X

എന്ത് ഭാഷയാണ് ഇത്? ‘മാക്രിക്കൂട്ടം’ എന്ന് വിളിച്ച സുരേഷ് ഗോപിക്ക് മറുപടിയുമായി പിണറായി

എംപി ഫണ്ട് ഉപയോഗിക്കാന്‍ എന്ത് തടസ്സമാണ് നേരിട്ടതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്ന് വ്യക്തമാക്കണമെന്നും പിണറായി

നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ എംപി ഫണ്ട് വിനിയോഗിക്കാന്‍ കേരള സര്‍ക്കാരിലെ മാക്രിക്കൂട്ടം അനുവദിക്കുന്നില്ലെന്നാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി മുംബൈയില്‍ പ്രസംഗിച്ചത്. അതേസമയം സുരേഷ് ഗോപി രാഷ്ട്രീയ പക്വത പ്രകടിപ്പിക്കണമെന്ന് പിണറായി ആവശ്യപ്പെടുന്നു.

കേരളത്തിന്റെ വികസന അജണ്ടകളോട് സമര്‍പ്പണ ബോധമുണ്ടാകണമെന്നും അദ്ദേഹം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എംപി ഫണ്ട് ഉപയോഗിക്കാന്‍ എന്ത് തടസ്സമാണ് നേരിട്ടതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാക്രിക്കൂട്ടം തടസ്സം നില്‍ക്കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്. ആരാണത്? ഏത് ഭാഷയാണത്? എന്നും അദ്ദേഹം ചോദിക്കുന്നു.

ബിജെപിയ്ക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം. അവിടങ്ങളിലും ഈ ദുരനുഭവമുണ്ടായോ എന്നും മുഖ്യമന്ത്രി ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രി സുരേഷ് ഗോപിക്ക് മറുപടി നല്‍കിയിരിക്കുന്നത്.

കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ നാടകമാണെന്ന് ആരോപിക്കുമ്പോള്‍ സമാധാന ചര്‍ച്ചയില്‍ പങ്കാളിയായ ബിജെപി കേരളം നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം സുരേഷ് ഗോപിയോട് ചോദിക്കുന്നു. സ്വന്തം പാര്‍ട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും പിണറായി കൂട്ടിച്ചേര്‍ക്കുന്നു.

എംപി ഫണ്ട് വിനിയോഗിക്കാന്‍ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാകും. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം സംസ്ഥാനത്ത് ഏതുഭാഗത്ത് എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകുമെന്ന പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രി ഫോസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

This post was last modified on May 20, 2017 4:17 pm