X

അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് ഒഴികെയുള്ള മേഖലകളില്‍ പ്രത്യേകിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തില്ല

മെഡിക്കല്‍, ആയുഷ് , അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണല്‍ പഠനമേഖലകളില്‍ കേരളം പ്രത്യേകിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തില്ല

അടുത്ത അദ്ധ്യയന വര്‍ഷം(2017-18) മുതല്‍ എഞ്ചിനീയറിംഗ് ഒഴികെയുള്ള പഠന മേഖലകളില്‍, കേരളത്തില്‍ പ്രത്യേകിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗം ഇന്ന് എടുത്ത പ്രധാന തീരുമാനങ്ങള്‍ അറിയിക്കവേയാണ് പിണറായി പുതിയ തീരുമാനം വെളിപ്പെടുത്തിയത്. കൂടാതെ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള കടങ്ങളുടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി കാലാവധി 2017 ഡിസംബര്‍ 31 വരെ ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടിയെന്നും പിണറായി വ്യക്തമാക്കി.

മന്ത്രിസഭാ യോഗം ഇന്ന് എടുത്ത പ്രധാന തീരുമാനങ്ങള്‍

1. 2017-18 അദ്ധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് ഒഴികെ മെഡിക്കല്‍, ആയുഷ് , അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണല്‍ പഠനമേഖലകളില്‍ കേരളം പ്രത്യേകിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തില്ല. നീറ്റ് റാങ്ക് ലിസ്റ്റ് ഇതിന് ബാധകമാക്കുകയും അതില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കുകയും ചെയ്യും.

2. നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് കേളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായി ചികിത്സയില്‍ കഴിയുന്ന അവിനാഷ്, ഷൈജു ടി. ഗോപി എന്നീ വിദ്യാര്‍ത്ഥികളുടെ ചികിത്സാ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കും.

3. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഓങ്കോപത്തോളജി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ 105 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 50 ഡോക്ടര്‍മാര്‍, 55 സ്റ്റാഫ് നേഴ്‌സുമാര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.

4. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള കടങ്ങളുടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി കാലാവധി 2017 ഡിസംബര്‍ 31 വരെ ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടി. കാലാവധി 2016 ഡിസംബര്‍ 31-ന്അവസാനിക്കുകയായിരുന്നു.

This post was last modified on December 20, 2016 2:36 pm