X

വിവിഐപി സന്ദര്‍ശനം; ആദ്യം ചികിത്സ, എന്നിട്ടുമതി സാന്ത്വന ചികിത്സ

സാജു കൊമ്പന്‍

പരവൂര്‍ ദുരന്ത ദിവസം ദുരന്ത പ്രദേശത്തെയും ആശുപത്രികളില്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നവരെയും വി വി ഐപികള്‍ സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഒരു കുറിപ്പ്‌ വിഐപികള്‍ ഒരുദിവസം കഴിഞ്ഞെത്തിയിരുന്നെങ്കില്‍ എന്തായിരുന്നു കുഴപ്പം? അഴിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നു എന്നാരോപിച്ചു രൂക്ഷ വിമര്‍ശനങ്ങളോടെയാണ് പലരും ഞങ്ങളെ നേരിട്ടത്. ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കടുത്ത വിമര്‍ശനങ്ങളുമായി അവര്‍ അണിനിരന്നു. ഇന്നിതാ ഞങ്ങള്‍ പറഞ്ഞത് തന്നെ സംസ്ഥാന ഡി ജി പിയും ആരോഗ്യ വകുപ്പ് ഡയറക്ടറും പറഞ്ഞിരിക്കുന്നു.  

വിവി ഐ പികള്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കുന്നതില്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ഡി ജി പി പറഞ്ഞതെങ്കില്‍ അതിലും ഗുരുതരമായ ആരോപണമാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ് ഉന്നയിച്ചത്. ആശുപത്രികളിലെ വി വി ഐ പി സാന്നിധ്യം മൂലം ചികിത്സ തടസ്സപ്പെട്ടെന്നാണ് ഡോ. രമേശിന്റെ ആരോപണം. പ്രധാനമന്ത്രിയോടൊപ്പം എത്തിയ നൂറോളം പേര്‍ വാര്‍ഡിലേക്ക് കയറിയതിനാല്‍ മിക്ക ഡോക്ടര്‍മാര്‍ക്കും പുറത്തു നില്‍ക്കേണ്ടി വന്നു. 90% പൊള്ളലേറ്റവരെ പോലും സന്ദര്‍ശിക്കുകയും അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തത് ഗുരുതരമായ തെറ്റാണ്. ഇതേ അവസ്ഥ തന്നെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്നപ്പോഴും ഉണ്ടായത്. പിന്നീട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഈ പ്രസ്താവനയില്‍ നിന്നു പിന്നോക്കം പോയെങ്കിലും തീവ്ര പരിചരണ വിഭാഗത്തിലെ തിരക്ക് കുറക്കേണ്ടതാണെന് അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. 

അതേസമയം ഡി ജി പിയുടെയും ആരോഗ്യ വകുപ്പ് മേധാവികളുടെയും പ്രസ്താവനകളെ സംസ്ഥാന സര്ക്കാര്‍ തള്ളി. വി വി ഐ പി സന്ദര്‍ശനം ആശ്വാസകരമായി എന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളാകാം ഡി ജി പിയുടെയും ആരോഗ്യ വകുപ്പ് മേധാവികളുടെയും റിപ്പോര്‍ട്ടുകളില്‍ പ്രതിഫലിച്ചത്. അത് മറ്റൊരു അര്‍ത്ഥത്തില്‍ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെക്കന്‍ കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തില്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി നടത്തിയ വെടിക്കെട്ടും അതിനെ തുടര്‍ന്നുണ്ടായ ദാരുണ ദുരന്തവും ആഗോള തലത്തില്‍ തന്നെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. രാജ്യത്തെ പ്രധാനമന്ത്രി തന്നെ എല്ലാ പരിപാടികളും മാറ്റി വെച്ച് ഒരു സംഘം ഡോക്ടര്‍മാരുമായി പുറപ്പെട്ടതും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍, ഒരു കേന്ദ്ര മന്ത്രി, ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സന്ദര്‍ശനവും സംഭവത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. അതിനുമപ്പുറം ഭരണകര്‍ത്താക്കളുടെ പെട്ടെന്നുള്ള ഇടപെടല്‍ സാമാന്യ ജനങ്ങളുടെ ഇടയിലും മതിപ്പുണ്ടാക്കുകയുണ്ടായി. 

എന്നാല്‍ കാര്യപ്രാപ്തിയുള്ള ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുന്ന രീതിയാണോ ഇവിടെ കണ്ടത്? വികാരമാണോ അതോ വിവേചന ബുദ്ധിയാണോ ഇവര്‍ പ്രയോഗിക്കേണ്ടത്? തങ്ങളുടെ സന്ദര്‍ശനം  ദുരന്ത നിവാരണത്തിനും അടിയന്തിര നടപടികള്‍ക്കും ഉണ്ടാക്കിയേക്കാവുന്ന തടസങ്ങളെ കുറിച്ച് അറിവില്ലാഞ്ഞിട്ടാണോ ഇവര്‍ ഇങ്ങനെയൊക്കെ ഇറങ്ങി പുറപ്പെടുന്നത്. അല്ലെങ്കില്‍ മറ്റെന്തെങ്കിലും ലക്ഷ്യം ഇതിന് പിന്നിലുണ്ടോ?

കേരളത്തില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാത്രം ഈ കാര്യങ്ങളെ വിമര്‍ശിക്കുന്നതും വിലയിരുത്തുന്നതും വിഷയത്തെ ലഘൂകരിക്കലാവും. എന്നാല്‍ അങ്ങനെ ആരെങ്കിലും വിമര്‍ശനമുന്നയിച്ചാല്‍ അവരെ തെറ്റ് പറയാനും പറ്റില്ല. എന്തിനെയും വോട്ടിന്‍റെ കണ്ണില്‍ കൂടി മാത്രം കാണുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ പാപ്പരത്വവും മനുഷ്യത്വ വിരുദ്ധതയും പലപ്പോഴും നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. 

എന്നാല്‍ ദുരന്തസ്ഥലങ്ങളിലെ വി വി ഐ പി സന്ദര്‍ശനം നിയന്ത്രിക്കേണ്ടതിനെ കുറിച്ചുള്ള ഗൌരവതരമായ ചര്ച്ച ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഡി ജി പിയും ആരോഗ്യ വകുപ്പ് ഡയറക്ടറും ഉയര്‍ത്തിവിട്ട വിമര്‍ശനങ്ങള്‍ക്ക് സാധിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. അതിനു വേണ്ടുന്ന പുതിയ ചട്ടങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുമെന്നു തന്നെ പ്രതീക്ഷിക്കാം. 

അതോടൊപ്പം ദുരന്തം കഴിഞ്ഞതിന് ശേഷം ദുരന്ത ബാധിതരെ മറന്നു പോകുന്ന സ്ഥിരം പരിപാടി ഇവിടെയും ആവര്‍ത്തിക്കില്ല എന്നും വിശ്വസിക്കാം. ഇപ്പോള്‍ തന്നെ പലര്‍ക്കും പ്രഖ്യാപിച്ച ദുരിതാശ്വാസ ധനസഹായം കിട്ടിയില്ല എന്നും അതിനു വേണ്ടി അധികാരികളുടെ കരുണ കാത്തു കഴിയുകയാണ് പലരും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ദുരന്തം നേരിട്ടു കണ്ടവര്‍ക്കുള്ള ട്രോമ കെയര്‍, വീടുകളുടെ പുനര്‍നിര്‍മ്മാണവും അറ്റകുറ്റ പണികളും, ശുദ്ധജല സംവിധാനം ഒരുക്കല്‍ എന്നീ കാര്യങ്ങളിലും ഈ വി വി ഐ പികളുടെ ശ്രദ്ധ പതിയുമെന്ന് പ്രതീക്ഷിക്കാം. 

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)    

This post was last modified on April 17, 2016 2:50 pm

Related Post
Leave a Comment