X

ചരിത്രത്തില്‍ ഇന്ന്: മിനയിലെ ദുരന്തവും ഹെയ്തിയിലെ ഭൂകമ്പവും

2006 ജനുവരി 12
മിനയില്‍ തിക്കിലും തിരക്കിലും പെട്ട് 346 തീര്‍ത്ഥാടകര്‍ മരിക്കുന്നു

മുസ്ലീങ്ങളുടെ പുണ്യസ്ഥലമായ മക്കയില്‍ നിരവധി അപകടങ്ങളും നടന്നിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും ഭയാനകമായൊരു അപകടമായിരുന്നു 2006 ജനുവരി 12 ന് സംഭവിച്ചത്. ഹജ്ജിന്റെ അവസാന കര്‍മ്മമെന്ന നിലയില്‍ മിനയില്‍ നടക്കുന്ന റാമി-അല്‍-ജമ്‌റാത്തില്‍ പങ്കെടുക്കാനെത്തിയവരുണ്ടാക്കിയ തിക്കിലും തിരക്കിലും പെട്ട് 346 തീര്‍ത്ഥാടകരാണ് മരിച്ചത്. ജമ്‌റാത്ത് പാലത്തിനടുത്തായി നടക്കുന്ന ഈ പുണ്യകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ രണ്ട് മില്യണ്‍ തീര്‍ത്ഥാടകര്‍ എത്തിയിരുന്നതായാണ് പറയുന്നത്.1990 ഇതേപോലൊരു ദുരന്തം നടന്നിരുന്നു. അന്ന് ജീവന്‍ നഷ്ടപ്പെട്ടത് 1400 തീര്‍ത്ഥാടകര്‍ക്കാണ്.

2010 ജനുവരി 12
ഹെയ്തിയില്‍ ഭൂകമ്പത്തില്‍ ഒരുലക്ഷത്തിനുമേല്‍ മരണം

ദ്വീപ് രാഷ്ട്രമായ ഹെയ്തിയെ തകര്‍ത്തുകൊണ്ട് 2010 ജനുവരി 12 നുണ്ടായ ഭൂകമ്പത്തില്‍ ഒരു ലക്ഷത്തിന് മുകളില്‍ ജനങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഹെയ്തിയന്‍ സര്‍ക്കാര്‍ മരണസംഖ്യ രണ്ട് ലക്ഷമെന്നാണ് പറഞ്ഞതെങ്കിലും ഇതവര്‍ പെരുപ്പിച്ച് കാണിക്കുന്നതാണെന്ന് ആക്ഷേപമുയര്‍ന്നു.

മുപ്പതിനായിരത്തിലധികം വ്യാപാരകെട്ടിടങ്ങളും രണ്ടരലക്ഷത്തോളം ഭവനങ്ങളും ഭൂകമ്പത്തില്‍ നശിച്ചു. പോര്‍ട്ട്- ഔ-പ്രിന്‍സ്, ജാക്‌മെല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. പ്രസിഡന്റിന്റെ കൊട്ടാരം, നാഷണല്‍ അസംബ്ലി, പോര്‍ട്ട്-ഔ-പ്രിന്‍സ് കത്തീഡ്രല്‍ എന്നിവയ്ക്കും നാശങ്ങളുണ്ടായി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on January 12, 2015 10:31 am