X

16 വര്‍ഷത്തിനിടയില്‍ അസമില്‍ കൊല്ലപ്പെട്ടത് 239 കാണ്ടാമൃഗങ്ങള്‍; സംസ്ഥാന വനമന്ത്രി

അഴിമുഖം പ്രതിനിധി

കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ അസമില്‍ വേട്ടക്കാര്‍ കൊന്നൊടുക്കിയത് 239 കാണ്ടാമൃഗങ്ങളെയെന്നു വനമന്ത്രി റാണി ബ്രഹ്മ. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതുവരെ 705 വേട്ടക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 2001 മുതലുള്ള കണക്കില്‍ 661 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കാണ്ടാമൃഗത്തെ മരുന്ന് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട് എന്നും ചൈനയില്‍ 3 കോടിയും മ്യാന്‍മാറില്‍ 2 കോടിയും വരെ ഒരു കാണ്ടാമൃഗത്തിന്  വില ലഭിക്കുമെന്ന് വനമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഇവ കൂടുതലായി കാണപ്പെടുന്ന കാസിരംഗ നാഷണല്‍ പാര്‍ക്ക്, മനാസ് നാഷണല്‍ പാര്‍ക്ക്,പൊബിറ്റോറ വന്യജീവി സങ്കേതം, ഒറാങ് നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ 2001 മുതല്‍ 2016 വരെ നിരവധി കാണ്ടാമൃഗങ്ങള്‍ വേട്ടയാടപ്പെട്ടിട്ടുണ്ട്. ഒറ്റ കൊമ്പുള്ള കാണ്ടാമൃഗങ്ങള്‍ക്ക് പേരുകേട്ട കാസിരംഗയിലാണ് വ്യാപകമായ വേട്ടയാടപ്പെടല്‍ നടന്നത്.

കാണ്ടാമൃഗങ്ങള്‍ക്ക്ഒരു തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും നിലവിലില്ല. കുടിക്കാനുള്ള വെള്ളവും ലഭിക്കുന്നില്ല. പിന്നെ എങ്ങനെയാണ് അവര്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുക എന്ന് മന്ത്രി സഭയില്‍ ചോദിക്കുകയുണ്ടായി. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വേട്ടയാടല്‍ നിരോധിക്കുന്ന കാര്യം ആലോചനയിലുമാണെന്നും മന്ത്രി പറഞ്ഞു.

കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ക്കും ആവശ്യക്കാരേറെയാണ്. സംസ്ഥാനത്ത് ഒന്നര ലക്ഷം രൂപ ലഭിക്കുമ്പോള്‍ രാജ്യത്തിനു പുറത്ത് കോടികളാണ് ലഭിക്കുന്നത്. സര്‍ക്കാരിലെ ഉന്നതര്‍ക്കും പോലീസിനും മൃഗങ്ങളെ വേട്ടയാടുന്നതില്‍ പങ്കുണ്ടെന്ന് ബിജെപി എംഎല്‍എ പദ്മ ഹസാരിക ആരോപിച്ചു.

 

 

This post was last modified on December 27, 2016 4:19 pm

Related Post
Leave a Comment