X

കാണണം എന്നുള്ളവര്‍ പെട്ടെന്നു കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററീന്ന്; നിസ്സഹായതയോടെ ഒരു സംവിധായകന്‍

രോഹിതിനെ പിന്തുണച്ച് ഗോദയുടെ സംവിധായകന്‍ ബേസിലും രംഗത്ത് എത്തി

‘കാണണം എന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്നു കണ്ടോ… ഇപ്പോ തെറിക്കും തിയേറ്ററീന്ന്…’ ഒരു സംവിധായകന്റെ നിസ്സഹായത നിറഞ്ഞ വാക്കുകളാണിത്. ഇപ്പോള്‍ തിയേറ്ററുകളില്‍ ഉള്ള അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയുടെ സംവിധായകന്‍ രോഹിത് വി എസ്സിന്റെതാണ് ഈ വാക്കുകള്‍. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കമന്റായി ആണ് രോഹിത് ഇങ്ങനെ കുറിച്ചത്. ആസിഫ് അലിയും ഭാവനയും കേന്ദ്രകഥാപാത്രങ്ങളാായ ചിത്രത്തെ കുറിച്ച് മോശമല്ലാത്ത അഭിപ്രായം ഉയരുന്നതിനിടയില്‍ തന്നെയാണ് സംവിധായകന്‍ തന്റെ സിനിമയെക്കുറിച്ച് ഇത്തരത്തില്‍ ആശങ്കപ്പെടുന്നതും.

അതേസമയം രോഹിതിനെ പിന്തുണച്ച് നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഈ കുട്ടത്തില്‍ സംവിധായകന്‍ ബേസില്‍ ജോസഫും രോഹിതിനെ പിന്തുണച്ച് വന്നിട്ടുണ്ട്. ബേസില്‍ സംവിധാനം ചെയ്ത ഗോദയും ഓമനക്കുട്ടനൊപ്പം റിലീസ് ചെയ്ത ചിത്രമാണ്. രോഹിതിന്റെ വാക്കുകളെ മുന്‍ നിര്‍ത്തി ബേസില്‍ പറയുന്നത് ഇങ്ങനെയാണ്.

ഇത് രോഹിത്, ഒരു പുതുമുഖം, അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയുടെ സംവിധായകന്‍. രോഹിതും അദ്ദേഹത്തിന്റെ സംഘത്തിലെ നിരവധി പുതുമുഖങ്ങളും മൂന്നുവര്‍ഷത്തിലേറെയായി ഈ സിനിമയ്ക്കായി പ്രവര്‍ത്തിച്ചു വന്നിരുന്ന കാര്യം എനിക്ക് വ്യക്തിപരമായി തന്നെ അറിയാവുന്നതാണ്. പക്ഷേ അതിന് ഇങ്ങനെയൊരു അവസാനം വരുന്നത് ദുഃഖകരമാണ്. സിനിമയെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും പോസിറ്റീവ് അഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോഴും അതിന്റെ അര്‍ഹതയുണ്ടായിട്ടും അതിന്റെ ക്രെഡിറ്റ് അവര്‍ക്ക് കിട്ടാതെ പോവുകയാണ്. അവരുടെ കാര്യത്തില്‍ എനിക്ക് വളരെയേറെ വിഷമമുണ്ട്. അതുകൊണ്ട് സിനിമാപ്രേമികളായ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത് കഴിയുമെങ്കില്‍ തിയേറ്ററില്‍ തന്നെപോയി ഈ സിനിമ കാണണം എന്നാണ്.

ബേസിലിന്റെ ഈ പിന്തുണയെ സോഷ്യല്‍ മീഡിയ കൈയടിച്ചു സ്വീകരിക്കുകയാണ്. തന്റെ ചിത്രം തിയേറ്ററില്‍ ഓടുമ്പോള്‍ തന്നെ മറ്റൊരു സംവിധായകനും അയാളുടെ ചിത്രത്തിനും വേണ്ടി രംഗത്ത് ഇറങ്ങുന്നത് യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണ് കാണിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

This post was last modified on May 22, 2017 3:45 pm