X

ദൈവം കരയുന്നു; പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം പോപ്പ്

ഫ്രാന്‍സിസ് സ്റ്റെഡ് സെല്ലേഴ്സ്, ജോ ഹീം, മൈക്കല്‍ ഇ. റ്വേന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആറു ദിവസം നീണ്ട അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച പോപ് ഫ്രാന്‍സിസ് ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടവരുമായും തടവുകാരുമായും സംവദിച്ചത് സഭയുടെ വലിയ വീഴ്ചകളെ ഓര്‍മ്മിപ്പിക്കുന്നതും അതിന്റെ ശാശ്വതമായ ധാര്‍മ്മിക ശക്തിയെ സൂചിപ്പിക്കുന്നതുമായി. ലൈംഗിക പീഡനത്തെ അതിജീവിച്ച അഞ്ചു പേര്‍ക്കൊപ്പം ഫിലദല്‍ഫിയയിലെ സെന്റ് ചാള്‍സ് ബൊരോമിയോ സെമിനാരിയിലെ പ്രഭാഷണത്തോടെയാണ് പോപിന്റെ ഞായറാഴ്ച പരിപാടികള്‍ തുടങ്ങിയത്. പല പുരോഹിതരേയും അപവാദത്തിലാക്കിയ സംഭവങ്ങളാല്‍ ദുഷ്‌പേരുള്ള ഒരു നഗരത്തില്‍ പോപിന്റെ ഈ പരിപാടി എറെ പ്രതീക്ഷിച്ച ഒന്നായിരുന്നു.  പുരോഹിതരില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ ലൈംഗിക പീഡനം സഹിക്കേണ്ടി വന്നവരാണ് ഈ  മൂന്ന് വനിതകളും രണ്ടു പുരുഷന്‍മാരുമെന്ന് വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറയുന്നു.

പിന്നീട് ബിഷപ്പുമാരെ അഭിസംബോധന ചെയ്യവെ എഴുതി തയാറാക്കിയ പ്രസംഗത്തില്‍ നിന്നും മാറി പോപ് പറഞ്ഞു: ‘ദൈവം കരയുന്നു. നിങ്ങള്‍ സംരക്ഷിതരാണെന്ന് ഉറപ്പു വരുത്താന്‍ സഭയുടെ മേല്‍നോട്ടം വളരെ ശ്രദ്ധയോ നിര്‍വ്വഹിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഉത്തരവാദികളായ എല്ലാവരും ചോദ്യം ചെയ്യപ്പെടുമെന്നും ഞാന്‍ വാഗ്ദാനം നല്‍കുന്നു.’ സാധാരണ പോപ് പരാമര്‍ശിക്കാറുള്ള വിഷയങ്ങളും ഈ പ്രസംഗത്തില്‍ കടന്നു വന്നു. ഉപഭോഗ സംസ്‌കാരത്തേയും അതിന്റെ പ്രത്യാഘാതങ്ങളേയും കുറിച്ചായിരുന്നു അത്. ഇതെല്ലാം എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ ഉള്‍പ്പെട്ടതായിരുന്നെങ്കില്‍ പോപ് ഇതിലുള്‍പ്പെടാത്ത കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം കൂടി പരാമര്‍ശിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഈ വിഷയം എന്റെ മനസ്സില്‍ എപ്പോഴുമുണ്ട്. കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ളവര്‍ തന്നെ വിശ്വാസം ലംഘിക്കുകയും അവരെ വേദനിപ്പിക്കുകയും ചെയ്യുന്നു,’ പോപ് പറഞ്ഞു.

പീഡന ഇരകളോടൊപ്പമുള്ള പരിപാടിക്കു ശേഷം ഫിലദല്‍ഫിയയിലെ ഏറ്റവും വലിയ ജയിലിലെ 100 തടവുകാരെ സന്ദര്‍ശിച്ചു. അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന പോപ് ഹസ്തദാനം ചെയ്തും അഭിവാദ്യം ചെയ്യാന്‍ എഴുന്നേറ്റ് നിന്നവരെ കെട്ടിപ്പിടിച്ചും തലയില്‍ തലോടിയും അവര്‍ക്കൊപ്പം ചെലവഴിച്ചു. പാവങ്ങളേയും അശരണരേയും അവഗണിക്കപ്പെട്ടവരേയും ഗൗനിക്കുന്ന പോപിന്റെ ശ്രമങ്ങള്‍ക്കുള്ള ഒരു തെളിവായി ഇത്.

പീഡനത്തിരയാവരെ പോപ് സന്ദര്‍ശിക്കുമോ എന്നതു സംബന്ധിച്ച് പ്രതികരിക്കാന്‍ നേരത്തെ വത്തിക്കാന്‍ തയാറായിരുന്നില്ല. ഈ സന്ദര്‍ശനം വ്യക്തിപരമായ ഒന്നാണെന്നും മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ളതല്ലെന്നും നേരത്തെ വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. യുഎസിലെ കത്തോലിക്കാ സഭയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ലൈംഗിക പീഡന അപവാദങ്ങളോട് പോപ് വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ലെന്ന് ഇരകളാക്കപ്പെട്ടവരും അവരെ പിന്തുണയ്ക്കുന്നവരും വിമര്‍ശനമുന്നയിച്ചിരുന്നു. ‘നിങ്ങള്‍ വിശ്വസിച്ചവരാല്‍ തന്നെ നിങ്ങളുടെ നിഷ്കളങ്കത ലംഘിക്കപ്പെട്ടതില്‍ ഞാന്‍ അഗാധമായി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ മുറിവുണക്കാനും ഇന്നിന്റേയും നാളെയുടേയും മക്കളെ സംരക്ഷിക്കാനും എല്ലാ പിന്തുണയും എല്ലായ്‌പ്പോഴും ശ്രദ്ധാലുവായിരിക്കുമെന്നും  വാഗ്ദാനം ചെയ്യുന്നു,’ വത്തിക്കാന്‍ പുറത്തു വിട്ട പോപിന്റെ പ്രസംഗത്തില്‍ അദ്ദേഹം പീഡന ഇരകളോട് പറയുന്നു.

എന്നാല്‍ പോപിന്റെ വാക്കുകളില്‍ കുലുങ്ങാത്തവരുമുണ്ട്. ഇവരില്‍ ഒരാളാണ് 13-ാം വയസ്സില്‍ ഒരു പുരോഹിതനില്‍ നിന്നും ലൈംഗിക പീഡനം സഹിക്കേണ്ട വന്ന 64 കാരന്‍ കെവിന്‍ വാല്‍ഡ്രിപ്. ‘ദൈവം കരയുന്നുണ്ടാവാം. എന്നാല്‍ പോപും സഭയും തീര്‍ച്ചായായും കരയുന്നുണ്ടാവില്ല. അവരത് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു,’ കെവിന്‍ പറയുന്നു.

തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ പ്രത്യേക വാഹനത്തില്‍ വിശ്വാസികളെ അഭിവാദ്യം ചെയ്തും കുഞ്ഞുങ്ങളെ ചുംബിച്ചുമാണ് പോപ് കടന്നു പോയത്. പിന്നീട് ആയിരങ്ങള്‍ പങ്കെടുത്ത കുര്‍ബാനയ്ക്കും പോപ് നേതൃത്വം നല്‍കി. എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പോപ് പ്രാര്‍ത്ഥനാ സംഗമം വിട്ടത്. വലിയ ജനത്തിരക്ക് നിയന്ത്രിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കിലും 10 സുരക്ഷാ ചെക്ക് പോസ്റ്റുകളിലായി ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ പാര്‍ക്ക്‌വേയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുക്കാനാവാതെ കുടുങ്ങിക്കിടന്നു. പലര്‍ക്കും നിരാശയോടെ മടങ്ങേണ്ടിയും വന്നു.

ആറു ജയിലുകളുള്ള ഫിലദല്‍ഫിയയിലെ ഏറ്റവും വലിയ തടവു കേന്ദ്രമായ കറന്‍ ഫോംഹോള്‍ഡ് കറക്ഷനല്‍ ഫെസിലിറ്റിയിലെ തടവു പുള്ളികളുമായാണ് പോപ് സംവദിച്ചത്. ഇവരില്‍ ശിക്ഷിക്കപ്പെട്ടവരും വിചാരണ കാത്തു കഴിയുന്നവരും ഉള്‍പ്പെടും. സഭ മാറും സഭയ്ക്ക് മാറാന്‍ കഴിയുമെന്നായിരുന്നു പീഡനത്തിരയായവര്‍ക്കുള്ള പോപിന്റെ സന്ദേശമെങ്കില്‍ നിങ്ങള്‍ക്കു മാറാനും മോചനം നേടാനും കഴിയുമെന്നായിരുന്നു തടവുകാര്‍ക്കുള്ള സന്ദേശം. പോപിനായുള്ള പ്രത്യേക കസേര തടവുകാര്‍ നിര്‍മ്മിച്ചതായിരുന്നു. അമേരിക്കന്‍ സന്ദര്‍ശനം അവസാനിപ്പിച്ച് ഞായറാഴ്ച വൈകുന്നേരം മടക്ക യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ പോപ് അടിയന്തിര വിഷയങ്ങളായ പരിസ്ഥിതി സംരക്ഷണം, ദരിദ്രര്‍, കുടിയേറ്റം എന്നീ വിഷയങ്ങള്‍ ശ്രദ്ധയിലുണ്ടായിരിക്കണമെന്ന് വൈസ് പ്രസിഡന്റ് ജോ ബിഡനോടും തന്നെ യാത്രയാക്കാന്‍ എത്തിയ മറ്റുള്ളവരോടുമായി പറഞ്ഞു. 7:46 ന് വിമാനം പറന്നുയര്‍ന്നതോടെ വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ഫിലദല്‍ഫിയ നഗരങ്ങള്‍ ഉള്‍പ്പെട്ട അദ്ദേഹത്തിന്റെ ഒരാഴ്ച നീണ്ട  ഔദ്യോഗിക അമേരിക്കന്‍ സന്ദര്‍ശനത്തിനു വിരാമമായി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on September 29, 2015 11:21 am