X

ജയില്‍ പട്ടിക്കൂടുപോലെ; ജയചന്ദ്രന്‍ മൊകേരിയുടെ ജയില്‍ ജീവിതം ദുരിതപൂര്‍ണ്ണം

കെ പി എസ് കല്ലേരി

ഒടുവില്‍ ഒരുമാസത്തെ ഇടവേളയ്ക്കുശേഷം മാലിദ്വീപില്‍ നിന്ന്‍ ജയചന്ദ്രന്‍ മൊകേരിയുടെ ഫോണ്‍ ഭാര്യ ജ്യോതിയെത്തേടിയെത്തി. നേരത്തെ പാര്‍പ്പിച്ചിരുന്ന ജയിലുകളില്‍ സുഖകരമായ അന്തരീക്ഷമായിരുന്നെങ്കില്‍ ഇപ്പോള്‍ മാറ്റിയിരിക്കുന്ന ജയില്‍ പട്ടിക്കൂടുപോലെയാണെന്ന് ജയചന്ദ്രന്‍ പറഞ്ഞു. പട്ടിക്കൂടു പോലെ ഇടുങ്ങിയ ജയില്‍ വല്ലാത്ത ദുരിതം നിറഞ്ഞതാണ്. കുടിക്കാനോ കക്കൂസില്‍ പോകാന്‍ പോലുമോ വെള്ളമില്ല. കക്കൂസിന് വാതില്‍ പോലുമില്ല. നാറ്റം സഹിച്ച് അവിടെ കിടക്കാനാവുന്നില്ല. നിലത്താണ് കിടപ്പ്. ഇതു കാരണം പുറം വേദനയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഉടന്‍തന്നെ പറ്റാവുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന്‍ അപേക്ഷിച്ചാണ് ഏകദേശം മൂന്നുമിനുട്ട് നീണ്ട സംസാരം നിലച്ചത്. പേടിക്കേണ്ടെന്നും കാര്യങ്ങളൊക്കെ ഉടന്‍ ശരിയാവുമെന്നുമുള്ള ഉറച്ച പ്രതീക്ഷ ജ്യോതി ജയചന്ദ്രന് കൈമാറി.

ആറരവര്‍ഷമായി മാലിദ്വീപില്‍ അധ്യാപകനായി ജോലിചെയ്യുന്ന ജയചന്ദ്രന്‍ കഴിഞ്ഞ ഏപ്രില്‍ 5നാണ് ജയിലിലായത്. സ്‌കൂളിലെ അഞ്ചാംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ തല്ലിയതിനായിരുന്നു അറസ്റ്റ്. എന്നാല്‍ കുട്ടിയുടെ പരാതി പിന്നീട് ലൈംഗിക പീഡനമാക്കി മാറ്റി അധികൃതര്‍ ജയചന്ദ്രനെതിരെ കുരുക്ക് മുറുക്കുകയായിരുന്നു. പരാതിയില്‍ നിന്നും കുട്ടിയും രക്ഷിതാക്കളും രേഖാമൂലം തന്നെ പിന്‍മാറിയിട്ടും കേസ് തുടരുകയാണ്.


ജയചന്ദ്രന്‍ മൊകേരിയെ ജയില്‍ മോചിതനാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്നാവിശ്യപ്പെട്ട് ഡെല്‍ഹിയില്‍ നടന്ന കൂട്ടായ്മ

ഇതിനിടെ ഭര്‍ത്താവിന്റെ മോചനം ആവശ്യപെട്ട് ഡല്‍ഹിയിലെ ജയചന്ദ്രന്റെ സുഹൃത്തുക്കള്‍ക്കും എംപിമാര്‍ക്കുമൊപ്പം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ച ഭാര്യ ജ്യോതിയുടെ വാക്കുകള്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്. എംപിമാരായ പി രാജീവ്, പി കരുണാകരന്‍, ടി എന്‍ സീമ, എം പി അച്യുതന്‍ എന്നീ എം പി മാരോടൊപ്പമാണ് ജ്യോതി മന്ത്രിക്ക് നിവേദനം നല്‍കിയത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് അഴിമുഖം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍

ജയചന്ദ്രന്‍ മൊകേരി ജയിലിലായിട്ട് എട്ടുമാസം; ഒന്നും ചെയ്യാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍
ഇവിടെയെല്ലാം തോന്നുംപടി; ജയചന്ദ്രന്‍ മാഷ് നിരപരാധി- മാലിയില്‍ നിന്നും സഹപ്രവര്‍ത്തകന്‍
അവനെ ട്രാപ്പിലാക്കിയതാണ്: അക്ബര്‍ കക്കട്ടില്‍
മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അലംഭാവം കാണിക്കുന്നു; ജയചന്ദ്രന്‍റെ അമ്മയും ബന്ധുക്കളും
ജയചന്ദ്രന്‍ മൊകേരിയുടെ മോചനം; സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ കൂട്ടായ്മ

ജയചന്ദ്രനെ നേരിട്ട് കണ്ട് വിവരങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്ന് പ്രതിനിധിയെ ഉടന്‍ വിടുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കൂടാതെ അംബാസഡറെ താന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നതാണെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. മാത്രമല്ല മടങ്ങാന്‍ നേരത്ത് പുറത്തുള്ള എല്ലാ ഇന്ത്യക്കാരും തനിക്ക് കുട്ടികളെപ്പോലെയാണെന്ന അവരുടെ വാക്കുകള്‍ ഭര്‍ത്താവ് ഉടന്‍ തിരിച്ചുവരുമെന്ന് ഉറച്ച പ്രതീക്ഷ നല്‍കുന്നതായും ജ്യോതി പറഞ്ഞു. കാര്യങ്ങളെല്ലാം വളരെ സൂക്ഷ്മതയോടെയാണ് മന്ത്രി ചോദിച്ചു മനസിലാക്കിയത്. അദ്ദേഹത്തിന്റെ നിരപരാധിത്വം അവര്‍ക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാം നല്ല രീതിയില്‍ നടക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു.

This post was last modified on December 17, 2014 11:22 am