X

“പ്രധാനമന്ത്രി ജോണ്‍സണ്‍ ചെയ്തത് മാന്യതയില്ലാത്ത കാര്യം” – തൊഴില്‍ സെക്രട്ടറി ആംബര്‍ റൂഡ് രാജി വച്ചു

സഹപ്രവർത്തകരായ 21 പേരെ പുറത്താക്കിയ പ്രധാനമന്ത്രിയുടെ നടപടി മാന്യതയില്ലാത്തതാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും ആംബർ റൂഡ് തുറന്നടിച്ചു.

ബ്രിട്ടീഷ് തൊഴില്‍-പെന്‍ഷന്‍ സെക്രട്ടറി ആംബർ റൂഡ് ക്യാബിനറ്റില്‍ നിന്നും നാടകീയമായി രാജി വച്ചതോടെ ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റ്‌ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ‘പാര്‍ട്ടിയിലെ ഏക്കാലത്തേയും വിശ്വസ്തരായ മിതവാദികളായ എം‌പിമാരെ’ പുറത്താക്കുന്നതിന് കൂട്ടുനില്‍ക്കാനാകില്ല എന്ന് പറഞ്ഞാണ് അവര്‍ രാജി സമര്‍പ്പിച്ചത്.

രാജിക്കത്തില്‍ വളരെ രൂക്ഷമായാണ് അവര്‍ ബോറിസ് ജോണ്‍സനെ വിമര്‍ശിച്ചത്. കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള ബില്ലിനെ പിന്തുണച്ചുവെന്ന കാരണത്താല്‍ തന്‍റെ സഹപ്രവർത്തകരായ 21 പേരെ പുറത്താക്കിയ പ്രധാനമന്ത്രിയുടെ നടപടി മാന്യതയില്ലാത്തതാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും ആംബർ റൂഡ് തുറന്നടിച്ചു. ‘നോ ഡീല്‍’ എന്ന തീരുമാനത്തില്‍ ജോണ്‍സണ്‍ ഉറച്ചു നിന്നപ്പോഴും ശുഭാപ്തിവിശ്വാസം ഉണ്ടായതുകൊണ്ടാണ് മന്ത്രിസഭയുടെ ഭാഗമായതെന്ന് അവര്‍ പറഞ്ഞു. എന്നാലിപ്പോള്‍ കരാറോടുകൂടി പുറത്തുപോവുന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നോ ഡീല്‍ ബ്രെക്സിറ്റിനായി സർക്കാർ ‘ധാരാളം ഊർജ്ജം ചെലവഴിക്കുന്നുണ്ട്’. എന്നാല്‍ യൂറോപ്യൻ യൂണിയനുമായുള്ള ചര്‍ച്ചകള്‍ക്ക് അതിന്‍റെ പകുതിപോലും തീവ്രതയില്ല. ഖേദകരമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള അപ്‌ഡേറ്റുകളൊന്നും പ്രതീക്ഷാവഹമല്ല’ റൂഡ്‌ പറഞ്ഞു. ജോൺസന്റെ സ്വന്തം സഹോദരൻ ജോ ജോണ്‍സണ്‍ മന്ത്രിസഭയിൽ നിന്നും രാജി വച്ചതിന് പിന്നാലെയാണ് റൂഡും സമാനമായ തീരുമാനമെടുത്തിരിക്കുന്നത്. സ്വാഭാവികമായും ക്യാബിനറ്റിലെ മറ്റംഗങ്ങള്‍ക്കുമേലും സമാനമായ സമ്മര്‍ദ്ദങ്ങളുണ്ടാകും.

അതേസമയം, ബ്രെക്സിറ്റ് തീയതി നീട്ടി ചോദിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തയ്യാറായില്ലെങ്കിൽ ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് ബ്രിട്ടീഷ് എം.പി.മാർ വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങളെക്കൂടാതെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിൽനിന്ന് പുറത്തുപോയ എം.പി.മാരും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അതിനിടെ ബ്രിട്ടീഷ് പാര്‍ലമന്റ് സസ്പെന്‍ഡ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

This post was last modified on September 8, 2019 8:57 am