X

മുഖ്യമന്ത്രിയുടെ പാക്കേജ് അംഗീകരിക്കുമെന്ന് പൊമ്പളൈ ഒരുമൈ

അഴിമുഖം പ്രതിനിധി

മൂന്നാറില്‍ സമരം ചെയ്യുന്ന പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ പാക്കേജ് തങ്ങള്‍ അംഗീകരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അവര്‍ അറിയിച്ചു. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി അംഗങ്ങള്‍ അല്ലാത്തതിനാല്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ ഇവര്‍ക്ക് പങ്കെടുക്കാന്‍ ആകില്ല. ഇതുകാരണം തങ്ങളുടെ നിലപാടുകള്‍ അറിയിക്കാനാണ് പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ദിവസക്കൂലി 500 ആക്കണമെന്ന് ഇവര്‍ മുഖ്യമന്ത്രിയോട് വീണ്ടും അഭ്യര്‍ത്ഥിച്ചു. ഗോമതി അഗസ്റ്റിന്‍, ലിസി സണ്ണി, ജയലക്ഷ്മി, രാജേശ്വരി, മനോജ്, അന്തോണിരാജ് എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മൂന്നാറില്‍ പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയ ഒമ്പത് ദിവസത്തെ സമരത്തെ തുടര്‍ന്ന് ഇവര്‍ക്ക് ദിവസം 500 രൂപ വേതനം ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. പ്രവര്‍ത്തകര്‍ സമരം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ശമ്പള വര്‍ദ്ധനവ് ചര്‍ച്ച ചെയ്യാനായി കൂടിയ പിഎല്‍സി യോഗങ്ങളില്‍ ഇതേ കുറിച്ച് തീരുമാനം എടുക്കാനായില്ല. ശമ്പളം വര്‍ദ്ധിപ്പിക്കാനാകില്ലെന്ന് തോട്ടം ഉടമകള്‍ ശഠിച്ചതാണ് ഇതിന് കാരണം. ഈ നിലപാടില്‍ തന്നെയാണ് ഉടമകള്‍ ഇപ്പോഴും നില്‍ക്കുന്നത്.

This post was last modified on October 5, 2015 10:34 am