X

‘ഇപ്പോ ഇറങ്ങിക്കോണം’; പിണറായി ഭാര്യ കമല ടീച്ചറെ കല്യാണ വീട്ടില്‍ നിന്നും വിളിച്ചിറക്കിയത് എന്തിന്?

നിയമസഭയില്‍ മുല്ലക്കരയുടെ ഉണ്ടയില്ലാ വെടിക്ക് മുഖ്യമന്ത്രിയുടെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരിലെ ഒരു കല്യാണ വീട്ടില്‍ നിന്നും ഭാര്യ കമല ടീച്ചറെ വിളിച്ചിറക്കിയ കഥയായിരുന്നു ഇന്ന് നിയമസഭയില്‍ പറഞ്ഞത്. ആഡംബര വിവാഹങ്ങള്‍ ഒഴിവാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് മുല്ലക്കര രത്‌നാകരന്‍ നടത്തിയ ശ്രദ്ധ ക്ഷണിക്കലിനിടെയാണ് സംഭവം.

പുന്നപ്രയില്‍ വരനെയും വധുവിനെയും ജെസിബിയിലേറ്റി ഘോഷയാത്ര നടത്തിയതും അതുമൂലമുണ്ടായ ഗതാഗതക്കുരുക്കും തുടര്‍ന്ന് വരനെ അറസ്റ്റ് ചെയ്തതുമാണ് മുല്ലക്കര ചൂണ്ടിക്കാട്ടിയത്. ആഡംബര വിവാഹങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും വിട്ടുനില്‍ക്കണമെന്നാണ് മുല്ലക്കര ആവശ്യപ്പെട്ടത്. എന്നാല്‍ വിവാഹത്തിനെത്താതെ അത് ആഡംബരമാണോ അല്ലയോ എന്ന് എങ്ങനെ അറിയാനാകുമെന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു. അതിന് ഉദാഹരണമായാണ് മുഖ്യമന്ത്രി സ്വന്തം അനുഭവം പങ്കുവച്ചത്.

തൃശൂരിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഭാര്യ കമല ടീച്ചര്‍ക്കൊപ്പം എത്തിയ പിണറായിയെ ഇവന്റ് മാനേജ്‌മെന്റുകാരുടെ കയ്യടി പ്രയോഗമാണ് ചൊടിപ്പിച്ചത്. ഓരോ ബന്ധുക്കളെയും വിളിക്കുമ്പോള്‍ കയ്യടിക്കണമെന്ന് പറഞ്ഞുകൊണ്ടിരുന്നു. അതൊന്നും അടിക്കാതെ ഒടുവില്‍ വധുവും വരനും എത്തിയപ്പോള്‍ സദസിനോട് മുഴുവന്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പണി പാളിയത്. മറ്റുള്ളവര്‍ക്കൊപ്പം ഇരുവരും എഴുന്നേറ്റ് നിന്നു. എന്നാല്‍ കയ്യടിക്ക് ശേഷം ഇരിക്കാനൊരുങ്ങിയ ഭാര്യയോട് ഇപ്പോ ഇറങ്ങിക്കോണം എന്ന് പിണറായി നിര്‍ദ്ദേശിക്കുകയായിരുന്നു. 16 കൂട്ടം കറികളും തൂശനിലയിലെ സദ്യയും ഉപേക്ഷിച്ച് തങ്ങള്‍ ഇറങ്ങിയെന്നും പിണറായി സഭയില്‍ വ്യക്തമാക്കുന്നു.

വിവാഹ നടത്തിപ്പ് സൂര്യ കൃഷ്ണമൂര്‍ത്തിയെ കണ്ട് പഠിക്കണമെന്ന് മുല്ലക്കര പറഞ്ഞപ്പോള്‍ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ അറിയുമോയെന്ന് പിണറായി ചോദിച്ചത് സിപിഐയുടെ എംഎല്‍എയായ മുല്ലക്കരയെ വെട്ടിലാക്കി. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് വിശദീകരിച്ച പിണറായി താന്‍ കണ്ടിട്ടുള്ള ഏറ്റവും ആര്‍ഭാഡ രഹിത വിവാഹം നടത്തിയത് ബിനോയ് വിശ്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഡംബര വിവാഹങ്ങള്‍ക്ക് ചെലവിന്റെ 50 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നായി മുല്ലക്കരയുടെ അടുത്ത ആവശ്യം. ബജറ്റിലെ മംഗല്യനിധി പോലും ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി തീട്ടൂരം കല്‍പ്പിച്ചിട്ടുണ്ടെന്ന് പിണറായി ഓര്‍മ്മിപ്പിച്ചതോടെ മുല്ലക്കരയുടെ ഉണ്ടയില്ലാ വെടി അവസാനിച്ചു. അനാവശ്യമായ ശ്രദ്ധക്ഷണിക്കലുമായി സമയം കൊല്ലല്‍ മാത്രമായി മുല്ലക്കരയുടെ സെഷന്‍.

This post was last modified on May 11, 2017 11:24 am