാക്കാന്‍ പോവുകയാണ്.

അതേസമയം  സര്‍വശിക്ഷ അഭിയാന്‍ പോലെയുള്ള പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് വിദ്യാഭ്യാസ അവകാശ ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണവുമായി വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ രംഗത്തുവന്നുകഴിഞ്ഞു.

ജനങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണ് ആധാര്‍ കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാടെന്നും വിമര്‍ശനമുണ്ട്.

This post was last modified on March 22, 2017 9:16 pm