X

മസ്തിഷ്‌കമരണം സംഭവിച്ച പ്രവാസി മലയാളിയുടെ അവയവങ്ങള്‍ ദോഹയില്‍ ദാനം ചെയ്തു

മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുറപ്പായത്തോടെ ആശുപത്രി അധികൃതര്‍ അവയവദാനത്തിനായി മാതാപിതാക്കളുമായി ബന്ധപ്പെട്ടു.

ജോബിന്‍സ് ജോസഫ് എന്ന് 28-കാരന്‍ നല്ലൊരു ജീവിതം സ്വപ്‌നം കണ്ടാണ് കഴിഞ്ഞ വര്‍ഷം ഖത്തറിലെത്തുന്നത്. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായ പക്ഷാഘാതം കാരണം ജോബിന്‍സ് ദോഹയിലെ ആശുപത്രിയിലായി. എങ്കിലും പതിയെ ജീവിതത്തിലേക്ക് വന്നുതുടങ്ങുമ്പോള്‍ നില കൂടുതല്‍ വഷളായി. ജോബിന്‍സന് മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുറപ്പായത്തോടെ ആശുപത്രി അധികൃതര്‍ അവയവദാനത്തിനായി മാതാപിതാക്കളുമായി ബന്ധപ്പെട്ടു.

തുടര്‍ന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അവയവ ദാന കാമ്പയ്‌ന്റെ ഭാഗമായി മാതാപിതാക്കളായ, ഇരട്ടി പേരാവൂര്‍ ഉരുപ്പുംകുറ്റി കൊട്ടാരത്തില്‍ ജോസിനോടും സിസിലിയോടും സമ്മതപത്രം ചോദിച്ചു. അവര്‍ സമ്മതപത്രം നല്‍കിയത്തോടെ ജോബിന്‍സന്റെ വൃക്കയും കരളും അവയവദാനത്തിനായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ബുധനാഴ്ച രാവിലെയോടെ ജോബിന്‍സന്റെ മരണം അധികൃതര്‍ സ്ഥിരീകരിച്ചു.

കോട്ടയം സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള ദോഹയിലെ ഷെഫ് ഹൗസ് എന്ന റെസ്റ്റോറെന്റിലായിരുന്നു ജോബിന്‍സന്‍ ജോലി ചെയ്തിരുന്നത്. 2017 സെപ്റ്റംബറിലാണ് ജോബിന്‍സന്‍ ഖത്തറിലെത്തുന്നത്. രണ്ട് മാസം മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് ജോബിന്‍സനെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റെസ്റ്റോറെന്റ് ഉടമ അനീഷും സൂപ്പര്‍വൈസര്‍ ജിന്‍സണും തന്നെയായിരുന്നു ചികിത്സ കാര്യങ്ങളും നോക്കിയിരുന്നത്. ഓഗസ്റ്റ് അവസാനത്തോടെ ജോബിന്‍സണ് ബോധം വന്നിരുന്നുവെങ്കിലും നില പെട്ടെന്ന് വഷളാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു.

This post was last modified on September 13, 2018 5:35 pm