X

വാഹനങ്ങളുടെ എന്‍ജിന്‍ ഓഫാക്കാതെ റോഡരികില്‍ നിര്‍ത്തിയിടരുതെന്ന് ദുബായ് പോലീസ്

നിയമം തെറ്റിക്കുന്നവര്‍ക്ക് 300 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ദുബായില്‍ വാഹനങ്ങളുടെ എന്‍ജിന്‍ ഓഫാക്കാതെ റോഡരികില്‍ നിര്‍ത്തിയിട്ടാല്‍ പിഴ വിധിക്കുമെന്ന് ദുബായ് പോലീസ്. ഈ നിയമം തെറ്റിക്കുന്നവര്‍ക്ക് 300 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഗ്രോസറികളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനോ എടിഎം മെഷീനില്‍ പോകുമ്പോഴോ റസ്റ്റോറന്റുകളില്‍നിന്ന് പാഴ്സല്‍ വാങ്ങുന്നതിനോ ആളുകള്‍ വാഹനങ്ങള്‍ താത്കാലികമായി നിര്‍ത്തിയിട്ട് ഇറങ്ങിപ്പോവുക പതിവാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ചും, വാഹനം ചൂടാകുന്നത് ഒഴിവാക്കാന്‍ എന്‍ജിന്‍ ഓണ്‍ ചെയ്തിടുക പതിവാണ്. ഇത്തരത്തില്‍ കാര്‍ ഓഫ്‌ചെയ്യാതെ പുറത്തിറങ്ങുമ്പോള്‍ മോഷണം ശ്രമങ്ങള്‍ ഉണ്ടാകുന്നു.

എമിറേറ്റില്‍ ഏറ്റവും അധികം വാഹനമോഷണങ്ങളും നടന്നത് എന്‍ജിന്‍ ഓണ്‍ ചെയ്തിട്ടിരുന്ന സന്ദര്‍ഭങ്ങളിലാണ്. എന്‍ജിന്‍ ഓഫ് ചെയ്ത് വാഹനം ലോക്കുചെയ്തുവേണം വാഹനമോടിക്കുന്നവര്‍ പുറത്തേക്കിറങ്ങാന്‍. വൈകുന്നേരങ്ങളില്‍ കൂടുതല്‍ ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. ആളൊഴിഞ്ഞ ഉള്‍പ്രദേശങ്ങളിലോ മണല്‍പ്രദേശങ്ങളിലോ ദീര്‍ഘനേരം വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കണമെന്നും പോലീസ് പറഞ്ഞു. സി.സി.ടി.വി ക്യാമറകളാല്‍ നിരീക്ഷണത്തിലുള്ള വെളിച്ചമുള്ള സുരക്ഷിതമായ പാര്‍ക്കിങ് സ്ഥലങ്ങളില്‍വേണം കാറുകള്‍ നിര്‍ത്തിയിടാന്‍. മാത്രമല്ല, വാഹനങ്ങളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് കാണുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ദുബായ് പോലീസ് നിര്‍ദേശം ഉണ്ട്.

This post was last modified on August 13, 2019 11:55 am