X

കണ്ണൂരിലെ കൊലപാതകം: അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ ഗുണ്ടാരാജാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. ഇപ്പോഴത്തെ കൊലപാതകം അതിനുള്ള വിഘാതമാകരുത്.

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന സംഭാഷണങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ നല്ല അന്തരീക്ഷമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്നലെ കൊലപാതകമുണ്ടായത്. അത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തില്‍ ഗുണ്ടാരാജാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് വിമര്‍ഷിച്ചു. കേരളം ഭരിക്കുന്നത് തീവ്രവാദ സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ക്രമസമാധാന നില കേന്ദ്രത്തെ അറിയിക്കും. അതില്‍ കേന്ദ്ര ഇടപെടലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു വെട്ടേറ്റ് മരിച്ചിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ഇന്ന് കണ്ണൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.