X

മലയാളിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രി അടച്ചുപൂട്ടി; ജീവനക്കാര്‍ ആശങ്കയില്‍

ഈ വര്‍ഷം ഏപ്രിലിലും അബുദാബി യൂനിവേഴ്‌സല്‍ ആശുപത്രി താല്‍കാലികമായി അടച്ചുപൂട്ടിയിരുന്നു.

യുഎഇയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂനിവേഴ്‌സല്‍ ആശുപത്രി അടച്ചുപൂട്ടി. സ്‌പോണ്‍സറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്
അബുദാബി ആരോഗ്യവകുപ്പ് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 കിടക്കകളുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ ആശങ്കയിലാണ്.

2013ല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ കഴിഞ്ഞ ആറുമാസത്തിലധികമായി ശമ്പള കുടിശികയുണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ശമ്പളം ലഭിക്കാത്തതിനെക്കുറിച്ചുള്ള പരാതികള്‍ അബുദാബി പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്ത്യക്കാരായ ജീവനക്കാര്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയെന്നും അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നുവെന്നും അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.

ഈ വര്‍ഷം ഏപ്രിലിലും അബുദാബി യൂനിവേഴ്‌സല്‍ ആശുപത്രി താല്‍കാലികമായി അടച്ചുപൂട്ടിയിരുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രോഗികളെ മാറ്റി ആശുപത്രി അടച്ചുപൂട്ടിയത്. എന്നാല്‍ പിന്നീട് ഇവ പരിഹരിച്ച് മേയ് മാസത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ശമ്പള കുടിശിക ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അഞ്ഞൂറോളം ജീവനക്കാര്‍.

This post was last modified on September 7, 2019 5:11 pm