അഴിമുഖം പ്രതിനിധി
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലെ അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചും കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് അധികൃതരും ഇന്ന് സ്ഥലത്തെത്തി തെളിവെടുത്ത് നടത്തി.
കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എസ് പിയും മൂന്ന് ഡിവൈ എസ് പിമാരും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയും അടക്കം ദുരന്തത്തിന് കാരണമായ എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് മേധാവിയുടെ നേതൃത്വത്തിലെ സംഘം വെടിക്കെട്ട് നടത്തിയതില്‍ ഗുരുതരമായ നിയമലംഘനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഉല്‍സവ കമ്മിറ്റി ഭാരവാഹികളും കമ്പക്കാരുംഎതിരെ 20 പേര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു.
പുറ്റിങ്ങല്‍ ക്ഷേത്രത്തിന് ഏറെയകലെയല്ലാതെ മൂന്ന് കാറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് കണ്ടത്തി. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തി പരിശോധന നടത്തി. നാളെ ഈ സ്‌ഫോടക വസ്തുക്കള്‍ വിദഗ്ദ്ധര്‍ നിര്‍വീര്യമാക്കും. ഇന്നലെ രാത്രിയിലാണ് ഈ വാഹനങ്ങളെ കുറിച്ച് നാട്ടുകാര്‍ പരാതി പൊലീസിനെ അറിയിച്ചത്. ഇന്ന് രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഈ കാറുകളില്‍ ഒരെണ്ണം തിരുവനന്തപുരം ജില്ലയിലും രണ്ടെണ്ണം കൊല്ലം ജില്ലയിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദുരന്തത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ സന്ദര്‍ശിക്കും. തുടര്‍ന്ന് ആരോഗ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ പങ്കെടുക്കുന്ന യോഗം ചികിത്സയും മറ്റും അവലോകനം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവരില്‍ 85 പേരുടെ മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. ഇന്ന് നാല് മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ ഡിഎന്‍എ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലും കേരള സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
This post was last modified on April 11, 2016 6:38 pm
Leave a Comment