X

ലോക കേരള സഭ: കേരളീയരായ പ്രവാസികളെ ഉള്‍ക്കൊള്ളാനൊരു ജനാധിപത്യ വേദി

ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്‌ഥാനം പ്രവാസി പ്രതിനിധ്യത്തിനു ഒരു സഭ രൂപീകരിക്കുന്നത്

നിതാന്തമായ അര്‍ത്ഥവികാസത്തിന്റെ ചരിത്രമാണ് പ്രവാസം എന്ന ആശയ കല്‍പ്പനയ്ക്കുള്ളത്. ഒരു ദേശത്തില്‍ ഉള്‍പ്പെടുന്നവരോ ഒരു പൊതുസംസ്‌കാരം പങ്കുവയ്ക്കുന്നവരോ ആയ ഒരു ജനത പലവിധ കാരണങ്ങളാല്‍ പല ദേശങ്ങളിലായി ചിതറിപ്പാര്‍ക്കുന്ന അവസ്ഥയാണ് പ്രവാസം.ചരിത്രത്തില്‍നിന്ന് പ്രവാസം നീക്കിയാല്‍ പിന്നെ ചരിത്രം ബാക്കി കാണില്ല, മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രവാസികൾ ചരിത്രകാരന്മാർ കൂടി ആണ്.

കേരളത്തിന്‍റെ കഴിഞ്ഞ അറുപതു കൊല്ലത്തെ ചരിത്രം പരിശോധിച്ചാൽ നമ്മുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ പ്രവാസികളുടെ പ്രഭാവം ഇല്ലാത്ത ഒരു മേഖലയുമില്ല എന്ന് ബോധ്യപ്പെടും. അറുപതുകൾക്ക് ശേഷം കേരളം കണ്ട പ്രധാന എഴുത്തുകാരും സാമ്പത്തിക വിദഗ്ധരും മറ്റ് വിദഗ്ധരും പ്രവാസ ചരിത്രത്തിന്‍റേയും കൂടി ഭാഗമാണ്. കേരളത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പ്രവാസവുമായി ബന്ധപ്പെട്ടാണ്‌. ജീവസന്ധാരണത്തിനായി നാടു വിടുന്ന പ്രവാസികളുടെ പറുദീസയായിരുന്നു കേരളം.

പ്രവാസം എന്ന ടെർമിനോളജിക്ക്‌ കേരളീയ ചിന്തപരിസരത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അത് പലപ്പോഴും ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന കേരളീയരെ ചുറ്റി പറ്റി മാത്രം ഒതുങ്ങി പോകുന്നു എന്നതാണ്. വാളയാർ ചെക് പോസ്റ്റ് കടന്നുപോകുന്ന ഓരോ കേരളീയനും നമ്മളെ സംബന്ധിച്ചു പ്രവാസി ആണ് എന്ന് പറയാറുണ്ട്. ഉദാഹരണത്തിന് അടുത്തിടെ വായിച്ച ഒരു പ്രവാസി ക്ഷേമ ലേഖനത്തിൽ പ്രവാസികളെ നിരീക്ഷിക്കുന്നത് “ലുലു ഗ്രൂപ് ഉടമ യൂസഫ് അലി മുതൽ ആട് ജീവിതത്തിലെ നജീബ് വരെ” എന്നാണ്. ഇവർ രണ്ടു പേരും പ്രധാനപ്പെട്ട പ്രവാസി കേരളീയർ ആണെന്നതിൽ തർക്കമില്ല. കടൽ കടന്നു സഞ്ചരിച്ചവർ മാത്രമല്ല പ്രവാസികൾ എന്ന് കൂടി നാം കാണണം.

മുന്‍‌കാലങ്ങളിലെ പ്രവാസത്തേയും പ്രവാസികളേയും ഇന്നുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്നത്തെ പ്രവാസികൾ ഏറെ സ്വതന്ത്രരും യാഥാര്‍ത്ഥ്യങ്ങളെ കൂടുതൽ ഉള്‍ക്കൊള്ളുന്നവരുമാണെന്നു കാണാം. നിരവധി സാംസ്കാരിക, സാമൂഹിക സംഘടനകൾ പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമ സേവനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്നാട് മുതൽ ഡൽഹി വരെ ഉള്ള എല്ലാ സംസ്ഥാനങ്ങളിലും കേരളീയരുടെ സംഘടനകൾ സജീവം ആണ്. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ അധിക്യതരുടേയും സംഘടനകളുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ പ്രവാസി മാധ്യമ പ്രവർത്തകർ നിർവഹിക്കുന്ന പങ്ക് കൂടി ഇത്തരുണത്തിൽ ഓര്‍മ്മപ്പെടുത്തേണ്ട വസ്തുത ആണ്.

കേരളത്തിന്റെ സാഹിത്യ ശാഖയിൽ പ്രവാസി സാഹിത്യകാരന്മാർക്കു വലിയ പങ്ക് ഉണ്ട്. മയ്യഴിയിൽ നിന്നുള്ള കഥയൊഴുക്കാണ് മലയാളിക്ക് എം. മുകുന്ദൻ. ഏതു ഭൂരേഖയിലൂടെ സഞ്ചരിച്ചാലും മുകുന്ദനും അക്ഷരങ്ങളും ഒടുവിലെത്തുന്നതു മയ്യഴിപ്പുഴയുടെ തീരങ്ങളിലാണ്.

ബെന്യാമിന്റെ ആട് ജീവിതം ആറു വര്‍ഷങ്ങള്‍, നൂറുപതിപ്പുകള്‍, ഒരു ലക്ഷം കോപ്പികള്‍! രമണന് ശേഷം നൂറാംപതിപ്പ് കടക്കുന്ന മലയാളം കൃതി. വായനയില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടിരുന്ന സാധാരണക്കാരിലേക്ക് വേണ്ടവിധത്തില്‍ പ്രതിഫലിക്കപ്പെട്ടുവെന്നതാണ് ‘ആടുജീവിതം’ ജനകീയമായതിന്റെ രാഷ്ട്രീയം. ഇങ്ങനെ പോകുന്നു പ്രവാസി സാഹിത്യകാരന്മാരുടെ നീണ്ട നിര.

കേരളത്തിലെ ജനങ്ങളും സംസ്കാരവും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ചു. അകം കേരളത്തിന്റെ ഈ ലോക സഞ്ചാരം ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കപ്പുറം ഊർജ്ജസ്വലവും വ്യത്യസ്തവുമായ കഥാപാത്രങ്ങളുടെ എണ്ണമറ്റ കേരളങ്ങളെ സൃഷ്ടിച്ചു. ഭൗതിക, കേരളീയ സമാന്തര സങ്കേതങ്ങൾ സൃഷ്ടിക്കുന്നതിനായി സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ സാമ്പത്തിക സഹകരണം രൂപപ്പെടുത്താൻ ഒരു ജനാധിപത്യ ഇടം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഈ ചിന്തയിൽ നിന്നാണ് ലോകമെമ്പാടുമുള്ള കേരളീയരെ ഒരു പൊതുവേദിയിൽ ലോക കേരള സഭാ (എൽ.കെ.എസ് ) രൂപീകരിക്കാൻ കേരള സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പ്രവാസികൾക്ക് കേരളത്തിന്‍റെ പ്രവർത്തനങ്ങളിൽ അർഹിക്കുന്ന പങ്കാളിത്തം ഇതുവരെ ലഭിച്ചിട്ടില്ല എന്നതൊരു വസ്തുതയാണ്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കുള്ള സുപ്രധാന ഇടപെടൽ ആയി ലോക കേരള സഭ മാറും എന്ന് പ്രതീക്ഷിക്കുന്നു . പ്രവാസികളുടെ ശബ്ദം ഫലപ്രദമായി രേഖപ്പെടുത്താൻ ഉതകുന്ന വിധത്തില്‍ ആണ് ജനപ്രതിനിധികളും വിവിധ രാജ്യങ്ങളിൽ നിന്നു നാമനിര്‍ദേശം ചെയ്യപ്പെടുന്ന പ്രതിനിധികളും ഉൾക്കൊള്ളുന്ന രീതിയിലാണ് ലോക കേരള സഭ എന്ന വേദി സർക്കാർ രൂപകല്പന ചെയ്തിരിക്കുന്നത്.

ഗള്‍ഫ് പ്രതിസന്ധികാലത്തെ ആടുജീവിതങ്ങള്‍ – ബെന്യാമിന്‍ / അഭിമുഖം

കേരളത്തിന്റെ സാമ്പത്തിക നിലനില്‍പില്‍ വലിയ പങ്ക് പുറം കേരളം വഹിക്കുന്നുണ്ട്. എന്നാല്‍ പ്രവാസികളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയുന്നില്ല. ലോകത്ത് പലരാജ്യങ്ങളുലും വിദേശത്ത് ജീവിക്കുന്നവര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. ഫിന്‍ലാന്‍ഡ്, മെക്സിക്കോ, ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങളിലൊക്കെ ഇത്തരം പ്രവാസി പ്രാതിനിധ്യ സഭകളുണ്ട്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്‌ഥാനം പ്രവാസി പ്രതിനിധ്യത്തിനു ഒരു സഭ രൂപീകരിക്കുന്നത്. പ്രവാസികളെ സംബന്ധിച്ചു അത് കൊണ്ട് തന്നെ ലോക കേരളം സഭ ഒരു പുത്തൻ പ്രതീക്ഷ ആണ്.

കേരളത്തില്‍ സമഗ്ര മേഖലകളിലും ജനാധിപത്യം വികസിപ്പിക്കാന്‍ ശ്രമിച്ച ജനതയാണ് കേരളീയര്‍. കുടുംബശ്രീ, ജനകീയാസൂത്രണം, വികസനസമിതികള്‍ എല്ലാം ഉത്തമ ഉദാഹരണങ്ങൾ ആണ്. എന്നാല്‍ പുറം കേരളത്തെ ഉള്‍ക്കൊള്ളാന്‍ ജനാധിപത്യസംവിധാനം രൂപപ്പെടുത്താന്‍ നമുക്കായിട്ടില്ല.

‘ചരിത്രം നൽകുന്ന പാഠം’ മൗലാനാ വഹീദുദ്ദിൻ ഖാൻ എഴുതിയ വിഖ്യാതമായ ഗ്രന്ഥമാണ്. സങ്കുചിതമായ ചിന്തകളുടെ സീമകൾ ലംഘിച്ചു കൊണ്ട് വിശാലമായ സാമൂഹിക വായനയ്ക്ക് അവസരമൊരുക്കുന്ന ആ ഗ്രന്ഥം, ലോകത്തെ നിരവധി ചരിത്ര വൈപരീത്യങ്ങളും, അനുഭവപാഠങ്ങളും ചര്‍ച്ചയാക്കുന്നുണ്ട്. ബൃഹത്തായ ആലോചനാലോകം തുറന്നിടുന്ന ആ പുസ്തകം അവസാനിക്കുന്നത് സുപ്രസിദ്ധമായ ഒരു പരാമര്‍ശത്തോടെയാണ്. അത് ഇപ്രകാരമാണ് ” ചരിത്രത്തിൽ നിന്നും ആരും ഒന്നും പഠിക്കുന്നില്ല അതാണത്രെ ചരിത്രം നൽകുന്ന ഏറ്റവും വലിയ പാഠം”.

മനസിലേക്ക് പെയ്തിറങ്ങുന്ന മഴ: കുബ്ബൂസ് കാലത്തെ ജീവിതം

ലോക കേരള സഭ എന്ന ആശയത്തിന്റെ പ്രഖ്യാപനത്തോട് കൂടി കേരള സർക്കാർ ചരിത്രത്തിൽ നിന്ന് ചില പാഠങ്ങൾ പഠിക്കുന്നു എന്ന് വേണം കരുതാൻ. അകം കേരളവും പുറം കേരളവും തമ്മിലുള്ള വ്യത്യാസത്തെ നിര്‍ണ്ണയിച്ചിരുന്ന ഘടകങ്ങൾ ദൂരവും സമയവും ആയിരുന്നു. ദൂരവും സമയവും സൃഷ്ടിച്ച വിടവ് അതിവേഗം അപ്രത്യക്ഷമായികൊണ്ടിരിക്കയാണ്. ഇന്ന് കേരളം ജീവിക്കുന്നത് അകം കേരളത്തിൽ മാത്രം അല്ല പുറം കേരളത്തിലും കൂടിയാണ്. പുറം കേരളത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പാക്കാൻ പ്രവാസികൾ എന്ന അസ്തിത്വത്തിനു ഇത് വരെ നൽകാതിരുന്ന ഊന്നൽ നല്കാൻ അവരുടെ ശബ്ദമാവാൻ ലോക കേരള സഭയ്ക്ക് കഴിയും എന്നുതന്നെ പ്രത്യാശിക്കുന്നു.

ജനാധിപത്യത്തെ ‘ആശയങ്ങളുടെ സ്വതന്ത്രവിപണി’യെന്ന് വിശേഷിപ്പിച്ചത് അമേരിക്കന്‍ സുപ്രീംകോടതിയിലെ മുന്‍ ജഡ്ജി, ഒളിവര്‍ വെന്‍ഡല്‍ ഹോമാണ്. പ്രവാസികളുടെ ആശയങ്ങൾ, പ്രശ്നങ്ങൾ, പദ്ധതികൾ ഇവയെല്ലാം ചർച്ച ചെയ്യാനൊരിടം ഒപ്പം പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനും ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്. സുപ്രധാനമായ ഈ രണ്ട് ദൌത്യവും ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ലോക കേരള സഭയുടെ നടപടിക്രമം വിഭാവനം ചെയ്യുന്നത്. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞുപോകുകയല്ല, മറിച്ച് പ്രധാന വിഷയങ്ങള്‍ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചയും, സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാൻ ഉതകുന്ന ഒരു വേദി കൂടി ആയി ലോക കേരള സഭ മാറുമ്പോൾ ജനാധിപത്യത്തിലെ ഒരു പുത്തൻ മാതൃക ആണ് സൃഷ്ടിക്കപ്പെടുന്നത്.

ചരിത്രത്തിലാദ്യമായി ലോക കേരളസഭ ജനുവരി 12, 13 തിയ്യതികളില്‍ തിരുവനന്തപുരത്ത് ചേരും

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:

This post was last modified on December 25, 2017 1:31 pm