X

നമ്മുടെ കാറുകള്‍ക്ക് ഇനി ആയുസ് വെറും എട്ട് വര്‍ഷം മാത്രം

ഗതാഗത മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മാറ്റത്തിനാണ് ഏതാനും വര്‍ഷങ്ങള്‍ക്കകം ലോകം സാക്ഷ്യം വഹിക്കാനിരിക്കുന്നത്‌

ഭൂഗര്‍ഭ ഇന്ധനങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കം ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ഷെല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുടെ വിലയിരുത്തല്‍ അനുസരിച്ച് ഭൂഗര്‍ഭ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ കാലവും കഴിയുകയാണ്. ഗതാഗതത്തിന് വൈദ്യുതി അത്യന്താപേക്ഷിതമാകുന്ന കാലം വിദൂരമല്ലെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തിന്റെ റിപ്പോട്ട് വ്യക്തമാക്കുന്നത്.

എട്ട് വര്‍ഷത്തിനകം പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തല്‍. ആഗോള തലത്തില്‍ എണ്ണക്കച്ചവടം 2030ഓടെ അവസാനിക്കുമെന്നാണ് സ്റ്റാന്‍ഫോര്‍ഡിലെ സാമ്പത്തിക വിദഗ്ധനായ ടോണി സെബ പറയുന്നത്. ഗതാഗതമേഖലയിലെ വൈദ്യുതിവല്‍ക്കരണം ലോകത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അടുത്തിടെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് എട്ട് വര്‍ഷത്തിനകം ഭൂഗര്‍ഭ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ലോകത്തുനിന്നും അപ്രത്യക്ഷമാകുമെന്നാണ് പറയപ്പെടുന്നത്.

കാര്‍, ബസ്, ട്രക്ക് എന്നിവയുള്‍പ്പെടെയുള്ള വൈദ്യുതി വാഹനങ്ങളുടെ ചെലവ് കുറവായിരിക്കുമെന്നും അത് പെട്രോളിയം മേഖലയെ തകര്‍ക്കുമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ‘റിതിങ്കിംഗ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ 2020-2030’ എന്ന പഠന റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ എങ്ങനെയാണ് വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതെന്നും വിശദീകരിക്കുന്നുണ്ട്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ചെലവ് പത്ത് മടങ്ങ് കുറവായിരിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തന കാലയളവ് പത്ത്‌ലക്ഷം മൈല്‍(16 ലക്ഷം കിലോമീറ്റര്‍) ആയിരിക്കുമെന്നും എന്നാല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഇത് കേവലം രണ്ട് ലക്ഷം മൈല്‍(3.21 ലക്ഷം കിലോമീറ്റര്‍) മാത്രമായിരിക്കുമെന്നുമാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.

ഒരു പതിറ്റാണ്ട് കഴിയുമ്പോള്‍ പെട്രോള്‍ പമ്പുകള്‍ കണ്ടെത്തുന്നതിലായിരിക്കും ജനങ്ങള്‍ ഏറെ കഷ്ടപ്പെടുക. 2024ഓടെ നിലവിലെ കാര്‍ വ്യാപാര മേഖല അപ്രത്യക്ഷമാകുമെന്നും ഇന്ധന വില 25 ഡോളറാകുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഗതാഗത മേഖലയുടെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയതും ആഴമേറിയതും പരിണിതഫലങ്ങള്‍ ഏറെയുണ്ടാകുന്നതുമായ മാറ്റത്തിനാണ് വരും വര്‍ഷങ്ങളില്‍ നാം സാക്ഷിയാകാന്‍ പോകുന്നത്. 2025 ഓടുകൂടി ലോകത്തില്‍ ഓടുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിവല്‍ക്കരിക്കപ്പെടും.

1910 മുതല്‍ ഇന്റേണല്‍ കമ്പ്യൂഷന്‍ എന്‍ജിനുകളാണ് നിലവിലുള്ളത്. എന്നാല്‍ അന്ന് മുതല്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അന്തരീക്ഷ മലിനീകരണമാണ്. പെട്രോളിയും ഡീസല്‍ വാനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡും നൈട്രേറ്റ് ഓക്‌സൈഡും നമ്മുടെ അന്തരീക്ഷത്തെ അത്രമാത്രം മലിനമാക്കിക്കഴിഞ്ഞു. എന്നാല്‍ വൈദ്യുത വാഹനങ്ങള്‍ ഇന്ധനക്ഷമത കൂടിയതും അന്തരീക്ഷ സൗഹാര്‍ദമായവയുമാണ്.

This post was last modified on May 22, 2017 11:52 pm