X

ബോട്ടോക്സും ലിപ് ഫില്ലറും കുത്തിവെച്ച് പണം നൽകാതെ ഓടിയവരെ പൊലീസ് തിരയുന്നു

പല സിനിമാതാരങ്ങളും റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിനും ബോട്ടോക്സ് കുത്തിവെപ്പ് നടത്താറുണ്ടെന്ന് ഗോസ്സിപ്പ് കോളങ്ങൾ പറയുന്നു.

ഒരു കോസ്മെറ്റിക് ക്ലിനിക്കിൽ നിന്നും സൗന്ദര്യവർധക മരുന്നുകൾ ഉപയോഗിച്ചതിനു ശേഷം കടന്നുകളഞ്ഞ മൂന്നുപേരെ പൊലീസ് തിരയുന്നു. രണ്ട് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് മുങ്ങിയത്. ഈ സാധനങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയ്ക്കു ശേഷം പണം നൽകാതെ ഇവർ മുങ്ങുകയായിരുന്നു.

2000 പൗണ്ട് നിരക്കുള്ള ചികിത്സയാണ് ഇവർ ചെയ്തത്. സംഭവത്തിൽ ഉൾപെട്ടവരെന്ന് കരുതപ്പെടുന്നയാളുകളുടെ ചിത്രങ്ങൾ പൊലീസ് പ്രചരിപ്പിക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നവർ ലണ്ടൻ പൊലീസിനെ 101 എന്ന നമ്പരില്‍ വിളിച്ചറിയിക്കണം. ക്രൈംസ്റ്റോപ്പേഴ്സിന്റെ നമ്പരായ 0800555111 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.

തെക്കുകിഴക്കന്‍ ലണ്ടനിലെ ബെക്സ്‌ലിയിലുള്ള പേഴ്സോണ കോസ്മെറ്റിക് മെഡിസിൻ ക്ലിനിക്കിലാണ് സംഭവം നടന്നത്.

അതെസമയം പ്രതികളുടെ ചിത്രത്തിലുള്ള മുഖങ്ങള്‍ ഇപ്പോഴത്തെ മുഖവുമായി അത്രകണ്ട് സാമ്യമുണ്ടാകണമെന്നില്ല. ബോട്ടോക്സും ലിപ് ഫില്ലറും കുത്തി വെച്ചതിനു ശേഷമാണ് എല്ലാവരും മുങ്ങിയത്.

മുഖത്തെ ചുളിവുകൾ മാറ്റാൻ‌ ബോട്ടോക്സ് കുത്തി വെക്കുന്ന ചികിത്സ ഫലപ്രദമാണ്. പല സിനിമാതാരങ്ങളും റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിനും ബോട്ടോക്സ് കുത്തിവെപ്പ് നടത്താറുണ്ടെന്ന് ഗോസ്സിപ്പ് കോളങ്ങൾ പറയുന്നു. ലിപ് ഫില്ലറിനും സമാനമായ ഉപയോഗം തന്നെയാണുള്ളത്. ചുണ്ടിന്റെ യൗവ്വനം കൂട്ടുകയാണ് ഇതിന്റെ ഉപയോഗം.

This post was last modified on June 1, 2018 5:13 pm