X

അന്തസ്സ് വേണം മലയാളികളെ അന്തസ്സ്!; മുകേഷിന്‍റെ തെറിവിളി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

സുധീപ് ജെ.സലിം 

രാത്രി പതിന്നൊന്നു മണിക്ക്, തന്നെ വിളിച്ചുണര്‍ത്തി ആരാധകനാണ് എന്ന് പറയുന്ന ഒരാളെ നടന്‍ മുകേഷ് നല്ല നാല് തെറി വിളിക്കുന്ന ഒരു വോയിസ് ക്ലിപ്പ് കുറെ ദിവസങ്ങളായി വാട്‌സ് ആപ്പില്‍ ഓടി കളിക്കുകയാണ്. അതിന്റെ അലയൊലികള്‍ സാമുഹ്യ മാധ്യമങ്ങളിലും അലയടിക്കുന്നുണ്ട്.

ഏറെ നേരം ബെല്‍ മുഴങ്ങിയ ശേഷമാണ് മുകേഷ് ഫോണ്‍ എടുക്കുന്നത്, നല്ല ഉറക്കത്തില്‍ നിന്ന് പെട്ടന്ന് ഉണര്‍ന്നതിന്റെ അലോസരം വാക്കുകളില്‍ വ്യക്തമാണെങ്കിലും പതിഞ്ഞ ശബ്ദത്തില്‍ ആരാ? പേരെന്താണ് ? എവിടുന്നാണ് ? എന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു ആരാധകനാ… കോതമംഗലത്തുന്നാ…എന്നോ മറ്റോ ആണ് മറുപടി …പകലൊക്കെ നീ എവിടെ ആയിരുന്നു എന്ന് മുകേഷ് തിരികെ ചോദിക്കുന്നു …മറുതലക്കയ്ല്‍ നിന്നുള്ള അടക്കി പിടിച്ച ചിരിയോ തൃപ്തികരമല്ലാത്ത മറുപടിയോ കേട്ട് ക്രുദ്ധനായ മുകേഷ് നല്ല തെറിയുടെ ചേരുവയോടെ ചോദിക്കുന്നു, പകലു മുഴവന്‍ പണിയെടുത്ത് ശേഷം തളര്‍ന്ന് ഉറങ്ങുന്ന പ്രായം ചെന്ന ഒരാളെ വിളിച്ചുണര്‍ത്തി ‘ആരാധകന്‍’ ആണെന്ന് പറയുന്നോ ? രാത്രിയില്‍ വിളിച്ചുണര്‍ത്തി ആരാധിക്കാന്‍ നിന്നോടൊക്കെ ഞാന്‍ പറഞ്ഞോ? അന്തസ്സ് വേണമെടാ അന്തസ്സ്…! ഇങ്ങനെ കയര്‍ക്കുന്ന മുകേഷ് പിന്നെയും തെറി വിളിക്കുന്നിടത്ത് സംഭാഷണം മുറിയുന്നു.

പാതിരാത്രിയില്‍ ആരാധന മൂത്തവര്‍ തന്നെയോ, അതോ മറ്റു ചിലരോ ഈ ഫോണ്‍ സംഭാഷണം പുറത്തു വിടുകയും ചെയ്തു.

‘അന്തസ്സ് വേണമെടാ അന്തസ്സ് ‘എന്ന ഹാഷ് ടാഗില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ തമാശ രൂപേണയും മറ്റു ചിലര്‍ ഗൗരവത്തിലും അത് പങ്കുവെച്ചു.

പക്ഷെ ,അന്തസ്സ് വേണമെടാ അന്തസ്സ് എന്ന മുകേഷ് പറയുന്നത് പാതിരാത്രിയില്‍ വിളിച്ചുണര്‍ത്തിയ ആരാധകനോട് മാത്രമല്ല …നമ്മളോടാകെ തന്നെയാണ് ! 

മുകേഷ് വിളിച്ചതിനേക്കാള്‍ എത്രയെങ്കിലുമൊക്കെ മുട്ടന്‍ തെറികള്‍ക്ക് അര്‍ഹരാണ് നമ്മള്‍ ഓരോരുത്തരും.

അത്രമേല്‍ അന്തസ്സ് കൈ മോശം വന്നൊരു ജനതയല്ലേ നാം ? 

എങ്ങനെയൊക്കെയാണ് ഈ കാലത്തില്‍ നാം നമ്മുടെ അന്തസ്സിനെ വിവക്ഷിക്കുക?

ഉന്നത കുലജാതര്‍, ആഡംബര ജീവിത രീതി ,ആവിശ്യത്തില്‍ കവിഞ്ഞ സ്വത്ത്/ ധൂര്‍ത്ത്, പദവികള്‍, പത്രാസ്സുകള്‍, പൊന്നാടകള്‍, പോന്നോമനകള്‍ക്ക് കിട്ടിയ എ പ്ലസ്സുകള്‍, അവര്‍ക്ക് വേണ്ടി തറച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ , ഇങ്ങനെയൊക്കെ നീളുന്നു അന്തസ്സ് ഉയര്‍ത്താനായി നാം കണ്ടു വെച്ചിട്ടുള്ള ഉപാധികള്‍ ! 

സഹജീവികളോടുള്ള പെരുമാറ്റവും പ്രവര്‍ത്തിയും, നമുക്ക് അന്തസ്സിനുള്ള മാനദണങ്ങള്‍ അല്ലേ അല്ല !

ഒരു അനുവാദവും ഇല്ലാതെ പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലാതെ ഏതു നട്ട പാതിരാത്രിക്കും നമുക്ക് ആരെയും വിളിച്ചുണര്‍ത്താം.

എന്തിനാ വിളിച്ചതെന്നോ ആരാ വിളിച്ചതെന്നോ പറയാതെ വട്ടംകറക്കി രസിക്കാം, 

മിസ്ഡ് കോള്‍ അടി പണ്ടേ നമ്മുടെ രസങ്ങളില്‍ ഒന്നാണ്. 

മൊബൈല്‍ കാലത്തിനും എത്രയോ മുന്‍പേ നാം പാതിരാത്രികളില്‍ എത്ര എത്ര ലാന്‍ഡ് ഫോണുകളിലേക്ക് ബെല്ലടിച്ച് ആനന്ദിച്ചിരിക്കുന്നു.

പരിഷ്‌കൃത സമൂഹങ്ങളില്‍ ഒക്കെ പരിചയക്കാരോ ബന്ധുക്കളോ ആണെങ്കില്‍ കൂടി മെസ്സേജ് അയച്ചു അനുവാദം വാങ്ങിയാണ് ഫോണ്‍ സംഭാഷങ്ങള്‍. 

ഇവിടെ നേരെ തിരിച്ചാണ്, ഏതേലും അസൗകര്യങ്ങള്‍ക്കിടയില്‍ ഫോണ്‍ എടുക്കാതിരുന്നാല്‍, പിന്നെ തെറി വിളിക്കാനാണ് മെസ്സേജ് സംവിധാനം എന്നാണ് നാം കരുതിയിരിക്കുന്നത്!

ഫോണ്‍ വിളികളുടെ മര്യാദകളില്‍ മാത്രമല്ല നാം അന്തസ്സ് ചോര്‍ന്നു പോയവരും അപരിഷ്‌കൃതരും ആയി മാറുന്നത്.

നാം നമ്മുടെ വീടുകളില്‍ അന്തസ്സോടെ പെരുമാറാന്‍ മറന്നിട്ട് എത്ര കാലം ആകുന്നു ?

നാം സഹവസിക്കുന്ന ഈ ഭൂമിയോടും ചവിട്ടി നില്‍ക്കുന്ന മണ്ണിനോടും ഇതര ജീവ ജാലങ്ങളോടും അസഹിഷ്ണുതയോടെ പെരുമാറാന്‍ ശീലിച്ചിട്ടു കൊല്ലവര്‍ഷം എത്ര പിന്നിട്ടു?

നമ്മുടെ നേതാക്കളും ഭരണകൂടവും അന്തസ്സില്ലായ്മയുടെ പര്യായങ്ങള്‍ അല്ലേ ?

എത്ര മേല്‍ അന്തസ്സില്ലാതെയാണ് ചില ആരോപണ വിധേയര്‍ കസേരകളില്‍ അമര്‍ന്നിരിക്കുന്നുത്.

പൊതു ജനങ്ങളോടുള്ള പെരുമാറ്റത്തില്‍ ശിപായി മുതല്‍ മുകളിലോട്ടും സാദാ പോലീസ് മുതല്‍ ഐ പി എസ് ഉള്ളവര്‍ വരെയും മര്യാദ ലവലേശമില്ലാതെയല്ലേ സേവനം ചെയ്യുന്നത്?

നമ്മുടെ സ്‌കൂളുകളിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരസ്പര ബഹുമാനവും മര്യാദയും പകര്‍ന്നു നല്‍കുന്നുണ്ടോ ?

ആണധികാര വ്യവസ്ഥിതിയില്‍ ആണുങ്ങള്‍ പെണ്ണുങ്ങള്‍ക്ക് മേലും ചുരുക്കം ചില പെണ്ണുങ്ങള്‍ ആണുങ്ങള്‍ക്ക് മേലും അന്തസ്സില്ലാതെ പെരുമാറാന്‍ തുടങ്ങിട്ടും കാലങ്ങള്‍ എത്ര പിന്നിട്ടിരിക്കുന്നു ?

ഭിന്ന ശേഷിയുള്ളവരെയും, ഭിന്ന ലൈംഗിക അഭിരുചി ഉള്ളവരെയും ഇനിയും അംഗീകരിക്കാന്‍ മനസ്സില്ലാത്ത നാം എത്രമേല്‍ അന്തസ്സ് കെട്ടവരാണ് ?

നമ്മുടെ മത നേതാക്കളും ജാതി മത സ്ഥാപനങ്ങളും ചേര്‍ന്ന് സഹിഷ്ണുതയും സഹവര്‍ത്തിത്വവും എന്നെ നമ്മളില്‍ നിന്ന് മുറിച്ചു മാറ്റിയില്ലേ?

അന്തസ്സില്ലാത്ത സമൂഹമായി നമ്മെ മാറ്റാന്‍ ദിനംപ്രതി വേണ്ടുവോളം വിഷം ചീറ്റുന്നില്ലേ അവറ്റകള്‍.

എത്ര മാത്രം അന്തസ്സില്ലാത്ത വിവേചനങ്ങള്‍ ആണ് നമ്മുടെ മനസ്സുകളില്‍ തറഞ്ഞു കയറിയിരിക്കുന്നത് ?

തൊലി കറുത്ത് പോയതാണോ ഞാന്‍ ചെയ്ത തെറ്റെന്ന് ഒരു യുവ സംരംഭക ചോദിച്ചിട്ട് അന്തസ്സില്ലാത്ത ഈ സമൂഹം ചലിച്ചോ ?

പേരാമ്പ്രയില്‍ പിഞ്ചു കുഞ്ഞങ്ങളെ നാം ഒറ്റയ്ക്ക് നിര്‍ത്തിയില്ലേ ?

ആദിവാസി ദളിത് പിന്നോക്ക വിഭാഗങ്ങളോട് നാം കാണിക്കുന്ന അന്തസ്സില്ലായ്മ എന്നെങ്കിലും അവസാനിക്കുമോ ?

ബസ്സ്‌നതീവണ്ടി യാത്രകളിലും എന്തിനേറെ വിമാന യാത്രകളില്‍ പോലും നാം നമ്മുടെ തനി നിറം കാട്ടി സഹയാത്രികര്‍ക്ക് മുന്നില്‍ അന്തസ്സിലായ്മ തുടരുകയല്ലേ?

നിരത്തുകളില്‍ നാം എന്നെ സ്വന്തം നിയമങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞവരാണ്. 

ട്രാഫിക് സിഗ്‌നലുകള്‍ നമ്മുടെ സൗകര്യം പോലെ തെളിയുന്നുവെന്നാണ് നമ്മുടെ സങ്കല്പം. 

നമ്മുടെ കണ്ണുകളില്‍ എല്ലായിപ്പോഴും പച്ച മാത്രം! ചുവപ്പും മഞ്ഞയും മറ്റാര്‍ക്കോ ഉള്ളതാണെന്ന് നാം തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു !

ഈ അന്തസ്സില്ലായ്മ എത്ര ജീവനുകള്‍ കൊണ്ട് പോയിട്ടും എന്നെ തല്ലണ്ടമ്മാവ എന്ന് ഭാവത്തില്‍ നാം പിന്നെയം പിന്നെയും ആഞ്ഞ് ആഞ്ഞ് ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി സ്റ്റിയറിംഗില്‍ താളം പിടിച്ചിരിക്കുന്നു ! 

നാം വെറുതെ ചീറിപായുകയാണ് അഹന്തയുടെ സിംഹാസനത്തില്‍ !

പൊതു ടോയിലറ്റുകളില്‍ എത്ര എത്ര നമ്പരുകള്‍ കോറിയിട്ട് നാം അളവറ്റ് ആനന്ദിച്ചിരിക്കുന്നു. 

ഇന്നലെ രാത്രികൂടി അന്യന്റെ പറമ്പുകളിലേക്കും ജലാശയങ്ങളിലേക്കും പൊതുഇടങ്ങളിലേക്കും എത്ര എത്ര മാലിന്യ പൊതികള്‍ നാം വലിചെറിഞ്ഞിട്ടുണ്ടാകും ?

ഇല്ല ,ഇതൊന്നും മാറിമറിയില്ല ! നാം ഇങ്ങനെയൊക്കെയാണ്.

ഇത്രമേല്‍ വ്യാജമായ ഒരു ജനത ലോകത്ത് മറ്റെങ്ങും ഉണ്ടാകില്ല .

സ്വയം മര്യാദകള്‍ മറന്നിട്ട് മരിയ ഷറപ്പോവക്ക് ക്ലാസ്സ് എടുക്കാന്‍ സമയം കണ്ടെത്തിയവരാണ് നമ്മള്‍ !

ഉളുപ്പും ജാള്യതയും ഇല്ലാതെ,സ്വയം കെട്ടിപൊക്കിയ അന്തസ്സ് കോട്ടകളില്‍ അഭിരമിച്ചു പുഴുക്കുന്നതിനിടയില്‍ നാം ഒരിക്കലും മനുഷ്യരാകില്ല !

മുകേഷ് വിളിച്ചതിനേക്കാള്‍ ഉച്ചത്തില്‍ നാം,നാള്‍ക്കു നാള്‍ തെറി കേട്ട് കൊണ്ടേയിരിക്കും…

അഴുകിയ ജീവിതത്തിന്റെ ഉടമകളായ നമ്മളെ അതൊരിക്കലും ഇളഭ്യരാക്കുകയുമില്ല !

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്  ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


This post was last modified on June 18, 2015 3:48 pm