X

എയര്‍ ഏഷ്യന്‍ ദുരന്തം; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഴിമുഖം പ്രതിനിധി

എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക്ബോക്‌സ് ഭാഗങ്ങള്‍ കണ്ടെത്തി. ഇന്നുരാവിലെ കടലിനടിയില്‍ മുങ്ങല്‍ വിദഗ്ദര്‍ നടത്തിയ തെരച്ചിലിലാണ് വിമാനത്തിലെ രണ്ട് ബ്ലാക്ക്ബോക്‌സുകളില്‍ ഒന്ന് കണ്ടെത്താനായത്. രാവിലെ 7.11 നാണ് ഫ്‌ളൈറ്റ് ഡറ്റാ റെക്കോര്‍ഡര്‍ അടങ്ങിയ ഭാഗം കണ്ടെടുത്തത്. അതേസമയം കോക്പീറ്റില്‍ നിന്നുള്ള പൈലറ്റുമാരുടെ സംഭാഷണം അടങ്ങിയ കോക്പീറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിവരികയാണെന്ന് ഇന്‍ഡോനേഷ്യന്‍  സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യു ഏജന്‍സിയുടെ തലവന്‍ ഫ്രാന്‍സിസ്‌കസ് ബാംബാംഗ് സോയിലിസ്റ്റോ അറിയിച്ചു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇത് കുടുങ്ങി കിടക്കുകയാകാമെന്നാണ് അധികൃതരുടെ വിശ്വാസം. ഈ ഭാഗം കണ്ടെത്താനായാല്‍ വിമാനം അപകടത്തില്‍പ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണം വെളിവാകും.കാറ്റില്‍ അകപ്പെട്ടതാകാം അപകടത്തിന് ഒരു കാരണമെന്നാണ് ഇന്‍ഡോനേഷ്യന്‍  ദേശീയ കാലാവസ്ഥ വകുപ്പ് പറയുന്നത്. 

ഇപ്പോള്‍ ലഭിച്ച ഡാറ്റ റെക്കോര്‍ഡര്‍ ജക്കാര്‍ത്തയിലേക്ക് കൊണ്ടുപോയെന്നും രണ്ടാഴ്ച്ച സമയമെങ്കിലും ഇതിലെ വിവരങ്ങള്‍ പുറത്തെടുക്കാന്‍ വേണ്ടിവരുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ഇത്രദിവസം കഴിഞ്ഞിട്ടും ഡാറ്റാ റെക്കോര്‍ഡര്‍ ഉപകരണത്തിന് കേടുപാടുകള്‍ ഒന്നും പറ്റിയിട്ടില്ലെന്നും അതിനാല്‍ തന്നെ രേഖപ്പെടുത്തിയ വിവരങ്ങളെല്ലാം  ലഭ്യമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 28 നാണ് ഇന്‍ഡോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ ക്യുസെഡ്8501 വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട് കാണാതാകുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് വിമാനം ജാവ കടലില്‍ തകര്‍ന്നുവീണതായി കണ്ടെത്തുന്നത്. അപകടത്തില്‍ 162 പേരാണ് മരിച്ചത്.

This post was last modified on December 27, 2016 2:42 pm