X

മണ്ഡല്‍ സമരങ്ങളിലെ ‘അര്‍ഹത’യും സവര്‍ണ്ണസമുദായങ്ങളിലെ ‘സംസ്‌കാര’വും ‘പാരമ്പര്യ’വും മലയാള സിനിമയില്‍- ഭാഗം 2

കെ.പി.ജയകുമാര്‍

ഇന്ത്യയില്‍ ദേശീയതയെക്കുറിച്ചുള്ള പരികല്‍പ്പനകള്‍ പിറവിയെടുക്കുന്നതും വളരുന്നതും 19-ാം ശതകം മുതലാണ്. അധിനിവേശ സാംസ്‌കാരിക വ്യവഹാരത്തിനുള്ളില്‍ ബ്രാഹ്മണമേധാവിത്വം ചിട്ടപ്പെടുത്തിയെടുത്ത ‘ഹിന്ദു’ സങ്കല്‍പ്പത്തില്‍ അധിഷ്ടിതമായാണ് ദേശരാഷ്ട്ര സങ്കല്‍പം മേല്‍ക്കൈനേടുന്നത്. ഈ ദേശ-രാഷ്ട്ര നിര്‍മ്മിതി പരമമായ മൂല്യം കല്‍പ്പിച്ചുനല്‍കിയത് സവര്‍ണ്ണജാതികളെയും അതില്‍നിന്നുയിര്‍കൊണ്ട പുതിയ സാമ്പത്തിക ശക്തികളെയുമാണ്. ബ്രിട്ടീഷ് പിന്‍മാറ്റത്തോടെ രൂപം കൊണ്ട സാമ്പത്തിക- രാഷ്ട്രീയ സംവിധാനം, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പ്രകാശവലയത്തില്‍, ജാതിവ്യവസ്ഥയുടെ വ്രണിതവും ഭീഭല്‍സവുമായ ഉള്ളടക്കങ്ങളെ മറച്ചുവെച്ചുകൊണ്ടാണ് അതിന്റെ തുടര്‍ച്ച സാധ്യമാക്കിയത്. എല്ലാത്തരം വൈരുദ്ധ്യങ്ങളും അസമത്വങ്ങളും ദമനം ചെയ്തുകൊണ്ട് ‘തുല്യത’യുടെ നിരവധി ധാരകളുടെ ഒന്നുചേരലാണ് പുതിയ ജനാധിപത്യ-അധികാര സംവിധാനമെന്ന ധാരണ പ്രചരിപ്പിച്ചുറപ്പിക്കപ്പെട്ടു. അതോടെ ജാതി ശ്രേണിയില്‍ താഴേക്കിടയില്‍ വരുന്ന ദലിതരും ആദിവാസികളും മറ്റ് ജനസമൂഹങ്ങളും സ്ത്രീകളും ദേശ- രാഷ്ട്ര സങ്കല്‍പ്പത്തിന്റെ അധീശ മുഖ്യധാരയില്‍ ലയിക്കേണ്ടവര്‍ മാത്രമായി. പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെയും പ്രാതിനിധ്യങ്ങളെ തമസ്‌കരിക്കുന്ന, ഭൂരിപക്ഷ സംസ്‌കാരത്തിന്റെ സാധൂകരണം ദേശീയതയുടെ പ്രാഥമിക രൂപമായികാണുന്ന സാംസ്‌കാരിക അധികാരത്തിന്റെ  പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമായി പത്ര-ദൃശ്യ മാധ്യമങ്ങളും ടെലിവിഷന്‍ പരമ്പരകളും ചലച്ചിത്രങ്ങളും  പ്രവര്‍ത്തിക്കുന്നു. അത് വികസനത്തിന്റെ മുന്‍ഗണനകളെ നിശ്ചയിക്കുന്ന ഉപരിവര്‍ഗ്ഗകാമനകളുടെ വര്‍ഗ്ഗീയ/ലിംഗാധിപത്യ സ്വരൂപവുമായി താദാത്മ്യം പ്രാപിക്കുന്ന കാഴ്ചക്കൂട്ടങ്ങളെ നിര്‍മ്മിക്കുന്നു. ഒപ്പം അനുദിനം മാറുന്ന സമൂഹത്തിന്റെ (സാമ്പത്തിക, സാമുദായിക, രാഷ്ട്രീയ) വെല്ലുവിളികളെ നേരിടാന്‍ പാരമ്പര്യ/ജാതിശ്രേണികള്‍ അതേപടി നിലനില്‍ക്കണമെന്നുമുള്ള ആശയം നിരന്തരം പുനരുല്‍പാദിപ്പിക്കുകയും ചെയ്യുന്നു. 

ജാതിവ്യവസ്ഥയില്‍ നിശ്ചലമാക്കപ്പെടുന്നത് കീഴാള ശരീരമാണ്. അശുദ്ധി ആരോപിക്കുന്നതിലൂടെയാണ് ഈ ശരീരങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത്. സാമ്പത്തിക നിയന്ത്രണത്തിലുള്ള അധികാരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നും കീഴാളര്‍ക്കുമേല്‍ സവര്‍ണ്ണര്‍ സാമൂഹികവും രാഷ്ട്രീയവുമായ അധികാരം പ്രയോഗിച്ചുവരുന്നു. ‘ബ്രഹ്മം’ അറിയുന്നവനാണ് ബ്രാഹ്മണന്‍ എന്നും ‘കര്‍മ്മമഹത്വം’കൊണ്ട് ആര്‍ക്കും ബ്രാഹ്മണനാകാമെന്നുമുള്ള മതേതര നാട്യങ്ങള്‍ ഉല്‍ഘോഷിക്കപ്പെടുമ്പോഴും ഒരു ചണ്ഡാളനും ബ്രാഹ്മണനായി അംഗീകരിക്കപ്പെട്ട ഉദാഹരണം പ്രായോഗിക ജീവിതത്തില്‍ നമുക്കില്ല; മറിച്ച് ബ്രാഹ്മണത്വത്തിലേക്കോ ക്ഷത്രിയത്വത്തിലേക്കോ കര്‍മ്മത്താല്‍ ഉയരാന്‍ ശ്രമിച്ച ശംബൂകന്റെയും ഏകലവ്യന്റെയും രക്തസ്‌നാതനമായ പാഠങ്ങള്‍ നമുക്കുമുന്നിലുണ്ടുതാനും. സമീപകാലത്ത് വ്യാപകമാകുന്ന ക്ഷേത്രപുനരുദ്ധാരണങ്ങള്‍, ഗീതായജ്ഞം, ഭാഗവത സപ്താഹം തുടങ്ങിയ നിരവധി ‘വിശ്വാസ’ കര്‍മ്മപരിപാടികള്‍ ബ്രാഹ്മണ്യത്തെ സമൂഹകേന്ദ്രത്തില്‍ തിരികെ പ്രതിഷ്ഠിക്കുന്നതിനുള്ള ആസൂത്രിത കര്‍മ്മപരിപാടികളാണ്. ക്ഷേത്രപുനരുദ്ധാരണവും ബ്രാഹ്മണ്യത്തിന്റെ പുനരുത്ഥാനവും ഒരു ജനതയുടെ അതിവൈകാരികവും ആധ്യാത്മികവുമായ അനിവാര്യതയാക്കി ആവിഷ്‌കരിച്ച ‘ആറാംതമ്പുരാന്‍’ പോലെയുള്ള ചലച്ചിത്രങ്ങളും വിവിധ ആധ്യാത്മിക ടെലിവിഷന്‍ പരമ്പരകളും ഈ ആശയത്തെ പുനരുല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. 

ആറാംതമ്പുരാന്‍, ദേവാസുരം, രാവണപ്രഭു തുടങ്ങിയ ചലച്ചിത്രങ്ങള്‍ ഏതു വെല്ലുവിളികളെയും നേരിടാന്‍ പാകത്തിനുള്ള ‘പുല്ലിംഗ മാതൃക’കളെയാണ് അവതരിപ്പിച്ചത്. ജാതി/ലിംഗ നീതികള്‍ ഉടഞ്ഞുവീഴുന്ന സവര്‍ണ്ണ പുരുഷത്വത്തിന്റെ ആഘോഷമായി സിനിമകള്‍ മാറി. സാംസ്‌കാരികവും ജാതീയവുമായ കെട്ടുപാടുകളും ഓര്‍മ്മയില്‍ പച്ചപിടിച്ചുനില്‍ക്കുന്ന നാട്ടിന്‍ പുറത്തെക്കുറിച്ചുള്ള പരികല്‍പ്പനകളും അമ്മയെയും അമ്പലങ്ങളെയും പറ്റിയുള്ള ആകാംക്ഷകളും ‘ശാലീന’ സുന്ദരിയായ കാമുകിയെക്കുറിച്ചുള്ള സ്വപ്നങ്ങളും നാഗരിക സംഘര്‍ഷവും പലമാതിരി കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കപ്പെട്ട ‘ആര്യന്‍’ (പ്രിയദര്‍ശന്‍) ഭൂപരിഷ്‌കരണമുള്‍പ്പെടെയുള്ള സാമൂഹ്യനവോത്ഥാന ചരിത്രത്തെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. സംവരണ വിരുദ്ധത കൈകാര്യം ചെയ്തുകൊണ്ടാണ് ‘മയൂഖം’ (ഹരിഹരന്‍, 2006) പുതുബ്രാഹ്മണ്യത്തിന്റെ വരവറിയിക്കുന്നത്. പുനരുത്ഥാന മൂല്യങ്ങളെ മഹത്വവല്‍ക്കരിക്കുകയും അവയെ ആധുനിക വ്യവസായിക വികസന പ്രക്രിയകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്രങ്ങള്‍ നാടിന്റെ പുരോഗതിക്ക് ആവശ്യമായ ‘കഴിവു’ള്ള ‘വ്യക്തിയിനങ്ങളായി’ സവര്‍ണ്ണ പുരുഷനെ കാഴ്ചയില്‍ പകര്‍ത്തുന്നു. 

സംവരണവിരുദ്ധ സംവാദം പലപ്പോഴും ‘യോഗ്യത’യെ സംബന്ധിക്കുന്ന പ്രശ്‌നമായി ഉന്നയിക്കപ്പെടുന്നതിന്റെ പശ്ചാത്തലം ഈ പുരുഷ രൂപങ്ങളില്‍ വായിക്കാം. ‘കഴിവ്’ മാനദണ്ഡമാക്കണം എന്ന വാദം തന്നെ ‘സവര്‍ണ്ണത്വ’മായിരിക്കണം അതിന്റെ അടിസ്ഥാനം എന്ന നിലപാടിലാണ് ഉറപ്പിച്ചിരിക്കുന്നത്. ”ഇന്റര്‍ മീഡിയേറ്റ് ലെവലില്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം അനുവദിച്ചുള്ള ചട്ടം നടപ്പില്‍ വരുത്തരുതെന്നാണ്” ഇ എം എസ്സിന്റെ ഭരണ പരിഷ്‌കരണ കമ്മറ്റി നിര്‍ദ്ദേശിച്ചത്. ”ഭരണ സംവിധാനത്തിലെ ഉന്നതവും ഉത്തരവാദിത്തവുമുള്ള ഉദ്യോഗങ്ങളിലേയ്ക്ക് യോഗ്യതയുള്ളവരുടെ സേവനം ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമനങ്ങളുടെ ലക്ഷ്യം തന്നെ അത് പ്രയോജന രഹിതമാക്കും.” എന്ന് റിപ്പോര്‍ട്ട് ഉറപ്പിച്ച് പറയുന്നതില്‍ ‘കഴിവിന്റെ’ മാനദണ്ഡം ‘വരേണ്യത’യാണെന്ന യുക്തി അടിവരയിട്ടുറപ്പിക്കുന്നു. ‘സ്വാതന്ത്ര്യാനന്തരം, സംവരണ വ്യവസ്ഥയിലൂടെ രൂഢമൂലമായ പ്രതിനിധാനം കഴിവിന്റെയും കഴിവുകേടിന്റെയുമാണ്. സമകാലിന ഇന്ത്യയില്‍ ‘മെറിറ്റ്’ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. കീഴ്ജാതികളുടെ ഏറ്റവും പുതിയ പ്രതിബിംബമായി അധീശശക്തികള്‍ മുന്നോട്ടുവെച്ചതും ‘മെറിറ്റ്’ ഇല്ലായ്മയാണ്. എന്താണ് മെറിറ്റ്? അത് ഏതുതരത്തിലുള്ള അര്‍ത്ഥങ്ങളാണ് ജനിപ്പിക്കുന്നത്? ‘മെറിറ്റി’നെക്കുറിച്ചുള്ള അടിസ്ഥാന ആശയങ്ങള്‍ മുതലാളിത്തത്തിന്റെ സൃഷ്ടിയാണെങ്കിലും ഇന്ത്യയില്‍ മുതലാളിത്ത പൂര്‍വ്വമായ ജാതി മുന്‍വിധികള്‍ മെറിറ്റിനെ ചൊല്ലിയുള്ള സംവാദത്തില്‍ അടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ മധ്യവര്‍ത്തി വിഭാഗത്തിനും ബൂര്‍ഷ്വാസിക്കും അതിനാല്‍ തന്നെ മെറിറ്റ് ഏറെ പ്രധാനമാണ്. മുതലാളിത്തത്തോടെ ആരംഭിച്ച യുക്തിഭദ്രമാക്കലിന് ഭരണാധികാരികളും, സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണരുമടങ്ങുന്ന മധ്യവര്‍ത്തി വിഭാഗം അനുപേക്ഷണീയമാണ്. ഈ വിഭാഗത്തിന് ആവശ്യമായ അധികസമ്പത്ത് ആഗോള മൂലധനത്തിന്റെ മിച്ചമൂല്യത്തില്‍ നിന്നും ശേഖരിക്കപ്പെടുന്നു. ബൂര്‍ഷ്വാസിയുടെ ഭാഗമായ ഇവര്‍ക്ക് മിച്ചമൂല്യവിതരണത്തില്‍ പങ്കുപറ്റാനുളള അവകാശത്തിന് പ്രത്യയശാസ്ത്ര സാധൂകരണം നല്‍കുന്നതിന് മാനവമൂലധനംഎന്ന പരികല്‍പ്പന ഉപകരിക്കുന്നു. തങ്ങള്‍ക്ക് സ്വന്തമായ മൂലധനത്തിന്റെ അഭാവത്തില്‍ ഈ വിഭാഗം തങ്ങളുടെ മക്കള്‍ക്കും അനന്തര തലമുറയ്ക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നതിനും തൊഴില്‍ മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനും ആവശ്യമായ പിന്തുടര്‍ച്ചാവകാശം നേടിയെടുക്കുന്നു. സാമ്പത്തിക അധികാര സ്രോതസ്സുകളിലേയ്ക്കുള്ള ഈ അടുപ്പം ‘നേട്ടങ്ങള്‍’ ആയി ആഘോഷിക്കുന്നു. ഇത്തരം ‘നേട്ടങ്ങള്‍’ അവസര സമത്വം എന്ന ഇടുങ്ങിയ പരികല്‍പ്പന സാധൂകരിക്കുകയും ചെയ്യുന്നു. മുതലാളിത്തത്തെ തുടര്‍ന്ന് രൂപമെടുത്ത ശാസ്ത്രീയതയുടെ സംസ്‌കാരം ഇത്തരം യുക്തിഭദ്രമാക്കലിനേക്കാള്‍ പ്രധാനമാണ്. ഈ ശാസ്ത്രീയത, മേല്‍പഞ്ഞ മധ്യവര്‍ത്തി വിഭാഗങ്ങളുടെ വര്‍ഗ്ഗാടിസ്ഥാനത്തിലാണ്. ‘മെറിറ്റോക്രസി’ ശ്രേണീവല്‍കൃത ഘടനയെ ഒന്നുകൂടി ഉറപ്പിച്ചു. മെറിറ്റോക്രസിയുടെ പ്രയോഗവും ശാസ്ത്രീയ സംസ്‌കാരത്തിന്റെ പ്രത്യയശാസ്ത്രവും ചരിത്രപരമായ മുതലാളിത്തത്തിന്റെ പ്രക്രിയയുടെ മൂടുപടമിട്ടു. പാശ്ചാത്യ മുതലാളിത്ത ലോകത്ത് നിറത്തിലും വംശീയതയിലും ഊന്നുന്ന ഈ പ്രക്രിയ ഇന്ത്യയില്‍ ജാതിയെ അനുയോജ്യമായ ഉപകരണമാക്കിയിരിക്കുന്നു. സാംസ്‌കാരിക മൂലധനത്തിന്റെ മേലുള്ള നിയന്ത്രണവും ഇന്ന് ഏറെ സങ്കീര്‍ണ്ണമായിരിക്കുന്നു. ഈ ഘട്ടത്തില്‍ മുഖ്യധാര, അധീശ പ്രയോഗത്തിന്റെ ഇടമായി മാറുന്നു. നാഗരിക-മധ്യ ഉപരിവര്‍ഗ്ഗ/ജാതി സമൂഹത്തിന്റെ അധീശത്വമാണ് യഥാര്‍ത്ഥത്തില്‍ ഈ മുഖ്യധാര. സാമൂഹ്യ ജീവിതത്തിന്റെ വെളിമ്പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ഇതില്‍ സ്വയം നഷ്ടപ്പെടേണ്ടവരാണ്. സ്വകാര്യ മൂലധനം ഊന്നുന്നതും ഇങ്ങനെ രൂപീകൃതമാകുന്ന സാംസ്‌കാരിക മേഖലയേയും രൂപങ്ങളെയുമാണ്’4.

സംവരണവിരുദ്ധ രാഷ്ട്രീയം ആഖ്യാനം ചെയ്യുന്ന ‘മയൂഖം’ ‘യോഗ്യതയെ’ സംബന്ധിക്കുന്ന കേരളീയ സവര്‍ണ്ണ മധ്യവര്‍ഗ്ഗ ആശങ്കകളാണ് പ്രക്ഷേപണം ചെയ്യുന്നത്. ‘റാങ്ക് ഉണ്ടായിട്ടെന്താ…. ജാതി തോല്‍പ്പിച്ചുകളഞ്ഞില്ലേ…’ എന്ന അച്ഛന്‍ തിരുമേനിയുടെ ആത്മഗതം ഉണ്ണികേശവന്‍ എന്ന ‘മിടുക്കനാ’യ യുവാവിന് തൊഴില്‍ ലഭിക്കാതെ പോയതിന്റെ കാരണം സംവരണമാണെന്നു കണ്ടെത്തുന്നു. നായകനായ ഉണ്ണി കേശവന്‍ ജാതി സംവരണത്തിനെതിരെ ചെറുത്തുനിന്നതിന്റ പേരില്‍ ജയില്‍ വാസമനുഷ്ഠിച്ച രക്തസാക്ഷികൂടിയാണ്. ബ്രാഹ്മണനായി ജനിച്ചുപോയതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്ന ഉണ്ണി മദ്യത്തിലും മയക്കുമരുന്നിലും ‘ചീത്തക്കൂട്ടുകെട്ടിലും’ പെട്ട് സ്വയം ശിക്ഷിക്കുന്ന കഥാപാത്രമായി കാഴ്ചപ്പെടുന്നു. ഈ സ്വയം ശിക്ഷ മണ്ഡല്‍ വിരുദ്ധ സമരത്തിന്റെ ഒരു പ്രതീകമാണ്. മണ്ഡല്‍വിരുദ്ധ സമരകാലത്ത്, പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒരു വിദ്യാര്‍ത്ഥി ശരീരത്ത് തീകൊളുത്തി ആത്മാഹുതി ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പത്രമാസികകളില്‍ അച്ചടിച്ചുവന്നിരുന്നു. ഇന്ത്യയിലെ മധ്യവര്‍ഗ്ഗ വായനക്കാരില്‍ വലിയ പ്രിതികരണമാണ് അത് സൃഷ്ടിച്ചത്. 1980കളില്‍ നിരവധി അധഃസ്ഥിതര്‍ ആക്രമിക്കപ്പെട്ടതിന്റെയോ, സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ കത്തിയെരിഞ്ഞതിന്റെയോ വാര്‍ത്തകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ പ്രാധാന്യം ഈ വാര്‍ത്തയ്ക്ക് ലഭിച്ചു. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതിലൂടെ ജനകീയ സര്‍ക്കാര്‍ സവര്‍ണ്ണ യുവാക്കളെ മരണത്തിലേയ്ക്ക് തള്ളിവിടുന്നു എന്ന വര്‍ദ്ധിച്ച പ്രചാരണത്തിനുള്ളില്‍ ‘ഇരയാക്കപ്പെടുന്ന സവര്‍ണ്ണ പുരുഷന്‍’ പൊതുസമൂഹത്തിനുമേല്‍ കൂടുതല്‍ വികാരവത്തായ അനുകമ്പയ്ക്ക് പാത്രമാവുകയും ചെയ്തു. സംവരണം ഉന്നയിക്കുന്ന സാമൂഹ്യനീതി എന്ന സങ്കല്‍പ്പത്തെയും ഞെട്ടിക്കുന്ന സ്ഥിതിവിവരകണക്കുകളെയും അതിജീവിക്കുന്ന അന്തരീക്ഷസൃഷ്ടി ഇതിലൂടെ സാധ്യമായി. 

മണ്ഡല്‍വിരുദ്ധ സമരത്തില്‍ പങ്കെടുത്തുകൊണ്ട് ഡല്‍ഹിയിലെ കോളെജ് വിദ്യാര്‍ത്ഥിനികള്‍ നടത്തിയ ഒരു പ്രതിഷേധ പ്രകടനത്തെക്കുറിച്ച് ‘ജാതിയെ ലിംഗവല്‍ക്കരിക്കുമ്പോള്‍’ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ‘ഉമ ചക്രവര്‍ത്തി’ രേഖപ്പെടുത്തുന്നു: ‘തൊഴില്‍ രഹിതരായ ഭര്‍ത്താക്കന്‍മാരെ ഞങ്ങള്‍ക്ക് വേണ്ട” എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം നടത്തിയത്. ‘വിദ്യാര്‍ത്ഥിനികള്‍ തങ്ങള്‍ക്കുവേണ്ടിയല്ല പ്രതിഷേധിച്ചത്. സമര്‍ത്ഥരായ തങ്ങളുടെ വരുംകാല ഭര്‍ത്താക്കന്‍മാര്‍ക്കുവേണ്ടിയായിരുന്നു അവരുടെ പ്രതിഷേധം.’ ഈ സമരം എന്താണ് സൂചിപ്പിക്കുന്നത്? ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ്, മറ്റ് കേന്ദ്രീയ ഉദ്യോഗങ്ങള്‍ മുതലായവയിലേക്ക് സംവരണം വ്യാപിപ്പിക്കുന്നതോടെ മേല്‍ജാതിക്കാരായ ഉന്നത ഉദ്യോഗസ്ഥ ഭര്‍ത്താക്കന്‍മാരെ തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് അവര്‍ ഉല്‍കണ്ഠപ്പെടുന്നു. മറ്റൊന്ന് ഉന്നതസ്ഥാന ലബ്ധി നേടുന്ന ‘സംവരണ വിഭാഗങ്ങള്‍’ ഒരിക്കലും അവരുടെ സമര്‍ത്ഥരായ ഭര്‍ത്താക്കന്‍മാര്‍ ആയിരിക്കില്ലെന്നും അവര്‍ വിശ്വസിക്കുന്നു. ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ് പോലെയുള്ള പദവികളിലെത്തുന്ന പിന്നോക്ക ദലിത് വിഭാഗങ്ങളില്‍ നിന്നും ആരെയും തങ്ങള്‍ക്ക് വിവാഹം ചെയ്യാനാവുകയില്ല എന്ന അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പ്രഖ്യാപിക്കുന്നു. ഇതൊന്നും സംവരണവുമായി ബന്ധപ്പെട്ടതല്ല. മറിച്ച് സ്വജാതി വിവാഹ നിയമങ്ങളുടെ പ്രത്യയശാസ്ത്രം ആന്തരവല്‍ക്കരിച്ചതിന്റെ ഫലമായിരുന്നു അത്. അതേസമയം കീഴ്ജാതിക്കാരായ പുരുഷന്‍മാരോടുള്ള അവജ്ഞ മറനീക്കി പുറത്തുവരുകയും ചെയ്യുന്നു5.

‘യോഗ്യത’യെ വരേണ്യതയുമായി ബന്ധിപ്പിക്കുന്ന ആഖ്യാനങ്ങളായി ചലച്ചിത്രങ്ങള്‍ മാറുന്നത് ഈ ഘട്ടത്തിലാണ്. സിനിമയുടെ പ്രമേയ കേന്ദ്രമല്ലാതിരുന്നിട്ടും ‘ജാതിയോഗ്യത’യെക്കുറിച്ചുള്ള പരാമര്‍ശം ആഖ്യാനത്തിലേക്ക് കൊണ്ടുവരുന്ന ചലച്ചിത്രമാണ് ‘ഫോട്ടോഗ്രാഫര്‍’ (രഞ്ജന്‍ പ്രമോദ്, 2006). കേരളത്തിലെ ആദിവാസി ഭൂ സമരത്തിന്റെ രാഷ്ട്രീയ നീതിയോട് അനുഭാവം പുലര്‍ത്തുമ്പോള്‍ തന്നെ വരേണ്യതയുടെ പ്രതിലോമ രാഷ്ട്രീയത്തെ ഉള്ളടക്കത്തില്‍ വഹിക്കുന്നു എന്ന വൈരുദ്ധ്യമാണ് ഫോട്ടോഗ്രാഫര്‍. മൂത്ത സഹോദരന്‍ പൊലീസ് ജോലി ഉപേക്ഷിക്കുന്നതിനിടയാക്കിയ സാഹചര്യം ജോയി ഇങ്ങനെ വിശദീകരിക്കുന്നു: ”നമ്മുടെ തോട്ടത്തിലെ പഴയ പണിക്കാരന്‍ കുമാരേട്ടന്റെ മോനില്ലേ പ്രകാശന്‍…. അപ്പച്ചനാ അവനെ സ്കൂളില്‍ വിട്ട് പഠിപ്പിച്ചെ…. ജോസിച്ചായന്‍ (മൂത്ത സഹോദരന്‍) തൊപ്പിയും വെച്ചങ്ങോട്ട് ചെല്ലുമ്പോ അവനാ അവിടെ മേലുദ്യോഗസ്ഥന്‍. റിസര്‍വേഷന്റെ ദൂഷ്യം. ഇവരെയൊക്കെ സല്യൂട്ട് അടിച്ചേച്ച് കിട്ടുന്ന കാശ് നമുക്കെന്നാത്തിനാ.” എന്ന് ചലച്ചിത്രം ദളിത് കീഴാള ജനവിഭാഗങ്ങളുടെ ‘മുഖ്യധാരാ’പ്രവേശനത്തെ അസഹിഷ്ണുതയോടെ ആവിഷ്‌കരിക്കുന്നു. സംവരണത്തിലൂടെ ജനാധിപത്യസ്ഥാപനങ്ങളിലും ഉദ്യോഗസ്ഥ പദവികളിലുമെത്തുന്ന കീഴാളര്‍ ആധുനിക സാമൂഹ്യരൂപീകരണത്തിന് പാകമാകാത്ത ശരീരങ്ങളാണെന്ന പ്രചാരണം ആഖ്യാനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.  

മണ്ഡല്‍ അനന്തരകാല ചലച്ചിത്രങ്ങളെ സവിശേഷമായ ഉദ്ദേശലക്ഷ്യങ്ങളോടെ കീഴാള ശരീരങ്ങള്‍ വിന്യസിക്കപ്പെടുന്നത് കാണാം. അതായത് വരേണ്യമുഖ്യധാരയുടെ സൗന്ദര്യ-കമ്പോള-സമ്പദ് ശാസ്ത്ര യുക്തികളാല്‍ നിര്‍മ്മിക്കപ്പെടുന്ന കാഴ്ചകള്‍ വളരെ കൃത്യമായ പ്രത്യയശാസ്ത്ര ലക്ഷ്യത്തോടെ കീഴാള പ്രതിബിംബങ്ങള്‍ നിര്‍മ്മിക്കുന്നു. കീഴാള കഥാപാത്രങ്ങള്‍ മിക്കപ്പോഴും മാനസികമോ ശാരീരികമോ ആയി ‘വൈകല്യ’മുള്ളവരായിരിക്കും. ‘അനര്‍ഹമായി’ പദവികളിലെത്തിയ കീഴാള ശരീരങ്ങളുടെ ‘നില’ അടയാളപ്പെടുത്തുകയാണ് ഇത്തരം ആവിഷ്‌കാരങ്ങള്‍. ഒപ്പം ചലച്ചിത്രങ്ങളില്‍ ഫലിതം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഈ വൈകല്യങ്ങളുടെ പര്‍വ്വതീകരണങ്ങളിലൂടെയാണ്.  ‘മുണ്ടന്‍’ എന്ന് കളിയാക്കപ്പെടുന്ന ഉയരം കുറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍ (ഏയ് ഓട്ടോ), പദവിയുടെ വിലകളയുന്ന പൊങ്ങച്ചക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ (സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം), കണിശക്കാരനായ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (വരവേല്‍പ്പ്) തുടങ്ങിയ ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ ഫലിത വസ്തുവാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘അദ്വൈത’ത്തിലെ ദേവസ്വം ബോര്‍ഡ് അംഗമായ പട്ടികജാതിക്കാരന്‍ (പപ്പുവിന്റെ കഥാപാത്രം) ഒരു കോമാളി ശരീരമാകുന്നത് അതുകൊണ്ടാണ്. ജോഷിയുടെ ‘ലയണ്‍’ എന്ന ചിത്രത്തില്‍ വയനാട്ടിലെ ആദിവാസി സംവരണ മണ്ഡലത്തില്‍ നിന്നും വിജയിച്ചുവരുന്ന ജനപ്രതിനിധി ‘കറുത്തവനും’ ‘അപരിഷ്‌കൃതനു’മാകുന്നത് (സലിംകുമാറിന്റെ കഥാപാത്രം) അതുകൊണ്ടാണ്. താന്തോന്നി (ജോര്‍ജ്ജ് വര്‍ഗ്ഗീസ്) എന്ന ചിത്രത്തിലെ ഒരു രംഗം: മദ്യപിച്ച് ജീപ്പ് ഓടിച്ചുവരുന്ന കൊച്ചുകുഞ്ഞും കൂട്ടുകാരനും പൊലീസിന്റെ മുന്നില്‍ പെടുന്നു. അതികായനായ ഒരു സബ് ഇന്‍സ്‌പെക്ടറും പോലീസുകാരനും അവരുടെ നെഞ്ചൊപ്പംപോലും ഉയരമില്ലാത്ത മറ്റൊരു പോലീസ് കോണ്‍സ്റ്റബിളുമാണ് സംഘത്തില്‍. ജീപ്പില്‍ നിന്നും വേച്ചുവേച്ചിറങ്ങുന്ന നായകന്‍ കൊച്ചുകുഞ്ഞ് എസ് ഐ യോട് പൊക്കം കുറഞ്ഞ് കറുത്ത മനുഷ്യനെ ചൂണ്ടി ചോദിക്കുന്നു, ‘ഇതാരാ സാറിന്റെ മോനാണോ?’. ഇത് കണ്ട് ചിരിച്ചവരുണ്ടാകാം. ഇത്തരം ഫലിതങ്ങളില്‍ ചിരിക്കാന്‍ കഴിയാത്തവരുമുണ്ട്. ഫലിതം ‘ചിരി’ എന്ന കേവലതയെ മറികടന്ന് സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ  അര്‍ത്ഥതലങ്ങളെ കുടഞ്ഞ് പുറത്തിടുന്നു. ചലച്ചിത്രത്തിന്റെ വരേണ്യ-പുരുഷ ബോധത്തിനുള്ളില്‍ ഫലിതവസ്തുവായിത്തീരുന്നത് പൊലീസുകാരന്റെ കീഴാളത തന്നെയാണ്. പൊലീസ് എന്ന നീതി നര്‍വ്വഹണ സ്ഥാപനത്തില്‍ അയാള്‍ക്ക് ‘അനര്‍ഹമായ’ഇടം നേടിക്കൊടുത്തത് സംവരണമാണെന്നും വിവക്ഷിക്കുന്നു. (ചലച്ചിത്രത്തിന്റെ വരേണ്യ സൗന്ദര്യബോധത്തിനുള്ളില്‍ സ്ത്രീയും കീഴാളതയും ചിരിയുല്‍പ്പാദിപ്പിക്കുന്നതിനുള്ള ഉപാധികളായിത്തീരുന്നുണ്ട്. തൊണ്ണൂറുകളില്‍ പുറത്തുവന്ന കോമഡി ചിത്രങ്ങളിലെ, പ്രത്യേകിച്ച് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലെ തൊഴില്‍ രഹിതരായ ആണ്‍കൂട്ടങ്ങളുടെ ഫലിതങ്ങളെല്ലാം കൈചൂണ്ടിനില്‍ക്കുന്നത് സ്ത്രീയിലേക്കാണ്. ജീവിതത്തിലൊരിക്കലും സ്ത്രീകളെ കണ്ടിട്ടില്ലാത്തവരെപ്പോലെ പെരുമാറുന്ന യുവാക്കളായിരുന്നു മിക്ക സിനിമകളിലേയും കേന്ദ്ര കഥാപാത്രങ്ങള്‍.) 

ചലച്ചിത്രങ്ങളിലെ കീഴാള പ്രതിനിധാനങ്ങള്‍ മിക്കപ്പോഴും ഒന്നുകില്‍ കോമാളി അല്ലെങ്കില്‍ ക്രൂരന്‍ എന്ന തരത്തിലുള്ളതായിരുന്നു. രണ്ടായാലും മുഖ്യധാരാ സാമൂഹ്യ ക്രമത്തിന് പാകമാകാത്തവരാണെമന്ന മുന്‍ധാരണകളിലാണ് കീഴാളത ആവിഷ്‌കരിക്കപ്പെട്ടത്. ‘ആര്യന്‍’ എന്ന ചിത്രത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ പട്ടികജാതിക്കാരനായ ഒരുദ്യോഗസ്ഥനാണ്. തിരുവാഭരണം മോഷ്ടിച്ചുവെന്ന കള്ളക്കേസുണ്ടാക്കി നായകനായ ദേവനാരായണന്‍ നമ്പൂതിരിയെ കുടുക്കുന്നതിന് അയാള്‍ കൂട്ടുനില്‍ക്കുന്നു. നമ്പൂതിരിയില്ലത്തെ തീണ്ടിമുടിക്കുന്ന ക്രിമിനല്‍ ശരീര/ മാനസിക ഘടനയുള്ള കീഴ്ജാതിക്കാരനാണ് സബ് ഇന്‍സ്‌പെക്ടര്‍ (സി ഐ പോള്‍ അവതരിപ്പിക്കുന്ന കഥാപാത്രം). അടിയാന്മാര്‍ തൊട്ടതിന്റെ  അശുദ്ധിമാറാന്‍ പരുണ്യാഹം തളിയ്ക്കാന്‍ രണ്ടു രൂപ വലിച്ചെറിഞ്ഞ് കൊടുത്തിട്ടാണ് അയാള്‍ നായകനെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നത്. നന്‍മ-തിന്മ ദ്വന്ദ്വങ്ങളോടും അതോടൊട്ടിനില്‍ക്കുന്ന ജാതി ബന്ധങ്ങളെക്കുറിച്ചുള്ള അധീശ ധാരണകളോടും താദാത്മ്യപ്പെടുന്നതാണ് ഈ കാഴ്ച. അടിയാള ശരീരത്തെ ‘ഹിംസയുമായി’ കൂട്ടിയിണക്കുകയാണ് കാഴ്ചയുടെ  പ്രത്യയശാസ്ത്ര ദൗത്യം. അപര ജാതി സ്വത്വങ്ങള്‍’ സാമൂഹ്യ-രാഷ്ട്രീയ അധികാരത്തിന്റെ ‘പവിത്രതയെ’ തീണ്ടിമുടിച്ചുവെന്ന ആശയം വരേണ്യ സിനിമയുടെ നടപ്പ് പ്രമേയമാകുന്നത് അങ്ങനെയാണ്. പ്രത്യക്ഷമായും അദൃശ്യമായും നിരന്തരം സന്നിഹിതമായിരിക്കുന്ന ഉന്നതജാതിക്കാരുടെ അവസ്ഥകളോട് താരതമ്യം ചെയ്തുകൊണ്ടാണ് കീഴാള പ്രതിനിധാനങ്ങള്‍ ദൃശ്യപ്പെടുന്നത്. പേര്, പെരുമാറ്റം, നിറം, ഭക്ഷണം, ഉച്ചാരണം, മാന്യത, സാമാന്യബോധം, ബുദ്ധി, സംസ്‌കാരം എന്നിങ്ങനെ അത് സൂക്ഷ്മതലങ്ങളില്‍ നിലനില്‍ക്കുന്നു. നല്ല ഭരണാധികാരി, നല്ല ഡോക്ടര്‍, ഉദ്യോഗസ്ഥന്‍, എന്‍ജിനിയര്‍, സിവില്‍ സര്‍വ്വീസുകാരന്‍ എന്നിങ്ങനെ പൊതുമണ്ഡലത്തിലും; നല്ലപുരുഷന്‍, കാമുകന്‍, ഭര്‍ത്താവ്, ഗൃഹനാഥന്‍ എന്നിങ്ങനെ കുടുംബ ഘടനയ്ക്കുള്ളിലും നമ്മുടെ തെരഞ്ഞെടുപ്പുകളെ അത് ചിട്ടപ്പെടുത്തുന്നു. മാത്രമല്ല, കീഴാളരുടെ കര്‍തൃത്വം മായ്ച്ചുകളയുകയും ‘കീഴാളരുടെ’ സ്ഥാനത്ത് അറിവില്ലാത്തവരും നിരക്ഷരരും ചിന്താശൂന്യരും ക്രിമിനലുകളുമായ പ്രതിയോഗികളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. 

യഥാര്‍ത്ഥത്തില്‍ തൊഴില്‍ പ്രവേശനമായിരുന്നില്ല, ജാതി സാമുദായിക ശ്രേണീബന്ധങ്ങളിലുണ്ടാകുന്ന ഉടയലുകകളും കുഴമറിയലുകളുമാണ് സവര്‍ണ്ണ ബോധങ്ങളെ ഉല്‍കണ്ഠാഭരിതമാക്കിയത്. വ്യക്തി/ സമൂഹ ജീവിതങ്ങളില്‍ അധികാരത്തിന്റെയും ഉച്ചനീചത്വത്തിന്റെയും മുദ്രകള്‍ പതിപ്പിക്കുന്ന ഒരു ഘടനയെന്ന നിലയില്‍ ജാതി എത്രത്തോളം ആഴമേറിയ യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിയുമ്പോഴാണ് മണ്ഡല്‍ സമരങ്ങളില്‍ ‘അര്‍ഹത’യായും സവര്‍ണ്ണ സമുദായങ്ങളില്‍ ‘സംസ്‌കാര’വും ‘പാരമ്പര്യ’വുമായും അതെങ്ങനെ മറഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയുന്നത്. സാംസ്‌കാരിക-സാമ്പത്തിക-സാമഗ്രികളുടെ വിതരണം തുല്യമായി നടക്കാതിരിക്കുന്ന സാധാരണ അനുഭവത്തിലധിഷ്ഠിതമായ സാമൂഹ്യ വിഭജനത്തേക്കാള്‍ ഏറെ ശക്തമാണ് പുതിയ ശക്തിരൂപങ്ങളുടെ സജ്ജീകരണങ്ങളിലൂടെ കീഴാളരെ സംസ്‌കാരത്തിന്റെയും സമ്പത്തിന്റെയും തലത്തില്‍ നിന്നും മാറ്റുന്നവിധമുള്ള ദീര്‍ഘകാലപദ്ധതി. സംവരണവിരുദ്ധത ആത്യന്തികമായി ജാതിശ്രേണിയെ പ്രബലപ്പെടുത്തുന്ന ‘ദീര്‍ഘകാല പദ്ധതിയുടെ’ പ്രത്യയശാസ്ത്ര അടിത്തറയാണ്. മണ്ഡല്‍വിരുദ്ധ സമരത്തിന്റെ പ്രഖ്യാപിത ആശയങ്ങളും പ്രതിഷേധ സമരത്തിലേയ്ക്ക് സവര്‍ണ്ണ വര്‍ഗ്ഗത്തെ കൂട്ടത്തോടെ നയിച്ച യഥാര്‍ത്ഥ ഉല്‍കണ്ഠകളും രണ്ടാണെന്നു മനസ്സിലാക്കുമ്പോഴാണ് ‘സംവരണ രഷ്ട്രീയം’ കൂടുതല്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നത്. സാമൂഹ്യമായ അരക്ഷിതാവസ്ഥയുടെ യഥാര്‍ത്ഥ കാരണങ്ങളെ മറച്ചുപിടിച്ചുകൊണ്ട് വരേണ്യമധ്യവര്‍ഗ്ഗ ആശങ്കകള്‍ മണ്ഡല്‍/സംവരണ നയങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ടു. ഈ മധ്യവര്‍ഗ്ഗ സംവാദമണ്ഡലം യഥാര്‍ത്ഥത്തില്‍ സംവരണ പ്രശ്‌നത്തിന്‍ മേലുള്ള ഏറ്റുമുട്ടലുകളാക്കി ‘ജാതി’യെ ലളിതവല്‍ക്കരിക്കുകയായിരുന്നു. ഈ സാംസ്‌കാരിക അധീശത്വവുമായി കണ്ണി ചേരുന്നതിലൂടെയാണ് ചലച്ചിത്രങ്ങളുടെ ചരിത്ര വിശകലനം പ്രതിലോമമാകുന്നത്. 

ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മണ്ഡല്‍ അനന്തരകാല മലയാളസിനിമയും സംവരണ രാഷ്ട്രീയവും -ഭാഗം 1

കുറിപ്പുകള്‍
4. സനല്‍ മോഹന്‍. അധീശ വ്യവഹാരങ്ങളും ദലിത് സ്വത്വ രൂപീകരണവും. പുറം:18 
5. ഉമാ ചക്രവര്‍ത്തി, ജാതിയെ ലിംഗവല്‍ക്കരിക്കുമ്പോള്‍. പുറം. 11 

(ഒലിവ് ബുക്‌സ് പ്രസിദ്ധീകരിച്ച ജാതിവ്യവസ്ഥയും മലയാള സിനിമയും എന്ന പുസ്തകത്തില്‍ നിന്ന്)

*Views are Personal

This post was last modified on December 17, 2014 11:20 am