X

പള്‍സറിന്റെ കത്തിലെ ‘കാക്കനാട്ടെ ഷോപ്പ്’; കാവ്യ മാധവന്റെ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയതായി വിവരം

നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസം കാക്കനാട്ടെ ഷോപ്പില്‍ എത്തിയിരുന്നതായി സുനിയുടെ മൊഴി

പള്‍സര്‍ സുനിയുടെ മൊഴി പൊലീസിനെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലും എത്തിച്ചതായി വാര്‍ത്തകള്‍. കാക്കനാട് മാവേലിപുരത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയെന്ന വാര്‍ത്ത മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതീവരഹസ്യമായി ഇന്നലെ രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പൊലീസ് പരിശോധന നീണ്ടതായാണു പറയുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സി ഐ യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയതെന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് എഴുതിയെന്നു പറയുന്ന കത്തില്‍ ‘ കാക്കനാട്ടെ ഒരു ഷോപ്പ്’ എന്നു പരാമര്‍ശിക്കുന്നുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസിനെ ലക്ഷ്യയില്‍ എത്തിച്ചതെന്നു പറയുന്നു. നടി ക്രമിക്കപ്പെട്ടതിനു ശേഷം കാക്കനാട്ടെ കടയില്‍ എത്തിയതായും കത്തില്‍ രണ്ടിടത്തു പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസമാണ് കാക്കനാട്ടെ ഷോപ്പില്‍ എത്തിയതും അവിടെ നിന്നും ദിലീപ് ആലുവയില്‍ ആണെന്ന മറുപടി ലഭിച്ചതായും സുനി പൊലീസിനു നല്‍കിയ മൊഴിയിലും പറയുന്നതായി വാര്‍ത്തയിലുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടയില്‍ ദിലീപിനോടും ഇതേക്കുറിച്ച് ചോദിച്ചിരുന്നതായും അറിയാന്‍ കഴിയുന്നു.സ്ഥാപനത്തില്‍ എത്തിയ പൊലീസ് സംഘം ചില രേഖകളും കമ്പ്യൂട്ടറിലെ വിവരങ്ങളും പരിശോധിച്ചതായാണ് വിവരം.

This post was last modified on July 12, 2017 5:12 pm

Related Post
Leave a Comment